ന്യൂഡല്‍ഹി: വിദ്യാഭ്യാസ നയത്തിന്റെ കാര്യത്തില്‍ ഇന്ത്യാ മുന്നണിക്ക് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസ മേഖലയുടെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുത്താല്‍ രാജ്യം തകരുമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഇന്ത്യാ മുന്നണിയിലെ വിവിധ കക്ഷികള്‍ക്ക് അവരുടെ പ്രത്യയശാസ്ത്രങ്ങളിലും നയങ്ങളിലും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം. പക്ഷേ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല.
ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്ത്യാ സഖ്യത്തിലെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ആര്‍എസ്.എസ് രാജ്യത്തിന്റെ ഭാവിയെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. വിദ്യാഭ്യാസ മേഖല അവരുടെ കൈകളിലെത്തിയാല്‍ ആര്‍ക്കും ജോലി കിട്ടില്ല. രാജ്യവും ഇല്ലാതാകും. ഇന്ത്യന്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരില്‍ ആര്‍.എസ്.എസ് ആധിപത്യമുണ്ടെന്ന് വിദ്യാര്‍ഥി സംഘടനകള്‍ വിദ്യാര്‍ഥികളോട് പറയണമെന്നും രാഹുല്‍ നിര്‍ദേശിച്ചു.
വരും കാലങ്ങളില്‍ ആര്‍.എസ്.എസിന്റെ ശുപാര്‍ശ പ്രകാരം സംസ്ഥാന സര്‍വകലാശാലകളില്‍ വിസിമാരെ നിയമിക്കും. ഇത് നമ്മള്‍ അവസാനിപ്പിക്കണം. നിങ്ങള്‍ ഇന്ത്യാ സഖ്യത്തിലെ വിദ്യാര്‍ഥികളാണ്. നമ്മുടെ പ്രത്യയശാസ്ത്രങ്ങളിലും നയങ്ങളിലും ചില വ്യത്യാസങ്ങള്‍ ഉണ്ടാകാം.
പക്ഷേ രാജ്യത്തിന്റെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നമുക്ക് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. ഈ പോരാട്ടത്തില്‍ നമ്മള്‍ ഒരുമിച്ച് പോരാടി ആര്‍.എസ്.എസിനെ തോല്‍പ്പിക്കണമെന്നും അദേഹം പറഞ്ഞു.
എല്ലാ വിഭവങ്ങളും അദാനിക്കും അംബാനിക്കും നല്‍കുകയും സ്ഥാപനങ്ങള്‍ ആര്‍.എസ്.എസിന് കൈമാറുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.