'ഒരേ സമയം റഷ്യക്കും ഉക്രെയ്‌നും സ്വീകാര്യനായ പ്രധാനമന്ത്രി': മോഡിയെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍

'ഒരേ സമയം റഷ്യക്കും ഉക്രെയ്‌നും സ്വീകാര്യനായ പ്രധാനമന്ത്രി': മോഡിയെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍ എംപി. റഷ്യക്കും ഉക്രെയ്‌നും ഒരേ സമയം സ്വീകാര്യനായ പ്രധാനമന്ത്രിയാണ് മോഡി എന്നാണ് പ്രശംസ.

റഷ്യ-ഉക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട മുന്‍ നിലപാട് തെറ്റായിരുന്നെന്നും അത് തിരുത്തിയെന്നും വ്യക്തമാക്കിയാണ് തരൂരിന്റെ പുതിയ പരാമര്‍ശം. ഇന്നലെ ന്യൂഡല്‍ഹിയില്‍ നടന്ന റേസിന ഡയലോഗിലായിരുന്നു തരൂരിന്റെ പ്രസ്താവന.

റഷ്യ-ഉക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഇന്ത്യ ഒരു നിലപാടും സ്വീകരിക്കുന്നില്ലന്നായിരുന്നു തരൂരിന്റെ മുന്‍ വിമര്‍ശനം. ഇരു രാജ്യങ്ങളുടെ പ്രസിഡന്റുമാരുമായി സംസാരിച്ചതല്ലാതെ മോഡി യാതൊരു നിലപാടും സ്വീകരിക്കുന്നില്ലെന്നും തരൂര്‍ അന്ന് പറഞ്ഞിരുന്നു. ഈ നിലപാട് തെറ്റായിപ്പോയെന്നാണ് തരൂരിന്റെ പുതിയ വാദം.

നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടും തരൂര്‍ മോഡിയെ പുകഴ്ത്തിയിരുന്നു. ട്രംപിന്റെ പ്രശംസയ്ക്ക് പിന്നാലെയായിരുന്നു തരൂരിന്റെ വാക്കുകള്‍.

അന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും അദേഹത്തെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി പാര്‍ട്ടിക്ക് വിരുദ്ധമായി സംസാരിക്കരുതെന്ന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അത് മുഖവിലയ്ക്കെടുക്കാതെയാണ് വീണ്ടും മോഡിയെ പുകഴ്ത്തി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്.

രാജ്യസഭയിലും ലോക്സഭയിലുമടക്കം കോണ്‍ഗ്രസ് നേതാക്കള്‍ മോദിക്കും കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ വലിയ വിമര്‍ശനവുമായി മുന്നോട്ടു പോകുമ്പോള്‍ അതിനു വിരുദ്ധമായി മോഡി സ്തുതി നടത്തുന്ന തരൂരിന്റെ നിലപാട് പാര്‍ട്ടിക്ക് വലിയ തലവേദനയായിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ഒരു മുതിര്‍ന്ന നേതാവ് തന്നെ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതിലൂടെ പാര്‍ട്ടി കടുത്ത പ്രതിരോധത്തിലാവുകയാണ്. എന്നാല്‍ തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് പറയുന്നതെന്നായിരുന്നു മുന്‍ വിവാദ നിലപാടുകളില്‍ തരൂരിന്റെ വിശദീകരണം. അതേസമയം തരൂരിന്റെ പുതിയ മോഡി വാഴ്ത്തലില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.