ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകള്‍, മറ്റ് സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബിരുദ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന സിയുഇടി-യുജി 2025 പരീക്ഷയ്ക്കായി സമര്‍പ്പിച്ച അപേക്ഷയില്‍ തെറ്റുകള്‍ തിരുത്തുന്നതിന് നാളെ വരെ അവസരം.
cuet.nta.nic.in എന്ന വെബ്സൈറ്റ് വഴി വെളളിയാഴ്ച രാത്രി 11:50 വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുന്നതിനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. മെയ് എട്ട് മുതല്‍ ജൂണ്‍ ഒന്ന് വരെയാണ് പരീക്ഷ. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായാണ് പരീക്ഷ. രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും വിദേശത്തുള്ള 15 നഗരങ്ങളിലുമാണ് പരീക്ഷ നടത്തുന്നത്. അധിക ഫീസ് അടച്ചതിന് ശേഷം അപേക്ഷയില്‍ തെറ്റുകള്‍ തിരുത്താന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. മാറ്റങ്ങള്‍ ഫീസ് തുകയെ ബാധിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളില്‍ നിന്ന് അതിനനുസരിച്ച് അധിക ഫീസ് ഈടാക്കും. അധികമായി നല്‍കിയ പേയ്‌മെന്റ് തിരികെ നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചു.
ജെഎന്‍യു, അലിഗഢ് മുസ്ലീം, ബനാറസ് ഹിന്ദു അടക്കമുള്ള കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനമാണ് സിയുഇടി വഴി നടത്തുന്നത്. സര്‍വകലാശാലകളുടെ/സ്ഥാപനങ്ങളുടെ പട്ടിക, പ്രോഗ്രാമുകള്‍, പ്രവേശന യോഗ്യത തുടങ്ങിയവ cuet.nta.nic.in ല്‍ ലഭിക്കും. കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രക്രിയയിലേക്ക് വരുന്ന മുറയ്ക്ക് പട്ടിക വിപുലമാക്കും. അതിനാല്‍ അപേക്ഷകര്‍ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിച്ചുകൊണ്ടിരിക്കണം.
വിഷയങ്ങള്‍: മൂന്ന് ഭാഗങ്ങളിലായി മൊത്തം 37 വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 13 ഭാഷകള്‍, 23 ഡൊമൈന്‍ സ്പെസിഫിക് വിഷയങ്ങള്‍, ഒരു ജനറല്‍ ആപ്റ്റിസ്റ്റിസ് ടെസ്റ്റ്. എല്ലാത്തിലും ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലായിരിക്കും.
പരമാവധി അഞ്ച് ടെസ്റ്റുകള്‍: ഒരാള്‍ക്ക് ഭാഷകള്‍, ജനറല്‍ ആപ്റ്റിറ്റിയൂഡ് എന്നിവ ഉള്‍പ്പെടെ പരമാവധി അഞ്ച് വിഷയങ്ങള്‍/ടെസ്റ്റുകള്‍ വരെ തിരഞ്ഞെടുക്കാം. പ്ലസ്ടുതലത്തില്‍ പഠിച്ച വിഷയങ്ങള്‍ പരിഗണിക്കാതെ ഡൊമൈന്‍ വിഷയങ്ങളുടേത് ഉള്‍പ്പെടെ, ചേരാന്‍ ഉദ്ദേശിക്കുന്ന പ്രോഗ്രാമുകള്‍ക്ക് വേണ്ട ടെസ്റ്റുകള്‍ പരിഗണിച്ച്, ഇഷ്ടമുള്ള അഞ്ച് ടെസ്റ്റുകള്‍ തിരഞ്ഞെടുക്കാം. ഓരോ സ്ഥാപനത്തിന്റെയും ഓരോ കോഴ്സിനും ബാധകമായ ടെസ്റ്റ് വിഷയങ്ങള്‍ വെബ്സൈറ്റിലെ യൂണിവേഴ്സിറ്റീസ് ലിങ്കില്‍ ലഭിക്കും.
പരീക്ഷാ രീതി: പരീക്ഷ കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയിലാണ് (സിബിടി. അപേക്ഷകരുടെ എണ്ണം, സബ്ജക്ട് ചോയ്സ് എന്നിവ പരിഗണിച്ച് പല ഷിഫ്റ്റുകളിലായി നടത്തിയേക്കാം. ഒന്നില്‍ കൂടുതല്‍ ഷിഫ്റ്റുകളില്‍ പരീക്ഷ നടത്തേണ്ടി വന്നാല്‍ മാര്‍ക്ക് നോര്‍മലൈസേഷന്‍ നടത്തി എന്‍ടിഎ സ്‌കോര്‍ നിര്‍ണയിക്കും.
ചോദ്യങ്ങള്‍: ഓരോ ടെസ്റ്റ്പേപ്പറിലും 50 ചോദ്യങ്ങള്‍ വീതം ഉണ്ടാകും. എല്ലാം നിര്‍ബന്ധമാണ്. ഓരോ ടെസ്റ്റിന്റെയും സമയം 60 മിനിറ്റ് ആയിരിക്കും.
മാര്‍ക്ക് : ശരിയുത്തരത്തിന് അഞ്ച് മാര്‍ക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് വീതം നഷ്ടപ്പെടും.
മലയാളത്തിലും ചോദ്യക്കടലാസ് : ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉള്‍പ്പെടെ മൊത്തം 13 ഭാഷകളില്‍ ചോദ്യക്കടലാസ് ലഭ്യമാക്കും. അപേക്ഷ നല്‍കുമ്പോള്‍ ഏത് ഭാഷയിലെ ചോദ്യക്കടലാസ് വേണമെന്ന് രേഖപ്പെടുത്തണം. പിന്നീടത് മാറ്റാന്‍ കഴിയില്ല.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍: ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, വയനാട്, പയ്യന്നൂര്‍, ആലപ്പുഴ, ചെങ്ങന്നൂര്‍, എറണാകുളം, മൂവാറ്റുപുഴ. അപേക്ഷിക്കുമ്പോള്‍ നാല് കേന്ദ്രങ്ങള്‍ മുന്‍ഗണന നിശ്ചയിച്ച് തിരഞ്ഞെടുക്കണം. കഴിയുന്നതും അപേക്ഷാര്‍ഥിയുടെ സംസ്ഥാനത്തെ സ്ഥിരം മേല്‍വിലാസവുമായി ബന്ധപ്പെട്ട പരീക്ഷാകേന്ദ്രമോ സമീപത്തെ പരീക്ഷാ കേന്ദ്രങ്ങളോ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.