ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത (ഡിയര്‍നെസ് അലവന്‍സ്) വര്‍ധിപ്പിക്കും. ഡിഎയില്‍ രണ്ട് ശതമാനം വര്‍ധനവിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതോടെ ക്ഷാമബത്ത 53 ശതമാനത്തില്‍ നിന്ന് 55 ശതമാനം ആയി ഉയരും. ജീവനക്കാരുടെ ശമ്പളത്തില്‍ ഗണ്യമായ വര്‍ധനവാണ് ഇതുവഴി ഉണ്ടാകുക. അവസാന ഡിഎ വര്‍ധനവ് 2024 ജൂലൈയിലാണ് നടന്നത്.
അന്ന് 50 ശതമാനത്തില്‍ നിന്ന് 53 ശതമാനം ആയാണ് ഡിഎ ഉയര്‍ത്തിയത്. വര്‍ധിച്ച് വരുന്ന പണപ്പെരുപ്പം നേരിടാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന അലവന്‍സാണ് ക്ഷാമബത്ത അഥവാ ഡിഎ. ജീവിതച്ചെലവ് കൂടുമ്പോള്‍ ശമ്പളത്തിന്റെ മൂല്യം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ക്ഷാമബത്ത കൊണ്ട് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഓരോ 10 വര്‍ഷത്തിലും ശമ്പള കമ്മീഷന്‍ ആണ് നിശ്ചയിക്കുന്നത്. അതിനാലാണ് പണപ്പെരുപ്പം നിലനിര്‍ത്താന്‍ ഇടയ്ക്കിടെ ക്ഷാമബത്ത ക്രമീകരിക്കുന്നത്.
ക്ഷാമബത്ത പരിഷ്‌കരണം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യും. ഹോളിക്ക് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ ഡിഎ, ഡിഎ റിലീഫ് എന്നിവയില്‍ വര്‍ധനവ് പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വ്യാവസായിക തൊഴിലാളികള്‍ക്കായുള്ള അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (എഐസിപിഐ-ഐഡബ്ല്യു) ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഡിഎ നിരക്കുകള്‍ നിര്‍ണയിക്കുന്നത്. ഡിഎയിലെ ഏതെങ്കിലും പരിഷ്‌കരണം തീരുമാനിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ കഴിഞ്ഞ ആറ് മാസത്തെ കണക്കുകള്‍ വിലയിരുത്തും. ഇതിന് ശേഷമാണ് ഡിഎയില്‍ പരിഷ്‌കരണത്തിന് അംഗീകാരം നല്‍കുന്നത്.
അതേസമയം എട്ടാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാകാന്‍ പോകുന്നത്. എട്ടാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പ്രതിമാസം 19000 വരെ വര്‍ധിക്കും.
ഏകദേശം 50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ശമ്പള പരിഷ്‌കരണത്തിന്റെ ഗുണം ലഭിക്കും എന്നാണ് വിവരം. സാമ്പത്തിക സ്ഥിതി, പണപ്പെരുപ്പം, ജീവിതച്ചെലവ് എന്നിവ കണക്കിലെടുത്ത് സാധാരണയായി ഓരോ 10 വര്‍ഷത്തിലും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളം, പെന്‍ഷന്‍, ആനുകൂല്യങ്ങള്‍ എന്നിവ പരിഷ്‌കരിക്കാറുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.