പൊലീസ് നടപടിക്കെതിരെ സമര പ്രഖ്യാപനവുമായി കര്‍ഷക സംഘടനകള്‍; മാര്‍ച്ച് 28 ന് രാജ്യവ്യാപക പ്രക്ഷോഭം

പൊലീസ് നടപടിക്കെതിരെ സമര പ്രഖ്യാപനവുമായി  കര്‍ഷക സംഘടനകള്‍; മാര്‍ച്ച് 28 ന് രാജ്യവ്യാപക പ്രക്ഷോഭം

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധങ്ങള്‍ അടച്ചമര്‍ത്താനുള്ള പൊലീസ് നീക്കത്തിനെതിരെ മാര്‍ച്ച് 28 ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച. കര്‍ഷകര്‍ക്കെതിരേയുള്ള പഞ്ചാബ് പൊലീസിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം.

പഞ്ചാബില്‍ നടന്ന കര്‍ഷക പ്രതിഷേധത്തിനിടെ നേതാക്കളെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടിക്കെതിരെ 28 ന് ഇന്ത്യയിലുടനീളമുള്ള കര്‍ഷകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനാണ് സംയുക്ത കിസാന്‍ മോര്‍ച്ച ദേശീയ ഏകോപന സമിതിയുടെ ആഹ്വാനം. കിസാന്‍ മസ്ദൂര്‍ മോര്‍ച്ച ഉള്‍പ്പെടെ എല്ലാ സംഘടനകളോടും പ്രതിഷേധത്തില്‍ പങ്കെടുക്കാനും അടിച്ചമര്‍ത്തലിനെതിരെ മുന്നോട്ട് വരാനും സംഘടന അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ദിവസം ജഗ്ജിത് സിങ് ദല്ലേവാള്‍, സര്‍വാന്‍ സിങ് പാന്ഥര്‍ എന്നിവരുള്‍പ്പെടെ 350 കര്‍ഷക നേതാക്കളെയും പ്രവര്‍ത്തകരെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിന്റെ നിര്‍ദേശ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചണ്ഡീഗഡില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജഗത്പുരയില്‍ വെച്ചാണ് കര്‍ഷക നേതാക്കളെ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആംബുലന്‍സ് എത്തിച്ചാണ് 70 കാരനായ ദല്ലേവാളിനെ കസ്റ്റഡിയിലെടുത്തത്. ഇദേഹം ക്യാന്‍സര്‍ രോഗി കൂടിയാണ്.

ഖനൗരി, ശംഭു അതിര്‍ത്തികളില്‍ പ്രക്ഷോഭം നടത്തിയ കര്‍ഷകരുടെ ടെന്റുകളും വേദികളും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ പൊലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു തകര്‍ത്തു. ട്രാക്ടര്‍, ട്രോളികള്‍, ഉപകരണങ്ങള്‍ എന്നിവ ബലമായി നീക്കം ചെയ്തു.

കര്‍ഷകരെ അടിച്ചമര്‍ത്താനുള്ള പൊലീസ് നടപടിക്ക് പിന്നാലെ സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത കര്‍ഷക നേതാക്കളുമായുള്ള യോഗം കര്‍ഷക സംഘടനകള്‍ ബഹിഷ്‌ക്കരിച്ചിരുന്നു.

അറസ്റ്റിലായ എല്ലാ കര്‍ഷകരെയും നേതാക്കളെയും വിട്ടയക്കണമെന്നും കണ്ടുകെട്ടിയ ട്രാക്ടറുകളും ട്രോളികളും തിരികെ നല്‍കണമെന്നും പൊലീസ് നശിപ്പിച്ച വസ്തുവകകള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയായിരുന്നു സമര പ്രഖ്യാപനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.