കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-4)

കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-4)

ആരോടും അനുവാദം ചോദിക്കാതെ, നാട്ടിൽ
മഴക്കാലം വന്നണഞ്ഞു.
ഒരു തുള്ളിക്ക്, ഒരു കുടംപോലൊത്ത മഴ..!
'പരമൂ, ധന്വന്തരം കൊണ്ടുവന്നിട്ടൊണ്ടോഡാ?'
ഈയിടെ സപ്തതികൊണ്ടാടിയ 'പുഞ്ചിരി-
മുറ്റത്തേ' നങ്ങേലിതള്ള, ഉമ്മറത്ത്
കാലും നീട്ടിയിട്ടിരുന്ന് ഓരിയിട്ടു...!
'പെണ്ണേ, അകത്തു കട്ടൻ ബാക്കിയു-
ണ്ടേൽ, ഒരിറ്റ് ഏൻ്റെ ചിരട്ടേലും..'
'അമ്മിക്കല്ലെല്ലാം ചിലവായോടാ പരമൂ...?'
'വെണ്ണിക്കുളം സ്കൂളിനടുത്തുള്ള.., നമ്മുടെ
ആ 'കുവെയിറ്റപ്പച്ചൻ്റെ', പിള്ളാര് കടത്തി-
കൊണ്ടുവരുന്ന അരയ്കുന്ന 'മിക്സ്സി'...
ഒരുമാതിരി വീടുകളിലൊക്കെ ആയമ്മേ...!'
"കൊത്തുകല്ലിൻ്റെ പണി നിർത്താറായോടാ...?"
'എനിക്കും അങ്ങനൊക്കെ തോന്നിതുടങ്ങി..'
'നീ വല്ലതും കഴിച്ചോടാ കൊച്ചനേ..?'
ചെല്ലമ്മ കുശിനിയിലേക്കു പാഞ്ഞു..!
പരമൂൻ്റെ സ്വന്തം കുഴിയലിൽ, ആവിപാറുന്ന
'കപ്പ-കാച്ചിൽ-കണ്ണൻചേമ്പു'മായി വന്നു..!
'കാന്താരി ഞെവുടിയതില്ലേടീ പെണ്ണേ..?'
'ഉണ്ടച്ചാ..; കൊണ്ടുവരാൻ തുടങ്ങുമ്പഴാ..'!
വലിയതള്ളക്കൊരുനാൾ തുള്ളപ്പനി പിടിച്ചു!
നാട്ടാരുടെ സഹായത്തോടെ, കാളവണ്ടിയിൽ
മല്ലപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചു.!
ആശുപത്രിയിലെ പരിചരണം ഫലിച്ചില്ല..!
ഒടുവിൽ, വലിയതള്ള മരണമടഞ്ഞു..!
പത്താംക്ളാസ്സിൽ തോറ്റപ്പോൾ, വഴക്കുപറ-
ഞ്ഞതിന്, നാടുവിട്ടുപോയ തള്ളയുടെ ഒരേ-
യൊരു ആൺതരി വിവരമറിഞ്ഞെത്തി..!
'നാണേച്ചീ., നമ്മുടെ അമ്മ പോയീ..യീ...യീ...'!
നാരായണി കുഞ്ഞാങ്ങളയെ ആശ്ളേഷിച്ചു.!
'കുഞ്ഞുരാമാ..നീ-ീ എവിടെ ആയിരുന്നെടാ...?'
'ചേച്ചീ, ഞാൻ മല്ലപ്പള്ളിയിലായിരുന്നു..'!
'ചന്തക്കു വരുന്ന കൂട്ടുകാരീന്ന് വിവരം...'
'ബാക്കി നമ്മൾക്കു പിന്നെ പറയാ; ആദ്യം
അമ്മേടെ....അടക്കം നടക്കട്ട്..'
വലിയതള്ള ആറടിമണ്ണിൽ വലയം പ്രാപിച്ചു.!!
ചെല്ലമ്മയുടെ പുടവകൊടുക്കൽ കാണാതെ,
നങ്ങേലിതള്ളയുടെ പരലോകയാത്രയിൽ,
അവിടെ എല്ലാവർക്കും തീരാത്ത സങ്കടം.!
'കൊത്തുകല്ലു കച്ചവടംകൊണ്ട് ഇനിയുള്ള-
കാലം..വലിയ ഗുണമുണ്ടെന്നു തോന്നുന്നില്ല..;
കല്ലുകൊത്തു മതിയാക്കിയാലോ കുഞ്ഞാ..?'
'വേറെ എന്നാ പണിയാ അറിയാവുന്നത്..?'
'ഹേയ്., അങ്ങനെ വേറൊന്നും അറിയില്ല..'
'അളിയൻ എൻ്റൂടെ മല്ലപ്പള്ളിക്കു വരുന്നോ.?
ആറ്റീന്നു മണ്ണു വാരാം.; ഉച്ചവരെ പണിതാൽ
മതിയാകും; ചട്ടേച്ചിക്കൊരു പ്രശ്നമാകാം...'
''പിള്ളാരേ ഇട്ടേച്ചെങ്ങും പോകുന്നില്ല..'
'അല്ലളിയാ, കൊല്ലപ്പണി പഠിച്ചാലോ .?'
'അറിയുന്ന ആശാനെ കിട്ടുമോടാ കുഞ്ഞാ..?'
'പുളിമുക്കിന്, ഒരാലയുള്ളത് അറിയില്ലേ..?'
'പണിക്കിവിടെ...കുടുംബക്കാരേറെയാ..'
'കുറുപ്പദ്ദേഹം നേരിട്ടുവന്നു 'ശ്ശോ-ദിക്കുമ്പം'..
എങ്ങനെയാ പറ്റൂ-ല്ലാന്നു പറേക..'
കൊല്ലൻകുമാരൻ ദക്ഷിണ വാങ്ങിച്ചു.!
'കാവിലമ്മയെ ധ്യാനിച്ച്..ഉലയൂത്ത് ആകാം..',
പെട്ടിതുരുത്തുപിടി മൂത്തകൊല്ലൻ കൈമാറി..!
ആലയിലെ പ്രാരംഭ പഠനം തുടങ്ങി.!
തടിയൂരങ്ങാടിയിലെ ശനിയാഴ്ചത്തെ ചന്ത
കൂടണമെന്നത്, പുഞ്ചിരിക്കു നേർച്ചപോലെ.!
ചാളയും, അയലമത്സ്യവും ചെല്ലമ്മയേപ്പോലെ
നാരായണിക്കും ദൌർബ്ബല്യം ആയിരുന്നു..!
കാലം മാറി..കോലം മാറി!
പുഞ്ചിരിചെല്ലേടെ പുഞ്ചിരിക്കു വശ്യതയേറി..!
'ഒരുങ്ങി അങ്ങെത്തുമ്പോഴേക്കും, പെണ്ണേ..
ചന്തേലു മീനെല്ലാം തീരൂമേ..!'
പെണ്ണേ, ചന്തേലെങ്ങും കൊഞ്ചാനും, കുഴ-
യാനും നിൽക്കണ്ടാ;..കല്യാണം പറഞ്ഞു
വെച്ചേക്കുന്ന 'വേലത്തിപെണ്ണാ'ണു നീ..'
'പുലരന്തിയോളം വേലത്തി..വേലത്തി..;
പടക്കുറുപ്പിനു ജനിച്ച പെണ്ണല്ലേ ഞാൻ.'
'ചോറ്റുപാത്രത്തിലേ.., പുഴുക്കു തന്നുവിടാം;
'നീയേ ആലയിൽചെന്നു അഛനു കൊടുക്ക്.'
'അവിടെ കുത്തിയിരിക്കാതെ, ചന്തേന്നു
ചാള മേടിച്ചോണ്ടേ.., ഓടി വരണം..'
'ഓ..തന്നേ; അരപ്പെടുത്തു വെച്ചേക്കണേ..'
ആലയിലേക്കുള്ള ഒളിംമ്പിക്സ് ആരംഭിച്ചു..!
കിതപ്പോടെ ചെല്ലമ്മ ആലയിലെത്തി.!
'അവിടോട്ട് ഇരിക്കു പെണ്ണേ..'!
അഛനോടൊപ്പം ആലയിൽ പണിയുന്ന
യൌവ്വനക്കാരനെ, ഇമവെട്ടാതെ നോക്കി..!
നല്ലതുപോലെ.., പരിചയമുള്ളതുപോലെ..!
'എടാ.., എൻ്റെ സ്ളെയിറ്റു പൊട്ടിച്ച കുള്ളൻ
ശിവശങ്കരനല്ലേടാ നീ..? എടുക്കടാ കാശ്..'
'അഛാ, ഇവനാ രണ്ടാംക്ളാസ്സിൽവെച്ചു
എൻ്റെ സ്ളെയിറ്റു പൊട്ടിച്ചത്..'
'പെണ്ണേ.., ഇവനേ, ആശാൻ്റെ മൂത്തമോനാ..'
ചെല്ലമ്മവദനത്തിൽ, ദേഷ്യവും, ചിരിയും മിന്നി!
ചോറ്റുപാത്രം മേശപ്പുറത്തെടുത്തുവെച്ചു..!


------------------------------ ( തു ട രും )----------------------------

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.