അപേക്ഷയില്‍ നിറയെ അക്ഷരത്തെറ്റ്; വനിതാ എസ്ഐയുടെ അവധി അപേക്ഷയിലൂടെ പുറത്തറിഞ്ഞത് വന്‍ പരീക്ഷാ ക്രമക്കേട്

അപേക്ഷയില്‍ നിറയെ അക്ഷരത്തെറ്റ്; വനിതാ എസ്ഐയുടെ അവധി അപേക്ഷയിലൂടെ പുറത്തറിഞ്ഞത് വന്‍ പരീക്ഷാ ക്രമക്കേട്

ജെയ്പുര്‍: വനിതാ എസ്ഐയുടെ അവധി അപേക്ഷയില്‍ കണ്ടെത്തിയ അക്ഷരത്തെറ്റുകളിലൂടെ പുറത്തുവന്നത് വന്‍ പരീക്ഷാ ക്രമക്കേട്. രാജസ്ഥാന്‍ പൊലീസിലെ എസ്ഐ എഴുതിയ അവധി അപേക്ഷയില്‍ നിറയെ അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയതോടെ ഉയര്‍ന്ന സംശയവും ഇതിന് പിന്നാലെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്(എസ്ഒജി) നടത്തിയ അന്വേഷണവുമാണ് 2021 ല്‍ നടന്ന എസ്ഐ റിക്രൂട്ട്മെന്റ് പരീക്ഷയിലെ കോപ്പിയടി പുറത്തെത്തിച്ചത്.

സംഭവത്തില്‍ വനിതാ എസ്ഐയായ മോണിക്ക, പരീക്ഷാ ക്രമക്കേടിന് സഹായിച്ച കലീര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കലീറിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജയ്പുര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്ന എസ്ഐ മോണിക്ക പിന്നീട് ഒളിവില്‍ പോയി.

കഴിഞ്ഞവര്‍ഷം മോണിക്ക സമര്‍പ്പിച്ച ഒരു അവധി അപേക്ഷയാണ് പരീക്ഷാ ക്രമക്കേട് കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. 2024 ജൂണ്‍ അഞ്ച് മുതല്‍ ജൂലൈ രണ്ട് വരെ മോണിക്ക മെഡിക്കല്‍ അവധിയിലായിരുന്നു. എന്നാല്‍ അവധിക്ക് ആവശ്യമായ മെഡിക്കല്‍ രേഖകള്‍ ഇവര്‍ക്ക് സമര്‍പ്പിക്കാനായില്ല. തുടര്‍ന്ന് ജോലിയില്‍ തിരികെ പ്രവേശിക്കാനായി ഹിന്ദിയില്‍ അവധി സംബന്ധിച്ച് മോണിക്ക ഒരു അപേക്ഷ എഴുതി സമര്‍പ്പിച്ചു.

നവംബര്‍ 11 നാണ് അപേക്ഷ എഴുതിനല്‍കിയത്. പക്ഷേ അപേക്ഷയിലെ പല വാക്കുകളിലും അക്ഷരത്തെറ്റുകള്‍ നിറഞ്ഞുനിന്നത് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചു. ഞാന്‍, ഇന്‍സ്പെക്ടര്‍, പ്രൊബേഷന്‍ തുടങ്ങി ജുന്‍ജുനു എന്ന സ്ഥലപ്പേര് വരെ തെറ്റായാണ് എസ്ഐ എഴുതിയിരുന്നത്. എഴുത്ത് പരീക്ഷയില്‍ ഇത്രയും മാര്‍ക്ക് നേടിയിട്ടും എങ്ങനെയാണ് നിറയെ അക്ഷരത്തെറ്റുകള്‍ വന്നതെന്ന് ഉദ്യോഗസ്ഥര്‍ ചിന്തിച്ചു. തുടര്‍ന്ന് എസ്ഒജി പ്രത്യേക അന്വേഷണം നടത്തിയതോടെയാണ് മോണിക്ക കോപ്പിയടിച്ചാണ് പരീക്ഷ ജയിച്ചതെന്ന് വ്യക്തമായത്. ചോദ്യം ചെയ്യലില്‍ മോണിക്ക കുറ്റം സമ്മതിക്കുകയും ചെയ്തു.

2021 സെപ്റ്റംബറില്‍ അജ്മീറില്‍ നടന്ന പരീക്ഷയ്ക്കിടെ ബ്ലൂടൂത്ത് ഉപകരണം ഉപയോഗിച്ചാണ് മോണിക്ക കോപ്പിയടിച്ചത്. പൗരവ് കലീര്‍ എന്നയാളാണ് ഉത്തരങ്ങള്‍ നല്‍കിയതെന്നും ഇതിനായി 15 ലക്ഷം രൂപ നല്‍കിയെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൗരവ് കലീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

2021 ല്‍ നടന്ന എസ്ഐ റിക്രൂട്ട്മെന്റില്‍ 34-ാം റാങ്ക് നേടിയാണ് മോണിക്ക സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്. ഹിന്ദി പേപ്പറില്‍ മോണിക്കയ്ക്ക് 200 ല്‍ 184 മാര്‍ക്കും പൊതുവിജ്ഞാനത്തില്‍ 200 ല്‍ 161 മാര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും അഭിമുഖ പരീക്ഷയില്‍ വെറും 15 മാര്‍ക്ക് മാത്രമാണ് മോണിക്കയ്ക്ക് നേടാനായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.