ബംഗളുരു: കേന്ദ്ര സര്‍ക്കാരിനെതിരേ നിയമ പോരാട്ടത്തിനൊരുങ്ങി അമേരിക്കന്‍ ശത കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കിന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ 'എക്സ്'.
ഐടി ആക്ടിലെ സെക്ഷന്‍ 79 (3) (ബി) ഉപയോഗിച്ച് ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്താണ് എക്സ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിയമപരമായ നടപടിക്രമങ്ങള്‍ മറികടക്കുകയാണെന്നും ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനായി നിയമ വിരുദ്ധമായ സംവിധാനമുണ്ടാക്കുകയാണെന്നുമാണ് എക്സിന്റെ ആരോപണം.
സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കുള്ള നിയമപരമായ പരിരക്ഷ നഷ്ടപ്പെടുമെന്നാണ് ഐടി ആക്ടിലെ സെക്ഷന്‍ 79 (3) (ബി)യില്‍ പറയുന്നത്.
എന്നാല്‍ ഈ സെക്ഷന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നില്ലെന്നാണ് എക്സിന്റെ വാദം. ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള വിശദമായ നടപടിക്രമങ്ങള്‍ പ്രതിപാദിക്കുന്ന സെക്ഷന്‍ 69 (എ)യെ മറികടക്കാനായി സെക്ഷന്‍ 79 (3) (ബി) സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
രാജ്യസുരക്ഷ ഉള്‍പ്പെടെയുള്ള പ്രത്യേക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാത്രമേ സെക്ഷന്‍ 69 (എ) പ്രകാരം ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ അനുവദിക്കുന്നുള്ളൂ. ഇതിനായി അവലോകന നടപടി ക്രമങ്ങളും ആവശ്യമാണ്. എന്നാല്‍, സെക്ഷന്‍ 73 (3) (ബി)യില്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിന് വ്യക്തമായ നിയമങ്ങളൊന്നുമില്ല.
മാത്രമല്ല ഇതിലൂടെ കൃത്യമായ പരിശോധനയില്ലാതെ ഉള്ളടക്കം നീക്കം ചെയ്യാന്‍ അനുവാദം നല്‍കുകയാണെന്നും ഇത് ഇന്ത്യയില്‍ വ്യാപകമായ സെന്‍സര്‍ഷിപ്പിന് കാരണമാകുമെന്നും എക്സ് ആരോപിച്ചു. സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ തങ്ങളുടെ ഇന്ത്യയിലെ ബിസിനസിനെ ബാധിക്കുന്നതായും പ്ലാറ്റ്ഫോമിന്റെയും ഉപയോക്താക്കളുടെയും വിശ്വാസ്യത തകര്‍ക്കുമെന്നും എക്സ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
സെക്ഷന്‍ 79 (3) (ബി) പ്രകാരമുള്ള ഉത്തരവുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ 'സഹ് യോഗ്' പോര്‍ട്ടലില്‍ ചേരാനായി സര്‍ക്കാര്‍ ചെലുത്തുന്ന സമ്മര്‍ദത്തെയും എക്സ് ഹര്‍ജിയില്‍ എതിര്‍ക്കുന്നു.
സഹ് യോഗ് പോര്‍ട്ടല്‍ ഒരു സെന്‍സര്‍ഷിപ്പ് പോര്‍ട്ടലാണെന്നും ഇതിന് നിയമപരമായ അടിസ്ഥാനമില്ലെന്നും ഇതിലേക്ക് പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ കമ്പനികളെ നിര്‍ബന്ധിക്കാനാകില്ലെന്നുമാണ് എക്സിന്റെ വാദം. 2021 ലെ ഐടി നിയമങ്ങള്‍ പ്രകാരമുള്ള ചട്ടങ്ങളെല്ലാം തങ്ങളുടെ കമ്പനി പിന്തുടരുന്നുണ്ടെന്നും എക്സ് ഹര്‍ജിയില്‍ അറിയിച്ചു.
ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനായി ഒരു സമാന്തര സംവിധാനം സൃഷ്ടിക്കാന്‍ കേന്ദ്ര ഐടി മന്ത്രാലയം മറ്റുള്ള മന്ത്രാലയങ്ങളെയും സംസ്ഥാനങ്ങളെയും പൊലീസിനെയും പ്രോത്സാഹിപ്പിക്കുകയാണെന്നും എക്സ് കുറ്റപ്പെടുത്തി.
ഇതിന് തെളിവായി ഉള്ളടക്കം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രാലയം അയച്ച ഉത്തരവുകളുടെ പകര്‍പ്പുകളും എക്സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.