ന്യൂഡല്‍ഹി: വംശീയ കലാപത്തില്‍ തകര്‍ന്ന മണിപ്പൂര്‍ സന്ദര്‍ശിക്കുന്ന സുപ്രീം കോടതി ജഡ്ജിമാരുടെ സംഘത്തിലെ അംഗം ജസ്റ്റിസ് എന്‍.കോടീശ്വര്‍ സിങ് കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂര്‍ സന്ദര്‍ശിക്കില്ല.
മെയ്‌തേയി
വിഭാഗത്തില്‍പ്പെട്ട ജസ്റ്റിസ് എന്‍.കെ.സിങ് കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂര്‍ സന്ദര്‍ശിച്ചാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് തീരുമാനം. ജസ്റ്റിസ് എന്‍.കെ.സിങ് കുക്കി ഭൂരിപക്ഷ മേഖല സന്ദര്‍ശിക്കില്ലെന്ന കാര്യം ചുരാചന്ദ്പൂര്‍ ജില്ലാ ബാര്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചു.
ജഡ്ജിമാരുടെ സന്ദര്‍ശനം സംബന്ധിച്ച് മണിപ്പൂര്‍ സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി പുറത്തിറക്കിയ ആദ്യ അറിയിപ്പ് പ്രകാരം ജസ്റ്റിസ് എന്‍.കെ.സിങും ചുരാചന്ദ്പൂരിലെ ക്യാമ്പ് സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇന്നലെ പുറത്തിറക്കിയ പുതിയ അറിയിപ്പില്‍ ചുരാചന്ദ്പൂര്‍ സന്ദര്‍ശിക്കുന്ന ജഡ്ജിമാരുടെ പട്ടികയില്‍ നിന്ന് സിങിന്റെ പേര് ഒഴിവാക്കി. സമാധാനം ഉറപ്പ് വരുത്തുന്നതിനാണ് ജസ്റ്റിസ് സിങ് ചുരാചന്ദ്പൂര്‍ ജില്ലയില്‍ പ്രവേശിക്കാത്തത് എന്നാണ് ജില്ലാ ബാര്‍ അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
മണിപ്പൂരില്‍ നിന്ന് സുപ്രീം കോടതിയിലുള്ള ഏക ജഡ്ജിയാണ് എന്‍. കോടീശ്വര്‍ സിങ്. കുക്കികള്‍ താമസിക്കുന്ന ചുരാചന്ദ്പൂരിലെ ക്യാമ്പ് സദര്‍ശിക്കാനുള്ള താത്പര്യം ജസ്റ്റിസ് സിങ് അറിയിച്ചിരുന്നു.
അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കാന്‍ താല്‍പര്യം ഉണ്ടെന്നും അദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് ജസ്റ്റിസ് സിങ് ചുരാചന്ദ്പൂര്‍ സന്ദര്‍ശനം ഒഴിവാക്കിയത് എന്നാണ് സൂചന.
ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ നേതൃത്വത്തിലുള്ള ജഡ്ജിമാരുടെ സംഘമാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് പുറമെ ജസ്റ്റിസ് മാരായ സൂര്യ കാന്ത്, വിക്രം നാഥ്, എം.എം. സുന്ദരേഷ്, എന്‍.കെ.സിങ് എന്നിവരാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്.
കലാപത്തെ തുടര്‍ന്ന് ക്യാമ്പുകളില്‍ കഴിയുന്നവരുമായി സംഘം കൂടിക്കാഴ്ച നടത്തും. കലാപ ബാധിതര്‍ക്ക് നിയമസഹായവും, മാനുഷിക സഹായവും ലഭ്യമാക്കുന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചയും ന്യായാധിപ സംഘം നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.