കേരളത്തില്‍ ലഹരി ഉപയോഗം മുമ്പെങ്ങുമില്ലാത്ത തരത്തില്‍ വ്യാപിക്കുകയാണ്. അതിന്റെ ഭീകരത നമ്മുടെ വീട്ടുപടിക്കല്‍ വരെ എത്തിക്കഴിഞ്ഞു. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമിടയിലാണ് ലഹരി ഉപയോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാണ്. നാട് വലിയൊരു വിപത്തിലേയ്ക്ക് നീങ്ങുമ്പോള്‍ അടിസ്ഥാന രഹിതമായ വ്യാജ വാര്‍ത്തകള്‍ പുറത്തുവിടുന്ന സംഘങ്ങളും സജീവമാണ്.
അതിന് വലിയൊരു ഉദാഹരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ. കുട്ടികള്‍ക്ക് ലഹരി മരുന്ന് എത്തിച്ച് നല്‍കിയതിന് പള്ളി വികാരി അറസ്റ്റിലായെന്ന രീതിയിലുള്ള ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. ഈ വീഡിയോയുടെ യാഥാര്‍ത്ഥ്യം ഒരു ദേശീയ മാധ്യമത്തിന്റെ കേരള ഘടകമാണ് പുറത്തുകൊണ്ടു വന്നത്.
പ്രചരിക്കുന്ന വീഡിയോയില്‍ ഒരു കെട്ടിടത്തിന് മുന്നില്‍ ആളുകള്‍ കൂടി നില്‍ക്കുന്നതും പൊലീസുകാര്‍ ഒരു വൈദികനെ കൂട്ടി നടന്നു പോകുന്നതുമാണ് ഉള്ളത്. ഇത് കുട്ടികള്‍ക്ക് ലഹരി മരുന്ന് എത്തിച്ച് നല്‍കിയതിന് പള്ളി വികാരിയെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന തരത്തിലാണ് പ്രചരിക്കുന്നത്. എന്നാല്‍ ദേശീയ മാധ്യമത്തിന്റെ ഫാക്ട് ചെക് വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത് തികച്ചും വ്യത്യസ്തമായ മറ്റൊരു വസ്തുതയാണ്. വൈദികന്‍ കുര്‍ബാനയ്ക്കെത്താത്തതിനെ തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ തടഞ്ഞുവയ്ക്കുകയും പൊലീസ് എത്തി മോചിപ്പിക്കുകയും ചെയ്ത ദൃശ്യങ്ങളാണിത്.
'ആരെയാണ് വിശ്വസിക്കുക കൊച്ചി പള്ളുരുത്തിയില്‍ കുട്ടികള്‍ക്ക് ലഹരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കുതിരകൂര്‍ കരിയിലെ വികാരിയച്ചനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍'- എന്നെഴുതിയ വ്യാജ ഫെയ്സ്ബുക് പോസ്റ്റിലെ വിവരങ്ങള്‍ ഉപയോഗിച്ച് കീവേര്‍ഡ് സെര്‍ച്ച് നടത്തിയപ്പോള്‍ 2023 ജൂണ്‍ 27 ന് ഒരു ഫെസ്ബുക്ക് പേജില്‍ ഈ വീഡിയോ പങ്കുവച്ചുകൊണ്ട് നല്‍കിയ വിശദീകരണം ലഭ്യമായി.
കൊച്ചി പള്ളൂരുത്തിയില്‍ കുട്ടികള്‍ക്ക് ലഹരിമരുന്ന് നല്‍കിയ കുതിരക്കൂര്‍ കരിയിലെ വികാരിയച്ചന്‍ പൊലീസ് കസ്റ്റഡിയില്‍ എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളും വീഡിയോകളും തെറ്റാണെന്ന് മാത്രമല്ല, സദാചാര പൊലീസിങുമാണെന്ന് തുടങ്ങുന്ന ദീര്‍ഘമായ പോസ്റ്റായിരുന്നു അത്. 2023 ജൂണ്‍ 25 ന് നടന്ന സംഭവമാണ് ഇപ്പോള്‍ മറ്റൊരു തരത്തില്‍ പ്രചരിക്കുന്നത്.
ഫെയ്സ്ബുക് പോസ്റ്റില്‍ നിന്നുള്ള സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ കൊച്ചിയിലെ ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട സ്ഥലമാണ് കുതിരക്കൂര്‍ കരി എന്ന് വ്യക്തമായി. തുടര്‍ന്ന് ചെല്ലാനം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോസ് മരിയാദാസിനെ ബന്ധപ്പെട്ടു. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അദേഹം വ്യക്തമാക്കി. വീഡിയോയിലുള്ള സംഭവം 2023 ല്‍ നടന്നതാണ്. ലഹരി മരുന്ന് കച്ചവടം നടത്തിയതിന്റെ വീഡിയോ അല്ലത്. പള്ളിയിലെ വികാരി അച്ചന്‍ തനിക്ക് സുഖമില്ലെന്ന കാരണത്താല്‍ കുര്‍ബാനയ്ക്ക് എത്തിയില്ല. തുടര്‍ന്ന് വിശ്വാസികളായ പ്രദേശവാസികള്‍ പള്ളിമേടയില്‍ എത്തി അച്ചനെ തടഞ്ഞുവയ്ക്കുകയായിരുന്നു. ജനങ്ങള്‍ വൈകാരികമായി പ്രതികരിച്ചതിനാല്‍ അച്ചന്റെ സുരക്ഷയെ കരുതി പൊലീസ് അവിടെ നിന്ന് മാറ്റിയതാണെന്ന് ജോസ് മരിയാദാസ് വ്യക്തമാക്കുന്നു.
സംഭവം നടന്ന കുതിരക്കൂര്‍ കരി ഫാത്തിമാ മാതാ പള്ളിയുടെ സമീപമുള്ള ഫോട്ടോഗ്രാഫര്‍ വി.ബി ലീനച്ചനുമായും അന്വേഷണ സംഘം സംസാരിച്ചു. തനിക്ക് നേരിട്ടറിയാവുന്ന സംഭവമാണിതെന്ന് അദേഹം വ്യക്തമാക്കി. സംഭവം ലഹരി മരുന്ന് കച്ചവടമൊന്നുമല്ല. വീഡിയോയില്‍ കാണുന്ന അച്ചന്‍ കുര്‍ബാനയ്ക്ക് എത്തിയില്ല. ഇതോടെ ചില വിശ്വാസികള്‍ അച്ചനെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഈ സംഭവത്തില്‍ പൊലീസ് കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അദേഹം പറയുന്നു. പിന്നീട് ഈ വൈദികന്‍ സ്ഥലം മാറി പോകുകയും ചെയ്തു. ഇതിനെ അനാവശ്യമായി വര്‍ഗീയ രീതിയില്‍ ചിലര്‍ ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണെന്ന് ലീനച്ചന്‍ പറയുന്നു.
വിശദമായ വിവരങ്ങള്‍ക്കായി സംഘം ഫാത്തിമ മാതാ പള്ളി ഉള്‍പ്പെടുന്ന കണ്ണമാലി പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു. വൈറല്‍ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും. സോഷ്യല്‍ മീഡിയ പ്രചാരണം തികച്ചും വസ്തുതാ വിരുദ്ധമാണെന്നും പൊലീസ് തന്നെ വ്യക്തമാക്കി. ഇത് 2023 ല്‍ നടന്ന സംഭവമാണ്. കുര്‍ബാനയ്ക്കെത്താത്ത വികാരിയെ തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഈ വിഷയത്തിലെ ആരോപണം എല്ലാം തെറ്റാണ്. ജനക്കൂട്ടം രോഷാകുലരായതിനാല്‍ അച്ചനെ സ്ഥലത്ത് നിന്ന് മാറ്റിയതാണ് സംഭവം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കണ്ണമാലി പൊലീസ് വ്യക്തമാക്കി.
സഹചര്യങ്ങള്‍ മുതലെടുത്ത് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന ചില കുബുദ്ധികളാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍. ഇതിനെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാകണം. അല്ലാത്തപക്ഷം ഇത്തരം വ്യാജ പ്രചാരണങ്ങള്‍ വര്‍ധിക്കുകയും നിരപരാധികള്‍ അകാരണമായി ക്രൂശിക്കപ്പെടും ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.