മീററ്റ്: പൊതുനിരത്തുകളില്‍ ഈദുല്‍ ഫിത്തര്‍ പ്രാര്‍ഥനകള്‍ നടത്തുന്നത് വിലക്കി ഉത്തര്‍പ്രദേശിലെ മീററ്റ് പൊലീസ്. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
നിയമലംഘകര്‍ക്കെതിരെ കേസെടുക്കല്‍, അറസ്റ്റ് ചെയ്യല്‍, പാസ്‌പോര്‍ട്ടുകളും ലൈസന്‍സുകളും റദ്ദാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് മീററ്റ് എസ്പി ആയുഷ് വിക്രം സിങ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം നിരത്തുകളില്‍ പ്രാര്‍ഥനകള്‍ നടത്തിയതിന് 200 ഓളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വര്‍ഷവും റോഡുകളില്‍ പ്രാര്‍ത്ഥിക്കുന്നതായി കണ്ടെത്തിയാല്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടിവരുമെന്ന് എസ്പി പറഞ്ഞു. പള്ളികള്‍, ഫൈസെ ആം ഇന്റര്‍ കോളജ് തുടങ്ങിയ നിയുക്ത സ്ഥലങ്ങളില്‍ ഈദ്ഗാഹുകളും പ്രാര്‍ഥനകളും നടത്തണം. പൊതുനിരത്തുകളില്‍ തടസങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
ഡ്രോണുകള്‍ ഉപയോഗിച്ചും വീഡിയോ ചിത്രീകരണം വഴിയും പ്രധാന മേഖലകളില്‍ നിരീക്ഷണം നടത്തും. പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി), റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (ആര്‍എഎഫ്) തുടങ്ങിയ സേനകളെ വിന്യസിച്ചുകൊണ്ട് പൊലീസ് വിപുലമായ സുരക്ഷാ പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ പൊതു ഇടങ്ങളില്‍ ഒരു മതപരമായ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും പൊലീസ് വ്യക്തമാക്കി.
മീററ്റ് പൊലീസിന്റെ നിര്‍ദേശത്തിനെതിരെ എന്‍ഡിഎ സഖ്യകക്ഷിയും കേന്ദ്ര മന്ത്രിയുമായ ജയന്ത് ചൗധരി വിമര്‍ശനവുമായി രംഗത്തെത്തി. കേന്ദ്ര മന്ത്രി ജയന്ത് ചൗധരി എക്സിലൂടെയാണ് പ്രതികരിച്ചത്. ജോര്‍ജ് ഓര്‍വെല്ലിന്റെ 1984 നോവലിനെ ഉപമിച്ചുകൊണ്ടായിരുന്നു വിമര്‍ശനം. വ്യക്തി സ്വാതന്ത്ര്യങ്ങള്‍ തകര്‍ക്കപ്പെടുന്ന ഒരു ഏകാധിപത്യ രാഷ്ട്രത്തെക്കുറിച്ചുള്ള ഓര്‍വെല്ലിന്റെ ദര്‍ശനത്തോടാണ് മീററ്റ് പൊലീസ് നടപടിയെ അദേഹം താരതമ്യം ചെയ്തത്.
അതേസമയം നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാക്കേണ്ടതാണെന്നായിരുന്നു മുസ്ലീം സംഘടനകള്‍ മീററ്റ് പൊലീസ് നടപടികളോട് പ്രതികരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.