തിരുവനന്തപുരം: വിദേശ ജോലി എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ധനസഹായ പദ്ധതിയുമായി നോര്‍ക്ക. നൈപുണ്യ പരിശീലനം, യാത്രയ്ക്കുള്ള പ്രാരംഭ ചെലവ് എന്നിവയ്ക്കായി പലിശ സബ്സിഡിയോടെ വായ്പ ലഭ്യമാക്കുന്ന ശുഭയാത്ര പദ്ധതിയാണ് നോര്‍ക്ക പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രവാസി നൈപുണ്യ വികസന സഹായം, വിദേശ തൊഴിലിനായുള്ള യാത്രാസഹായം എന്നി ഉപപദ്ധതികളും ഇതില്‍ ഉള്‍പ്പെടും. 36 മാസ തിരിച്ചടവില്‍ രണ്ട് ലക്ഷം രൂപവരെയാണ് വായ്പ. അംഗീകൃത റിക്രൂട്ടിങ് ഏജന്‍സി മുഖേന ലഭിക്കുന്ന തൊഴില്‍ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ ലഭിക്കുക.
കൃത്യമായുള്ള തിരിച്ചടവിന് നാല് ശതമാനം പലിശ സബ്‌സിഡി 30 മാസത്തേക്ക് നല്‍കും. ആദ്യത്തെ ആറ് മാസത്തെ മുഴുവന്‍ പലിശയും നോര്‍ക്ക റൂട്ട്സ് വഹിക്കും. വിസ സ്റ്റാമ്പിങ്, എച്ച്ആര്‍ഡി/എംബസി അറ്റസ്റ്റേഷന്‍, ഇമിഗ്രേഷന്‍ ക്ലിയറന്‍സ്, എയര്‍ ടിക്കറ്റുകള്‍, വാക്‌സിനേഷന്‍ എന്നിവയ്ക്കുള്ള ചെലവുകള്‍ക്കായി വായ്പ പ്രയോജനപ്പെടുത്താം.
നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ നോര്‍ക്ക സിഇഒ അജിത് കോളശേരിയും മലപ്പുറത്തെ സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം ഡയറക്ടര്‍ കെ. വിജയകുമാറും കരാര്‍ കൈമാറി. സഹകരണ സംഘം ഡയറക്ടര്‍ ആര്‍. ശ്രീകൃഷ്ണപിള്ള, നോര്‍ക്ക റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി. ജോസഫ് എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.