അലഹബാദ് ഹൈക്കോടതി ജഡ്ജിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം; മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന വിധിക്ക് സ്റ്റേ

അലഹബാദ് ഹൈക്കോടതി ജഡ്ജിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം; മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന വിധിക്ക് സ്റ്റേ

ന്യൂഡല്‍ഹി: അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധിക്ക് ഒടുവില്‍ സുപ്രീം കോടതിയുടെ വിലക്ക്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതി ജഡ്ജി രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ വിധി. ഇതാണ് സുപ്രീം കോടതി ഇപ്പോള്‍ വിലക്കിയത്.

വിവാദ വിധിക്കെതിരെ പൊതു സമൂഹത്തിലും പ്രത്യേകിച്ച്, അഭിഭാഷകര്‍ക്കിടയിലും വലിയ പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷക ശോഭ ഗുപ്ത നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജഡ്ജിയുടെ നിലപാടിനെതിരേ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

അലഹബാദ് ഹൈക്കോടതി ഉത്തരവ് മനുഷ്യത്വ രഹിതവും ഞെട്ടിക്കുന്നതുമാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. വിധി പ്രസ്താവിച്ച അലഹബാദ് ഹൈക്കോടതി ജഡ്ജി രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ നടപടിയേയും സുപ്രീം കോടതി വിമര്‍ശിച്ചു.

വാദം കേട്ട് നാല് മാസങ്ങള്‍ക്ക് ശേഷമാണ് വിധി പ്രസ്താവം ഉണ്ടായത്. ഏതെങ്കിലും ഒരു നിമിഷത്തില്‍ തോന്നിയ വികാരത്തിന്റെ അടിസ്ഥാനത്തില്‍ അല്ല ഹൈക്കോടതിയുടെ വിവാദ വിധി ഉണ്ടായതെന്നും ജസ്റ്റിസ് ബി.ആര്‍ ഗവായ് ചൂണ്ടിക്കാട്ടി. നിയമത്തില്‍ കേട്ട് കേള്‍വിയില്ലാത്ത നടപടിയാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായത് എന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു.

കേസില്‍ കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണിയും സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹാജരായി. ഇരുവരും ഹൈക്കോടതി വിധിയെ വിമര്‍ശിച്ചു.

അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയിരുന്ന റിട്ട് ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് തള്ളിയിരുന്നു. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പി.ബി വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കേസുമായി ബന്ധമില്ലാത്തവരാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ഇതിന് പിന്നാലെയാണ് കേസില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.