തലശേരി: തലശേരി അതിരൂപതയിലെ ഉളിക്കല്‍ ഇന്‍ഫന്റ് ജീസസ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ നടത്തിയ പ്രസംഗം തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയും അദേഹത്തിനെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത അഡ്വ.സജീവ് ജോസഫ് എംഎല്‍എയുടെ നിലപാട് അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് തലശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ്.
നാടുനീളെ ലഹരിയുടെ ഒഴുക്ക് തുടരുകയും മലയോര കര്‍ഷകര്‍ മുന്‍പെങ്ങും ഇല്ലാത്ത വിധം കാട്ടുമൃഗങ്ങളുടെ ക്രൂരതകള്‍ക്ക് ഇരയാകുകയും വില കൊടുത്തു വാങ്ങിയ ഭൂമിയില്‍ നിന്നും കുടിയിറക്ക് ഭീഷണി നേരിടുന്ന പട്ടിണി പാവങ്ങള്‍ നിലനില്‍പ്പിന് വേണ്ടി പോരാടുകയും ചെയ്യുമ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുന്നത് കൈസ്തവ സമുദായമാണ്.
ഇത്തരം പ്രശ്‌നങ്ങളില്‍ ഭരണകൂടങ്ങളുടെ കണ്ണു തുറപ്പിക്കുവാന്‍ കക്ഷി രാഷ്ടീയത്തിനതീതമായി എല്ലാവരും ഒന്നിച്ചു നില്‍ക്കണം എന്ന ആഹ്വാനമാണ് റവ.ഡോ. ഫിലിപ്പ് കവിയില്‍ നടത്തിയിട്ടുള്ളത്.
ക്രൈസ്തവ സമുദായം നേരിടുന്ന നിരവധിയായ പ്രശ്‌നങ്ങളില്‍ ഒപ്പം നിന്ന് പരിഹാരം നേടുവാന്‍ സഹായിക്കുന്നവര്‍ക്കൊപ്പമാണ് തങ്ങളെന്നാണ് ഫാ. ഫിലിപ്പ് കവിയില്‍ വ്യക്തമാക്കിയത്. സമുദായം ആരുടേയും വോട്ടു ബാങ്കല്ലെന്ന് അന്നിഗ്ദ്ധമായി തുറന്നു പറഞ്ഞ ഫാ. ഫിലിപ്പ് കവിയിലിന്റെ ആര്‍ജവത്വത്തെ കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത കമ്മിറ്റി അഭിനന്ദിച്ചു.
'സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക' എന്ന തത്വം പ്രായോഗിക തലത്തില്‍ നടപ്പിലാക്കേണ്ട രാഷ്ട്രീയ നേതൃത്വത്തിലുള്ളവര്‍ അധികാര ഗര്‍വ്വിന്റെയും ദാര്‍ഷ്ട്യത്തിന്റെയും ഭാഷയില്‍ സംസാരിക്കുന്നത് തങ്ങള്‍ ഇരിക്കുന്ന പദവിയുടെ മഹത്വം മനസിലാക്കാത്തത് കൊണ്ടാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഓര്‍മ്മിപ്പിച്ചു.
ഒരു രാഷ്ടീയെ പാര്‍ട്ടിയുടേയോ കക്ഷി രാഷ്ട്രീയത്തിന്റെയോ പേരു പറയാതെ ദേവാലയത്തിനുള്ളില്‍ നടത്തിയ ഒരു പ്രസംഗത്ത രാഷ്ട്രീയ ലക്ഷ്യത്തോടെ കണ്ട് പ്രതികരിച്ച ഇരിക്കൂര്‍ എം.എല്‍.എ അഡ്വ. സജീവ് ജോസഫ് എത്രയും വേഗം തെറ്റ് തിരുത്തുവാന്‍ തയ്യാറാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഫിലിപ്പ് വെളിയത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കത്തോലിക്ക കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജിമ്മി ഐത്തമറ്റം, ട്രഷറര്‍ സുരേഷ് കാഞ്ഞിരത്തിങ്കല്‍, വൈസ് പ്രസിഡന്റുമാരായ ബെന്നിച്ചന്‍ മഠത്തിനകം, ഐ.സി മേരി, ടോമി കണയങ്കല്‍, ഷിനോ പാറക്കല്‍ എന്നിവര്‍പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.