തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ നോര്‍ക്കാ അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് (നെയിം) പദ്ധതിയില്‍ എംപ്ലോയര്‍ കാറ്റഗറിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
തിരിച്ചെത്തിയ പ്രവാസി മലയാളികള്‍ക്ക് നാട്ടിലെ സംരംഭങ്ങളില്‍ തൊഴില്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് നെയിം.
നോര്‍ക്ക റൂട്ട്‌സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്നവരെ നിയമിക്കുന്ന തൊഴിലുടമക്ക് പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ ദിനങ്ങളിലെ ശമ്പള വിഹിതം സര്‍ക്കാര്‍ നല്‍കും.
സഹകരണ സ്ഥാപനങ്ങള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇ.എസ്.ഐ), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്), ഉദ്യം രജിസ്‌ട്രേഷനുളള സ്വകാര്യ/പബ്ലിക് ലിമിറ്റഡ്/ എല്‍.എല്‍.പി കമ്പനികള്‍, അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവക്ക് രജിസ്റ്റര്‍ ചെയ്യാം.
രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദ വിവരങ്ങള്‍ക്കും www.norkaroots.org വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 0471-2770523 എന്ന ഫോണ്‍ നമ്പറില്‍ പ്രവ്യത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്ത് ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
ദിവസ വേതനത്തിന്റെ 50 ശതമാനം അല്ലെങ്കില്‍ പരമാവധി 400 രൂപ, ഇതില്‍ ഏതാണോ കുറവ് അതാണ് ശമ്പള വിഹിതമായി തൊഴിലുടമക്ക് ലഭിക്കുക. ഇക്കാര്യത്തില്‍ നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ വരെ ശമ്പള വിഹിതം ലഭ്യമാക്കി നെയിം പദ്ധതിപ്രകാരം നിയമിക്കാനാകും.
പ്രവാസികളുടെ തൊഴില്‍ നൈപുണ്യവും അനുഭവ പരിചയവും സംരംഭങ്ങള്‍ക്ക് പ്രയോജനകരമാകുന്നതിനൊപ്പം തിരികെ എത്തിയ പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പ്രവാസി പുനരധിവാസത്തിനായുളള നോര്‍ക്ക റൂട്ട്‌സിന്റെ എന്‍.ഡി.പി.ആര്‍.ഇ.എം, പ്രവാസി ഭദ്രത എന്നീ സംരംഭകത്വ വികസന പദ്ധതികള്‍ക്ക് പുറമേയാണ് നെയിം പദ്ധതി നടപ്പിലാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സര്‍വീസ്) വഴി ബന്ധപ്പെടാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.