മലപ്പുറം: മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കി കൊലപ്പെടുത്തിയ കേസിലെ മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി.
ഒന്നാം പ്രതി ഷൈബിന്‍, രണ്ടാം പ്രതി ഷിഹാബ്, ആറാം പ്രതി നിഷാദ് എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഒമ്പതുപേരെ വെറുതെവിട്ടു. കേസ് പരിഗണിച്ച മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശനിയാഴ്ച ശിക്ഷ വിധിക്കും.
2022 ഏപ്രില്‍ 23 ന് ഏതാനും പേര്‍ തന്റെ വീട്ടില്‍ കയറി തന്നെ മര്‍ദിച്ചുവെന്ന ഷൈബിന്‍ അഷ്‌റഫിന്റെ പരാതിയാണ് ഷാബാ ഷെരീഫ് കൊലപാതകക്കേസ് പുറത്തു വരാന്‍ കാരണമായത്.
ഇയാളെ അക്രമിച്ച കേസിലെ അഞ്ച് പ്രതികള്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്‍പില്‍ തീ കൊളുത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയും ഷാബാ ഷെരീഫ് കൊലപാതകമടക്കമുള്ള ഷൈബിന്റെ കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തുകയുമായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
2019 ഓഗസ്റ്റില്‍ മൈസൂരുവില്‍ നിന്ന് തട്ടിക്കൊണ്ടു വന്ന നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ ഒന്നര വര്‍ഷത്തോളം ഷൈബിന്റെ മുക്കട്ടയിലെ വീട്ടില്‍ തടവിലാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. കൊലപാതകവുമായി ബന്ധപ്പെട്ട് ചെറിയ തെളിവുകള്‍ ഷൈബിന്റെ വീട്ടില്‍നിന്ന് ലഭിച്ചിരുന്നു.
എങ്കിലും മൃതദേഹം തള്ളിയതായി പ്രതികള്‍ മൊഴിനല്‍കിയ ചാലിയാര്‍ പുഴയില്‍ എടവണ്ണ സീതിഹാജി പാലത്തിനുസമീപം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഷൈബിന്‍ ഉപയോഗിച്ച കാറില്‍ നിന്ന് ലഭിച്ച മുടി ഷാബാ ഷെരീഫിന്റേതാണെന്ന ഡി.എന്‍.എ. പരിശോധനാ ഫലമാണ് കേസില്‍ നിര്‍ണായകമായത്.
മൂലക്കുരു ചികിത്സിച്ചു ഭേദപ്പെടുത്തിയിരുന്ന ഷാബാ ഷെരീഫില്‍ നിന്ന് ഇതിന്റെ ഒറ്റമൂലി രഹസ്യം ചോര്‍ത്താന്‍ 2019 ഓഗസ്റ്റ് ഒന്നിന് നിലമ്പൂര്‍ മുക്കട്ട സ്വദേശിയായ വ്യവസായി ഷൈബിന്‍ അഷ്‌റഫിന്റെ സംഘം അദേഹത്തെ മൈസൂരുവില്‍ നിന്ന് തട്ടിക്കൊണ്ടു വന്ന് മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിക്കുകയും രഹസ്യം കൈമാറാതെ വന്നതോടെ 2020 ഒക്ടോബര്‍ എട്ടിന് കൊലപ്പെടുത്തുകയുമായിരുന്നു.
ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോര്‍ത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.