കൊച്ചി: ആലുവ-മൂന്നാര്‍ രാജപാതയുടെ പുനരുദ്ധാരണം ആവശ്യപ്പെട്ട് നടത്തിയ ജനമുന്നേറ്റ യാത്രയ്ക്ക് നേതൃത്വം കൊടുത്ത കോതമംഗലം മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെതിരെ കള്ളക്കേസ് ചുമത്തിയ വനം വകുപ്പിനെതിരെ മലയോര മേഖലയില്‍ വന്‍ പ്രതിഷേധം.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജപാത പുനരുദ്ധരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനമുന്നേറ്റയാത്ര നടത്തിയത്. ഈ റാലിയില്‍ പങ്കെടുക്കാന്‍ കോതമംഗലം രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ കൂടി എത്തിയതോടെ ജനകീയ യാത്ര വന്‍വിജയമായി. ജനമുന്നേറ്റയാത്രയില്‍ പഴയ ആലുവ മൂന്നാര്‍ റോഡിലൂടെ രണ്ട് കിലോമീറ്ററോളം കാല്‍നടയായി മൂവായിരത്തോളം ആളുകളാണ് നടന്നുനീങ്ങിയത്.
ബിഷപ്പ് നേതൃത്വനിരയിലേക്ക് വന്നതോടുകൂടി തികഞ്ഞ അച്ചടക്കത്തോടെയും സമാധാന പൂര്‍ണവുമായിട്ടാണ് യാത്ര മുന്‍പോട്ട് നീങ്ങി. പ്രകോപനപരമായ ഒരു മുദ്രാവാക്യം പോലും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ യാത്രയെ കായികപരമായി നേരിടാന്‍ കാത്തിരുന്ന വനം വകുപ്പിന് നിരാശപ്പെടേണ്ടിവന്നു. അതിന് പകരമായാണ് പൊതുവഴിയിലൂടെ മാത്രം നടന്നുനീങ്ങിയ ബിഷപ്പ് ഉള്‍പ്പെടെയുള്ള 23 പേര്‍ക്കെതിരെ വനം വകുപ്പ് കള്ളക്കേസ് എടുത്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌റ് കാന്തി വെള്ളക്കയ്യന്‍, നിരവധി വൈദികരും കേസില്‍ പ്രതികളാണ്.

ആലുവ മൂന്നാര്‍ രാജപാത
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൊതുവഴിയാണ് ആലുവ മൂന്നാര്‍ രാജപാത. കോതമംഗലത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമാണ് ഈ റോഡ്. വനം വകുപ്പിന് യാതൊരു അവകാശവും ഇല്ലാത്ത ഈ റോഡിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം പൂര്‍ണമായും തടസപ്പെടുത്തിയിരിക്കുകയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിക്കപ്പെട്ട ആലുവ-മൂന്നാര്‍ രാജപാത ജനങ്ങള്‍ക്ക് തുറന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ജനമുന്നേറ്റ യാത്ര.
ആലുവയില്‍ നിന്നും ആരംഭിച്ച് കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പെരുമ്പന്‍കുത്ത് വരെ എത്തിച്ചേരുന്ന ആലുവ-മൂന്നാര്‍ റോഡ് (പഴയ രാജപാത) പൊതു മരാമത്ത് വകുപ്പിന്റെ കീഴില്‍ വരുന്ന പാതയാണ്. രാജഭരണ കാലത്ത് നിര്‍മിച്ചതും അക്കാലം മുതല്‍ വാഹന ഗതാഗതം നടന്നിരുന്നതുമായ പ്രസ്തുത പാതയുടെ പൂയംകുട്ടി മുതല്‍ പെരുമ്പന്‍കുത്ത് വരെയുള്ള ഭാഗം വനം വകുപ്പ് അന്യായമായി കയ്യേറി അടച്ചിരിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ റോഡില്‍ ബാരിക്കേഡ് നിര്‍മിച്ച് വാഹന ഗതാഗതം തടയുകയും പൊതുജനത്തിന് പ്രവേശനം നിഷേധിക്കുകയും ചെയ്തതോടെയാണ് ജനകീയ യാത്രയ്ക്ക് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നിട്ടിറങ്ങിയത്.
പൂയംകുട്ടി മുതല്‍ പെരുമ്പന്‍കുത്ത് വരെ വനത്തിലൂടെയുള്ള റോഡ് കയറ്റിറക്കങ്ങളില്ലാതെ മൂന്നാറിലേക്ക് യാത്ര ചെയ്യാനുള്ള ദൂരം കുറഞ്ഞ പാതയാണിത്. മാങ്കുളം, ആനക്കുളം പ്രദേശത്ത് നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് കോതമംഗലത്ത് എത്തിച്ചേരാവുന്ന റോഡ്. രാജപാത തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് ജനകീയ യാത്രയില്‍ പങ്കെടുത്തത്.
വനംവകുപ്പ് നടപടിയില്‍ പ്രതിഷേധം
അതേസമയം ജനരോഷം ശക്തമായതോടെ വനംവകുപ്പും സര്‍ക്കാരും പ്രതിരോധത്തില്‍ ആയിരിക്കുകയാണ്. പൊതുവഴി തടഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളാണ് കുട്ടമ്പുഴ പൊലീസ് സ്റ്റേഷനില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിഷപ്പിനും ജനങ്ങള്‍ക്കുമെതിരെ എടുത്ത കള്ളക്കേസ് പിന്‍വലിക്കുന്നില്ലെങ്കില്‍ മലയോര മേഖലയില്‍ ഇത് കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് മലയോര മേഖലയിലെ ജനങ്ങള്‍ വ്യക്തമാക്കി.

ജനമുന്നേറ്റ യാത്രയില്‍ പങ്കെടുത്ത മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് കോതമംഗലം രൂപത അധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പ്രസ്താവിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.