മുംബൈ: ടെസ്‌ല ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത കാറുകളുമായെത്തുമ്പോള്‍, ഇന്ത്യയില്‍ ഉല്‍പാദനം തന്നെ തുടങ്ങാന്‍ പദ്ധതിയിട്ട് ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി. തെലങ്കാനയില്‍ ഹൈദരാബാദിനടുത്ത് 500 ഏക്കറിലായി ഫാക്ടറിയൊരുക്കാനുള്ള സാധ്യതകളാണ് ബിവൈഡി പരിശോധിക്കുന്നത്. അഞ്ച് മുതല്‍ ആറ് വര്‍ഷംകൊണ്ട്, ഓരോ വര്‍ഷവും ആറ് ലക്ഷം കാറുകള്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയാണ് കമ്പനി ലക്ഷ്യമിടുന്നത്.
തെലങ്കാന സര്‍ക്കാരുമായി ഇക്കാര്യത്തില്‍ കമ്പനി ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിനടുത്ത് മൂന്നിടത്തായി സ്ഥലം നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങള്‍ ബിവൈഡി അധികൃതര്‍ പരിശോധിച്ച് വരികയാണ്. പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാകും എവിടെ ഫാക്ടറി വേണമെന്നതില്‍ തീരുമാനം എടുക്കുക. പദ്ധതിയുമായി കമ്പനി മുന്നോട്ട് പോയാല്‍ വൈദ്യുതവാഹന രംഗത്ത് രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപങ്ങളില്‍ ഒന്നാകും ബി.വൈ.ഡിയിലൂടെ തെലങ്കാനയിലേക്ക് എത്തുക.
ചൈനീസ് വിപണിയില്‍ കനത്ത തിരിച്ചടി നേരിടുന്ന ടെസ്‌ല പുതിയ വിപണിയെന്ന നിലയിലാണ് ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നത്. ചൈനയില്‍ ഗുണമേന്മയും വിലക്കുറവും ഉയര്‍ന്ന സാങ്കേതികമേന്മയുമുള്ള വാഹനങ്ങള്‍ പുറത്തിറക്കിയാണ് ടെസ്‌ലയെ ബിവൈഡി വെല്ലുവിളിക്കുന്നത്. അതുകൊണ്ട് തന്നെ ബി.വൈ.ഡി ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിച്ചാല്‍ ടെസ്‌ലയുടെ ഇന്ത്യന്‍ വിപണി പ്രവേശത്തിന് അത് തിരിച്ചടിയായേക്കും.
ഏതാനും വര്‍ഷമായി ബി.വൈ.ഡിക്ക് ഇന്ത്യയില്‍ സാന്നിധ്യമുണ്ട്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണിപ്പോള്‍. ഉയര്‍ന്ന ഇറക്കുമതി തീരുവയായതിനാല്‍ വില കൂടുതലാണ്. അതുകൊണ്ട് റോഡുകളില്‍ ഇനിയും വലിയ സാന്നിധ്യമായിട്ടില്ല. ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങിയാല്‍ കാര്‍വില ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങാന്‍ കമ്പനി വഴികളും തേടുന്നുണ്ട്. ചൈനയും ഇന്ത്യയും തമ്മിലുണ്ടായ അതിര്‍ത്തിത്തര്‍ക്കങ്ങളാണ് ഇതിന് തടസമായത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എന്‍ജിനിയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറുമായിച്ചേര്‍ന്ന് 8200 കോടി രൂപയുടെ നിക്ഷേപത്തിന് 2023 ല്‍ ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. എന്നാലിപ്പോള്‍ ചൈനീസ് കമ്പനികളുമായുള്ള നിക്ഷേപ ഇടപാടുകളില്‍ ഇന്ത്യ ഇളവുകള്‍ക്ക് സന്നദ്ധമായിട്ടുണ്ട്. ഇലക്ട്രിക് വാഹനത്തിന് പുറമെ ബാറ്ററി ഉല്‍പാദനത്തിനും ബി.വൈ.ഡി പദ്ധതിയിടുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.