ഖുറാന്‍ കത്തിച്ചെന്ന് വ്യാജ പ്രചാരണം നടത്തി: നാഗ്പൂര്‍ സംഘര്‍ഷത്തിന്റെ മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍

ഖുറാന്‍ കത്തിച്ചെന്ന് വ്യാജ പ്രചാരണം നടത്തി: നാഗ്പൂര്‍ സംഘര്‍ഷത്തിന്റെ മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍

മുംബൈ: നാഗ്പൂരില്‍ ഖുറാന്‍ കത്തിച്ചെന്ന വ്യാജ പ്രചാരണം നടത്തി കലാപത്തിന് ആസൂത്രണം ചെയ്ത ഫഹീം ഷമീം ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്വേഷ പ്രസംഗത്തിലൂടെ ഇയാള്‍ കലാപത്തിന് പ്രേരിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍.

നാഗ്പൂരിലെ ചിട്ട്‌നിസ് പാര്‍ക്ക് ഏരിയയില്‍ മാര്‍ച്ച് 17 നാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ 34 പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. തീവ്ര ഇസ്ലാമിസ്റ്റുകള്‍ ഉള്‍പ്പെട്ട സംഘര്‍ഷം ആസൂത്രണം ചെയ്തത് ഫഹീം ഷമീം ഖാനാണെന്നാണ് പൊലീസ് കണ്ടെത്തല്‍. തിങ്കളാഴ്ച്ച രാത്രി തന്നെ ഇയാളെ പൊലീസ് പിടികൂടിയിരുന്നു. മൈനോറിറ്റി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ ഇയാള്‍ വിദ്വേഷ പ്രസംഗത്തിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തതായി പൊലീസ് വ്യക്തമാക്കുന്നു.

ഛത്രപതി സംഭാജിനഗറില്‍ സ്ഥിതി ചെയ്യുന്ന ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ ഖുറാന്‍ കത്തിച്ചുവെന്ന വ്യാജ പ്രചാരണം നടത്തിയതും ഫഹീം ഖാന്‍ ആണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 60 ലധികം പേര്‍ അറസ്റ്റിലാണ്. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.

അക്രമികള്‍ വനിതാ പൊലീസിനെ ലൈംഗികമായി ഉപദ്രവിച്ചതായും എഫ്ഐആറിലുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കലാപത്തിന് ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വ്യക്തമാക്കിയിരുന്നു. നാഗ്പൂരിലെ പത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനജ്ഞ തുടരുകയാണെന്നും നിലവില്‍ സ്ഥിതി ശാന്തമാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.