കുന്നോത്ത് പള്ളിയിലെ അനാവശ്യ വിവാദം; വിശ്വാസികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു

കുന്നോത്ത് പള്ളിയിലെ അനാവശ്യ വിവാദം; വിശ്വാസികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു

കുന്നോത്ത്: കണ്ണൂർ  ജില്ലയിലെ കുന്നോത്ത് സെൻ്റ് തോമസ് പള്ളിയുമായി ബന്ധപ്പെടുത്തി ഇടവക വികാരിയെയും പള്ളി ഭരണസമിതിയേയും അധിക്ഷേപിക്കാൻ മാധ്യമങ്ങളിലൂടെ ചില തൽപരകക്ഷികൾ നടത്തുന്ന ശ്രമങ്ങൾ മര്യാദയുടെ സകല സീമകളും ലംഘിക്കുന്നതിൽ വിശ്വാസികൾക്കിടയിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.

ഒരു കുട്ടിക്ക് രോഗീലേപനവും മറ്റ് കൂദാശകളും നൽകാൻ ഇടവക വികാരി വൈമുഖ്യം കാട്ടി എന്ന ആരോപണത്തിൽ നിന്നാണ് വിവാദം ആരംഭിക്കുന്നത്. എന്നാൽ ഭവനത്തിലെത്തി ശുശ്രൂഷകൾ നൽകുന്നതിന് കാലവിളംബം വരുത്തിയത്  കുട്ടിയുടെ പിതാവിൻ്റെ നിർദ്ദേശങ്ങളായിരുന്നു  എന്ന സത്യം ബോധപൂർവം മറച്ചു പിടിച്ചു കൊണ്ടാണ് ഈ ആരോപണം ഉന്നയിക്കുന്നത്. രോഗബാധിതനായി ആശുപത്രിയിൽ ആയിരുന്ന കുട്ടിക്ക് രോഗീലേപനവും ഇതര കൂദാശകളും വികാരിയച്ചൻ മുൻകൈ എടുത്ത് നൽകി എന്ന സത്യവും മാധ്യമ വിചാരണക്കാർ വിസ്മരിക്കുന്നത് ദുഖകരമാണെന്ന് അൽമായ നേതാക്കൾ സീ- ന്യൂസിനോട് പറഞ്ഞു.

കുട്ടിയുടെ മൃതസംസ്ക്കാര ശുശ്രൂഷയ്ക്ക് കാർമ്മികത്വം വഹിച്ചതും വികാരിയച്ചനാണെന്ന വസ്തുത പള്ളി ഭരണ സമിതി ചൂണ്ടി കാട്ടുന്നു. മരണത്തിൻ്റെ അനുസ്മരണ ദിനത്തിൽ ഭവനത്തിലെ കർമ്മങ്ങൾക്ക് നേതൃത്വം നൽകിയത് കുട്ടിയുടെ ബന്ധുവായ വൈദീകനാണ്. പ്രസ്തുത ദിവസം താൻ സ്ഥലത്തുണ്ടായിരിക്കുകയില്ല എന്ന വിവരം വികാരിയച്ചൻ മുൻകൂട്ടി അറിയിച്ചിരുന്നതുമാണ്. കടുംബ ബന്ധുവായ വൈദീകൻ  ഭവനത്തിലെ തിരുക്കർമ്മങ്ങൾ യഥാസമയം നിർവ്വഹിച്ചു എന്ന സത്യവും വ്യാജ പ്രചാരകർ ബോധപൂർവം മറച്ചുവയ്ക്കുകയാണ്.  

ഈ വിഷയങ്ങളിൽ കുട്ടിയുടെ കുടുംബാംഗങ്ങൾക്ക് ഏതെങ്കിലും തരത്തിൽ മനോവിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ അത് അതിരൂപതാധ്യക്ഷൻ്റെ പക്കൽ ചർച്ച ചെയ്ത് രമ്യമായി പരിഹരിച്ചിരുന്നതുമാണ്. എന്നാൽ, ചില സഭാ വിരുദ്ധ ഗ്രൂപ്പുകൾ  ആ ഇടവകയെയും വികാരിയച്ചനെയും അപമാനിക്കാനായി എഴുതി തയ്യാറാക്കിയ നാടകം പോലെ കാര്യങ്ങൾ പരിണമിക്കുന്നതിൽ വിശ്വാസികൾ രോഷാകുലരാണ്.

സാമൂഹിക മാധ്യമങ്ങളിലൂടെ രാഷ്ടീയ നേതാക്കളെയും വൈദീകരെയും നാട്ടുകാരെയം വ്യക്തിഹത്യ നടത്തുന്നത് പതിവാക്കിയിരുന്ന സമീപ ഇടവകക്കാരനായ ഒരാൾ ഈ സംഭവത്തെ തൻ്റെ പതിവ് ശൈലിയിൽ സഭാ വിരുദ്ധത പ്രചരിപ്പിക്കാൻ ഉപയോഗിച്ചു എന്നതാണ് രണ്ടാമത്തെ വിവാദം. മേൽപറഞ്ഞ വ്യക്തിക്കെതിരായി പൊതു സമൂഹത്തിൽ നിലനിന്നിക്കുന്ന എതിർപ്പ് ഈ സംഭവത്തിലൂടെ കൂടുതൽ വർദ്ധമാനമായി എന്നതാണ് സത്യം. ഇതിൻ്റെ ഫലമായി പൊതു സമൂഹം നടത്തിയ പ്രതികരണത്തിൽ കുന്നോത്ത് ഇടവകയ്ക്കോ വികാരിയച്ചനോ യാതൊരു പങ്കുമില്ല. ഈ സംഭവം നടക്കുമ്പോൾ പള്ളിമേടയിൽ ഇല്ലാതിരുന്ന വികാരിയച്ചൻ്റെ പേര് പ്രസ്തുത സംഭവത്തിലേക്ക് വലിച്ചിഴച്ചത് തികച്ചും ദുരുദ്ദേശ്യപരമാണ്.

സാമൂഹ്യ മാധ്യമങ്ങളിൽ അപമാനകരമായ വാർത്ത പ്രസിദ്ധീകരിച്ച  വ്യക്തിയെ ബലമായി പിടിച്ചു കൊണ്ടുവന്നു എന്നതും മർദ്ദിച്ചുവെന്നതും പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ പ്രചരിപ്പിക്കുന്ന വ്യാജ ആരോപണങ്ങളാണ്. മേൽപറഞ്ഞ വ്യക്തി സ്വന്തം വാഹനത്തിലാണ് കുന്നോത്ത് പള്ളിക്കൽ എത്തിയതെന്ന് ഈ വ്യക്തി തന്നെ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പോലീസ് അധികാരികളുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചകളുടെ വെളിച്ചത്തിൽ പൊതുവികാരം മാനിച്ച് പ്രതി നടത്തിയ മാപ്പപേക്ഷയെ മനുഷ്യാവകാശലംഘനമായി ചിത്രീകരിക്കുന്നത് വിരോധാഭാസമാണ്.

എന്നാൽ, പ്രസ്തുത വ്യക്തി മൂലം നാളിതുവരെയും അപമാനിതരായ മനുഷ്യരുടെ  അവകാശങ്ങളെക്കുറിച്ച് തല്പപരകക്ഷികൾ ബോധപൂർവ്വം നടത്തുന്ന മൗനം കുറ്റകരമാണ്. തങ്ങളുടെ ഇടയനെ അകാരണമായി തേജോവധം ചെയ്യാൻ ശ്രമിച്ച വ്യക്തിയോട് വിശ്വാസികളുടെ സൂഹത്തിന് പ്രതിഷേധം ഉണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്. എന്നാൽ സഭയ്ക്കെതിരായി പ്രചാരണം നടത്തുന്നത് ഉപജീവന മാർഗമായി സ്വീകരിച്ച ചില വിഘടിത ഗ്രൂപ്പുകൾ ഈ വിഷയത്തിൽ നടത്തുന്ന അനാവശ്യ വിവാദങ്ങൾ അപലപനീയമാണെന്ന് ഇടവകാ പ്രതിനിധികൾ ചൂണ്ടികാട്ടി. നിയമ പാലകരുടെ പക്കലുള്ള വിഷയത്തിൽ സഭാ നിന്ദയും വൈദിക വിദ്വേഷവും പരത്തുന്നത് തുടർന്നാൽ കർക്കശമായി നേരിടുമെന്ന് വിവിധ അൽമായ സംഘടനകളുടെ സംയുക്ത യോഗം മുന്നറിയിപ്പ് നൽകി .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.