അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിവാദ വിധിയില്‍ പ്രതിഷേധം ശക്തമാകുന്നു; സുപ്രീം കോടതി ഇടപെടണമെന്ന് ആവശ്യം

അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിവാദ വിധിയില്‍ പ്രതിഷേധം ശക്തമാകുന്നു; സുപ്രീം കോടതി ഇടപെടണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമോ ബലാത്സംഗ ശ്രമമോ അല്ല എന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി രാം മനോഹര്‍ നായാരണ്‍ മിശ്രയുടെ വിവാദ വിധിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു.

വിധി റദ്ദാക്കണമെന്നും വിഷയത്തില്‍ സുപ്രീം കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തി. ഇത്തരമൊരു വിധി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ഇക്കാര്യത്തില്‍ സുപ്രീം കോടതി ഇടപെടണമെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂര്‍ണ ദേവി പറഞ്ഞു.

ജഡ്ജിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷിക ശോഭ ഗുപ്തയും രംഗത്തെത്തി. ജഡ്ജിയുടെ വ്യാഖ്യാനം തെറ്റാണെന്നും നിയമത്തെക്കുറിച്ചുള്ള തങ്ങളുടെ ധാരണയെ ഈ ഉത്തരവ് ഞെട്ടിച്ചുവെന്നും അവര്‍ പറഞ്ഞു.

വിധിയുടെ പശ്ചാത്തലത്തില്‍ ശോഭ ഗുപ്ത തന്റെയും ലിംഗസമത്വം, വിദ്യാഭ്യാസം, സ്ത്രീകള്‍ക്കുള്ള പിന്തുണ എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയായ 'വീ ദി വിമന്‍ ഓഫ് ഇന്ത്യ'യുടെയും പേരില്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതി.

പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും നീര്‍ച്ചാലിലൂടെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ കുറ്റമോ, ബലാത്സംഗ ശ്രമമോ ചുമത്താന്‍ തക്കതായ കാരണമല്ലെന്ന വിചിത്രമായ വാദമാണ് ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്ര ഉന്നയിച്ചത്.

പവന്‍, ആകാശ് എന്നിവരുടെ പേരില്‍ കീഴ്ക്കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിചിത്ര നിരീക്ഷണമുണ്ടായത്. ബലാത്സംഗവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചാണ് ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്ര ഇത്തരത്തില്‍ ഒരു വിവാദ പരാമര്‍ശം നടത്തിയത്.

ശോഭ ഗുപ്തയെ കൂടാതെ മറ്റ് അഭിഭാഷകരും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കത്തെഴുതിയിട്ടുണ്ട്. അതേസമയം രാജ്യത്ത് സ്ത്രീകളെ പൂര്‍ണമായും അവഗണിക്കുന്ന രീതി വളരെ വെറുപ്പുളവാക്കുന്നതാണെന്നും ഇതിനെ നമ്മള്‍ മറികടക്കേണ്ടതുണ്ടെന്നും വിധിയുടെ പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ജൂണ്‍ മാലിയ പ്രതികരിച്ചു.

വളരെ നിര്‍ഭാഗ്യകരമായ വിധിയാണെന്നും വിധി കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ഡല്‍ഹി വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയും എഎപി എംപിയുമായ സ്വാതി മാലിവാള്‍ പറഞ്ഞു. ഈ വിധിന്യായത്തിന് പിന്നിലെ യുക്തി മനസിലാകുന്നില്ലെന്നും വിഷയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ടതുണ്ടെന്നും മാലിവാള്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.