സഞ്ജുവും ജുറെലും തകര്‍ത്തടിച്ചെങ്കിലും രക്ഷപെട്ടില്ല; ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനോട് പൊരുതിത്തോറ്റ് രാജസ്ഥാന്‍

സഞ്ജുവും  ജുറെലും തകര്‍ത്തടിച്ചെങ്കിലും രക്ഷപെട്ടില്ല; ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനോട് പൊരുതിത്തോറ്റ് രാജസ്ഥാന്‍

ഹൈദരാബാദ്: ഐപിഎല്ലിന്റെ 18-ാം സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയം. രാജസ്ഥാന്‍ റോയല്‍സിനെയാണ് പരാജയപ്പെടുത്തിയത്.

മലയാളി താരം സഞ്ജു സാംസണിന്റെയും ധ്രുവ് ജുറെലിന്റെയും തകര്‍പ്പന്‍ പ്രകടനത്തിനും രാജസ്ഥാനെ തോല്‍വിയില്‍ നിന്ന് കരകയറ്റാനായില്ല. 44 റണ്‍സിനായിരുന്നു സണ്‍റൈസേഴ്‌സിന്റെ ജയം. സ്വന്തം ഗ്രൗണ്ടില്‍ സണ്‍റൈസേഴ്‌സ് നേടിയ 287 എന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 242 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

വലിയ വിജയ ലക്ഷ്യം മുന്നില്‍ കണ്ട് ബാറ്റിങിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ മുഹമ്മദ് ഷാമിയെ കടന്നാക്രമിച്ച് സഞ്ജു സാംസണ്‍ പ്രതീക്ഷ നല്‍കിയെങ്കിലും മറുഭാഗത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞത് രാജസ്ഥാനെ പ്രതിസന്ധിയിലാക്കി. രണ്ടാം ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ രാജസ്ഥാന് പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.

സഞ്ജുവും ധ്രുവ് ജുറെലും ചേര്‍ന്ന് നേടിയ സ്‌കോറില്‍ വലിയ പ്രതീക്ഷയര്‍പ്പിച്ച ആരാധകര്‍ക്ക് ഇരുവരും മികച്ച ഇന്നിംഗ്‌സാണ് സമ്മാനിച്ചത്. 37 പന്തില്‍ ഏഴ് ബൗണ്ടറികളും നാല് സിക്‌സറുകളുമടക്കം 66 റണ്‍സാണ് സഞ്ജു നേടിയത്. 35 പന്തില്‍ അഞ്ച് ബൗണ്ടറികളും ആറ് സിക്‌സറുകളും പറത്തി ജുറെല്‍ 70 റണ്‍സ് നേടി.

മൂന്ന് പന്തുകളുടെ വ്യത്യാസത്തില്‍ ഇരുവരെയും മടക്കിയയച്ച് സണ്‍റൈസേഴ് മത്സരം തിരിച്ച് പിടിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. അവസാന ഓവറുകളില്‍ ശുഭം ദുബെയും ഷിമ്രോണ്‍ ഹെറ്റ്‌മെയറും തകര്‍ത്തടിച്ചതോടെയാണ് ടീം സ്‌കോര്‍ 200 കടന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.