തീവ്രവാദ സംഘടനകളുടെ സഖ്യമുണ്ടാക്കാന്‍ ഐഎസ്‌ഐ: സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഖാലിസ്ഥാനി റിക്രൂട്ട്മെന്റ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് എന്‍ഐഎ

തീവ്രവാദ സംഘടനകളുടെ സഖ്യമുണ്ടാക്കാന്‍ ഐഎസ്‌ഐ: സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഖാലിസ്ഥാനി റിക്രൂട്ട്മെന്റ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് എന്‍ഐഎ

ന്യൂഡല്‍ഹി: സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഖാലിസ്ഥാന്‍ ഭീകര സംഘടന പ്രാദേശികരായ യുവാക്കളെ റിക്രൂട്ട്മെന്റ് ചെയ്യുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. പഞ്ചാബ്, ചണ്ഡീഗഡ്, ഹരിയാന, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഖാലിസ്ഥാന്‍ ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സയാണ് റിക്രൂട്ട്മെന്റ് നടത്തുന്നതെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.

ഖാലിസ്ഥാനി തീവ്രവാദികളും ജമ്മു കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളും ചില മൗലികവാദ ഗ്രൂപ്പുകളും തമ്മില്‍ സഖ്യമുണ്ടാക്കാന്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഐഎസ്‌ഐ ശ്രമിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ആര്‍സി-15/2024/എന്‍ഐഎ/ഡിഎല്‍ഐ (RC-15/2024/NIA/DLI) എന്ന കേസില്‍ എന്‍ഐഎ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ (ബികെഐ) പ്രവര്‍ത്തന രീതിയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്ത് വന്നത്.

2024 സെപ്റ്റംബറില്‍ ചണ്ഡീഗഡില്‍ പഞ്ചാബ് പൊലീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ട് നടന്ന ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ടതാണ് കേസ്. പ്രാദേശികരായ രോഹന്‍ മാസിഹ്, വിശാല്‍ മാസിഹ് എന്നിവരെ ഇതിനകം റിക്രൂട്ട് ചെയ്തതായും ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തലില്‍ വ്യക്തമാക്കുന്നുണ്ട്.

ബികെഐയുടെ രൂപീകരണം:

1978ല്‍ നടന്ന ബൈസാഖി-അഖന്ദ് കീര്‍ത്താനി ജാതയും നിരങ്കരികളും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ബികെഐ രൂപീകൃതമായത്. കൃത്യമായി പറഞ്ഞാല്‍ 1980 ഏപ്രില്‍ 24 ന് നിരങ്കരി തലവന്‍ ഗുര്‍ബച്ചന്‍ സിങിന്റെ കൊലപാതകത്തിന് ശേഷം ബീബി അമര്‍ജിത് കൗറിന്റെ ചില അനുയായികള്‍ ബബ്ബര്‍ ഖല്‍സയ്ക്ക് രൂപം നല്‍കുകയായിരുന്നു.

സുഖ്‌ദേവ് സിങ് ബബ്ബറും തല്‍വീന്ദര്‍ സിങ് പര്‍മറും സംഘടനയുടെ സ്ഥാപക അംഗങ്ങളായിരുന്നു. തല്‍വീന്ദര്‍ സിങ് പര്‍മറിന്റെ നേതൃത്വത്തില്‍ 1981 ല്‍ കാനഡയിലാണ് ബികെഐയുടെ ആദ്യ യൂണിറ്റ് സ്ഥാപിതമായത്. നിലവില്‍ യുഎസ്എ, കാനഡ, യുണൈറ്റഡ് കിങ്ഡം, ജര്‍മ്മനി, ഫ്രാന്‍സ്, ബെല്‍ജിയം, നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഈ സംഘടന സജീവമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.