മുംബൈ: കല്പന പാലിക്കുന്നവൻ തന്റെ ജീവൻ സംരക്ഷിക്കുന്നു; ഉപദേശത്തെ നിന്ദിക്കുന്നവൻ മൃതിയടയും (സുഭാഷിതങ്ങൾ 19:16). ഈ വചനത്തെ മുൻ നിർത്തി മലങ്കര ഓർത്തഡോക്‌സ് സഭാ മുംബൈ ഭദ്രാസനം തങ്ങളുടെ സുവർണ ജൂബിലിക്കായി ഒരുങ്ങുകയാണ്. ജൂബിലിക്ക് മുന്നോടിയായി അഞ്ചു വർഷം നീളുന്ന ആത്മീയവും ഭൗതികവുമായ വ്യത്യസ്തമാർന്ന കർമ്മപദ്ധതികൾക്ക് തുടക്കമായി.
ആത്മീയം, വിദ്യാഭ്യാസം, സാമൂഹികം, ജീവകാരുണ്യം, അടിസ്ഥാന വികസനം തുടങ്ങിയ മേഖലകളിലായി നിരവധി പദ്ധതികൾക്ക് ഭദ്രാസനം നേതൃത്വം നൽകും. ആത്മീയമായ ഉൾക്കാഴ്ചയ്‌ക്കൊപ്പം ഭൗതിക ഉന്നതി കൂടി കൈവരിക്കുന്നതിന് പ്രചോദനമേകുന്ന പദ്ധതികൾ സാമൂഹിക വികസനരംഗത്ത് രാജ്യത്തിന് പുതിയ മാതൃകയാകുമെന്ന് ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.
വിവിധ വൈജ്ഞാനിക മേഖലകളിൽ നൈപുണ്യ വികസനത്തിനും പ്രായോഗിക പരിശീലനത്തിനും പ്രാമുഖ്യം നൽകുന്ന തിയോ യൂണിവേഴ്സിറ്റി, ഗ്രിഗോറിയൻ കമ്മ്യൂണിറ്റിയുടെ ആവിഷ്‌കാരം, ആത്മീയ പഠന കോഴ്സുകൾ, സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികൾ, എക്യുമെനിക്കൽ കൂട്ടായ്മ എന്നിവ നടപ്പാക്കും. ചേരികളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന പദ്ധതികളും പകൽസമയം പഠനത്തിന് നീക്കിവയ്ക്കാനാകാത്ത വിദ്യാർത്ഥികൾക്കായി നിശാ സ്‌കൂളുകളും സജ്ജീകരിക്കും. കൂടാതെ, ക്യാൻക്യുവർ ഹെൽത്ത് പ്രോഗ്രാം, വൃക്കരോഗികൾക്ക് ചികിത്സാ സഹായം, ജൈവ കൃഷിരീതികളുടെ പ്രചാരണം എന്നിവയും ഉറപ്പാക്കും.
പദ്ധതി നിർവഹണത്തിന് ഏഴംഗ കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്. ഭദ്രാസന സെക്രട്ടറി ഫാ തോമസ് കെ. ചാക്കോ, ഫാ ബെഞ്ചമിൻ സ്റ്റീഫൻ, ഫാ തോമസ് മ്യാലിൽ, ഫാ ജോയ് എം സ്‌കറിയ, ഫാ സ്‌കറിയ വർഗീസ്, ബെൻ കുര്യാക്കോസ്, സജീവ് പി രാജൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.