വാഷിങ്ടണ്‍: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കും സ്പെയര്‍ പാര്‍ട്സുകള്‍ക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതിയ നികുതി നിരക്ക് ഏപ്രില്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരും. സ്പെയര്‍ പാര്‍ട്‌സുകള്‍ക്ക് പുതിയ തീരുവ മെയ് മുതലായിരിക്കും ഈടാക്കുക.
അമേരിക്കയിലെ കാര്‍ വ്യവസായത്തിന്റെ വന്‍ വളര്‍ച്ചയ്ക്കും അതുവഴി തൊഴില്‍ സാധ്യതയ്ക്കും വഴിയൊരുക്കുന്ന നടപടി എന്ന് വ്യക്തമാക്കിയാണ് ട്രംപ് പുതിയ തീരുവ പ്രഖ്യാപിച്ചത്. നടപടി യു.എസില്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. .
എന്നാല്‍ ട്രംപിന്റെ തീരുമാനം തിരിച്ചടിയാകുമെന്നാണ് ഉയരുന്ന പ്രധാന എതിര്‍വാദം. താരിഫ് വര്‍ധന വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിപണിയിലുയരുന്ന ആശങ്ക. രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ക്ക് താല്‍കാലികമായെങ്കിലും പ്രവര്‍ത്തനം നിര്‍ത്തേണ്ട സാഹചര്യമാണ് തീരുമാനം ഉണ്ടാക്കാന്‍ പോകുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
താരിഫ് ചുമത്തിയ നടപടി വാഹന വിപണിയില്‍ വിലക്കയറ്റത്തിന് വഴിയൊരുക്കുമെന്നും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കിയേക്കും എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ലോകത്തിലെ ഏറ്റവും സജീവമായ വാഹന വിപണികളില്‍ ഒന്നാണ് അമേരിക്കയുടേത്. കഴിഞ്ഞ വര്‍ഷം മാത്രം എണ്‍പത് ലക്ഷത്തോളം വാഹനങ്ങളാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിട്ടുള്ളത്.
ഏകദേശം 24,000 കോടി യു.എസ് ഡോളറിന്റെ ഇടപാടാണ് ഇതിലൂടെ നടന്നിട്ടുള്ളത്. ആഗോള തലത്തിലെ വാഹന ഇറക്കുമതി കണക്കുകളുടെ പകുതിയോളമാണ് യു.എസിന്റെ സംഭാവന.
യുഎസിലേക്കുള്ള വാഹന കയറ്റുമതിയില്‍ മെക്സികോ ആണ് മുന്നില്‍. ദക്ഷിണ കൊറിയ, ജപ്പാന്‍, കാനഡ, ജര്‍മനി എന്നീ രാജ്യങ്ങളുടെ വാഹന കമ്പനികളുടെയും പ്രധാന വിപണിയാണ് അമേരിക്ക. തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ നീക്കം ആഗോള വ്യാപാര യുദ്ധത്തിന് വഴിയൊരുക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.