ബൺബറിക്ക് പുതിയ ഇടയൻ; ബിഷപ്പ് ജോർജ് കൊളോഡ്‌സീജ് എസ്‌.ഡി‌.എസ് ബൺബറിയിലെ അഞ്ചാമത്തെ ബിഷപ്പായി നിയമിതനായി

ബൺബറിക്ക് പുതിയ ഇടയൻ; ബിഷപ്പ് ജോർജ് കൊളോഡ്‌സീജ് എസ്‌.ഡി‌.എസ് ബൺബറിയിലെ അഞ്ചാമത്തെ ബിഷപ്പായി നിയമിതനായി

പെർത്ത്: ബൺബറിയിലെ അഞ്ചാമത്തെ ബിഷപ്പായി ബിഷപ്പ് ജോർജ് കൊളോഡ്‌സീജ് എസ്‌.ഡി‌.എസിനെ നിയമിച്ചു. ബൺബറി സെന്റ് പാട്രിക്സ് കത്തീഡ്രലിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ഓസ്‌ട്രേലിയൻ കത്തോലിക്കാ ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റും പെർത്തിലെ ആർച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റെല്ലോ എസ്.ഡി.ബി, ആർച്ച് ബിഷപ്പ് ബാൽവോ, ഓസ്‌ട്രേലിയയിലുടനീളമുള്ള ബിഷപ്പുമാർ, പെർത്ത് - ബൺബറി രൂപതകളിലെ വൈദികർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, വിദേശത്ത് നിന്നും രാജ്യത്തുടനീളവുമുള്ള മറ്റ് അതിഥികളും പങ്കെടുത്തു.

"ഇന്ന് എന്റെ ഹൃദയം സന്തോഷിക്കുന്നു. ഇവിടെ ആയിരിക്കാൻ സാധിച്ചതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു. നിങ്ങളുടെ പ്രാർത്ഥനകൾ ഞാൻ അഭ്യർത്ഥിക്കുന്നു, കർത്താവിന്റെ വിശ്വസ്ത ദാസനും ഈ രൂപതയ്ക്ക് വേണ്ടി സമർപ്പിതനുമായ ബിഷപ്പുമാകാൻ എനിക്ക് സാധിക്കട്ടെ."- വിശുദ്ധ കുർബാനക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ബിഷപ്പ് കൊളോഡ്‌സീജ് പറഞ്ഞു.

"ബൺബറിയിലെ ദേവാലയത്തിൽ സുവിശേഷം പങ്കുവെക്കാനും ഇവിടെ താമസിക്കുന്നവർക്കും നമ്മെ സന്ദർശിക്കുന്നവർക്കും ദൈവസ്നേഹം പകരുവാനും ശ്രമിക്കും. ദൈവത്തിന്റെ സ്നേഹം പങ്കിടാൻ എല്ലാ സ്ഥലങ്ങളിലേക്കും എല്ലാ പ്രാന്തപ്രദേശങ്ങളിലേക്കും എത്തിച്ചേരാൻ വിളിക്കപ്പെട്ട ഒരു മിഷനറി സഭയാണ് നമ്മൾ." ബിഷപ്പ് കൊളോഡ്‌സീജ് പറഞ്ഞു.

ബിഷപ്പ് ജോർജിനെ വിശുദ്ധ യൗസേപ്പിതാവിനോടാണ് ആർച്ച് ബിഷപ്പ് കോസ്റ്റെല്ലോ ഉപമിച്ചത്. "വിശുദ്ധ യൗസേപ്പിതാവ് ഉറക്കത്തിൽ നിന്നെഴുനേറ്റ് ദൂതൻ പറഞ്ഞത് പോലെ ചെയ്തു. ബിഷപ്പ് ജോർജും അങ്ങനെ തന്നെയാണ്. ഫ്രാൻസിസ് മാർപ്പാപ്പയുടെ അഭ്യർത്ഥനയിലൂടെ കർത്താവ് ആവശ്യപ്പെട്ടത് അനുവർത്തിച്ചു." - ആർച്ച് ബിഷപ്പ് കോസ്റ്റെല്ലോ പറഞ്ഞു.

പോളണ്ടിലെ ഡോബ്രയിലാണ് ബിഷപ്പ് ജോർജിന്റെ ജനനം. 2018 ഒക്ടോബർ മുതൽ ഓസ്‌ട്രേലിയയിലെ സാൽവറ്റോറിയൻമാരുടെ സുപ്പീരിയർ ചുമതല നിർവഹിച്ചുവരികയായിരുന്നു. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ കാത്തലിക് എഡ്യൂക്കേഷന്റെ ചാപ്ലെയിനായും സേവനമനുഷ്ഠിക്കുന്നുണ്ട്.

1994-ൽ ക്രാക്കോവ് ആർച്ച് ബിഷപ്പ് കർദിനാൾ ഫ്രാൻസിസ്സെക് മച്ചാർസ്കിയാൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. പെർത്ത് അതിരൂപതയിലും ബൺബറി രൂപതയിലും അജപാലന ശുശ്രൂഷകൾ നിർവഹിച്ചു.ഗ്രീൻമൗണ്ട്, ചിഷോം കാത്തലിക് കോളേജ് എന്നീ ഇടവകകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 1999 ഡിസംബറിൽ ഓസ്‌ട്രേലിയയിലെ സാൽവറ്റോറിയൻ മേഖലയുടെ വൈസ് സുപ്പീരിയറായി തിരഞ്ഞെടുക്കപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.