കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകനായ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികൾക്ക് ജീവപര്യന്തം. രണ്ട് മുതൽ ഒൻപത് വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. 11-ാം പ്രതി പ്രദീപന് മൂന്ന് വർഷം കഠിന തടവാണ് വിധിച്ചിരിക്കുന്നത്. പ്രതികൾ കുറ്റക്കാരെന്ന് തലശേരി ജില്ലാ സെഷൻസ് കോടതിയാണ് കണ്ടെത്തിയത്.
സിപിഐഎം പ്രവർത്തകനായിരുന്ന സൂരജ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതാണ് കൊലപാതകത്തിന് കാരണം. 12 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതിൽ ഒന്ന്, 12 പ്രതികൾ വിചാരണക്കിടെ മരിച്ചു. പത്താം പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു.
രണ്ട് മുതൽ ആറ് വരെ പ്രതികളായ ടി.കെ. രജീഷ്, എൻ.വി. യോഗേഷ്, കെ. ഷംജിത്ത്, പി.എം. മനോരാജ്, എൻ. സജീവൻ എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്നാണ് കോടതിയുടെ കണ്ടെത്തൽ. ടി.പി. ചന്ദ്രേശഖരൻ വധക്കേസ് പ്രതിയാണ് ടി.കെ രജീഷ്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി. എം. മനോജിന്റെ സഹോദരനാണ് മനോരാജ്.
2005 ഓഗസ്റ്റ് ഏഴിനാണ് ബിജെപി പ്രവർത്തകനായ സൂരജിനെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നിൽ വെച്ചാണ് സൂരജ് കൊല്ലപ്പെട്ടത്. ഓട്ടോയിലെത്തിയ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. 19 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കേസിൽ വിധി വന്നിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.