പ്രഖ്യാപനത്തോടെ പീറ്റര്‍ ടു റോട്ട് പാപ്പുവ ന്യൂ ഗിനിയയിലെയും മരിയ കാര്‍മെന്‍ വെനസ്വേലയിലെയും ആദ്യ വിശുദ്ധരാകും.
വത്തിക്കാന്‍: വാഴ്ത്തപ്പെട്ടവരായ പാപ്പുവ ന്യൂ ഗിനിയയിലെ പീറ്റര്‍ ടു റോട്ട്, തുര്‍ക്കിയിലെ ഇഗ്‌നേഷ്യസ് ഷൗക്രല്ല മലോയാന്‍, വെനിസ്വേലയിലെ മരിയ കാര്‍മെന്‍ എന്നിവരുടെ വിശുദ്ധ പദവിക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്‍കി. മാര്‍ച്ച് 28 ന് വത്തിക്കാന്റെ വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി പ്രഖ്യാപിച്ച ഡിക്രീകള്‍ക്കാണ് മാര്‍പാപ്പ അംഗീകാരം നല്‍കിയത്.
ഇതോടൊപ്പം ഇറ്റാലിയന്‍ പുരോഹിതനായ കാര്‍മെലോ ഡി പാല്‍മയുടെ വാഴ്ത്തപ്പെട്ട പദവിക്കും ബ്രസീലിയന്‍ പുരോഹിതനായ ജോസ് അന്റോണിയോ ഡി മരിയ ഇബിയാപിനയുടെ ധന്യ പദവിയും പാപ്പ അംഗീകരിച്ചു.
വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലുള്ള പീറ്റര്‍ ടു റോട്ട് (1912-1945), ഇഗ്‌നേഷ്യസ് ഷൗക്രല്ല മലോയാന്‍ (1869-1915), മരിയ കാര്‍മെന്‍ (1903-1977) എന്നിവരുടെ വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകള്‍ ഏത് ദിവസം നടത്തപ്പെടും എന്നതിനെക്കുറിച്ച് പതിവ് കണ്‍സിസ്റ്ററിയില്‍ ചര്‍ച്ച ചെയ്യുമെന്ന് വത്തിക്കാന്‍ അറിയിച്ചു.
1912 മാര്‍ച്ച് അഞ്ചിന് ജനിച്ച് രണ്ടാം ലോക മഹായുദ്ധ സമയത്ത് വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ഒരു അല്‍മായനും മതബോധന അധ്യാപകനുമാണ് പാപുവ ന്യൂ ഗിനിയയില്‍ നിന്നുള്ള ടു റോട്ട്. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതോടെ പാപുവ ന്യൂ ഗിനിയയില്‍ നിന്നുള്ള ആദ്യത്തെ വിശുദ്ധനാകും പീറ്റര്‍ ടു റോട്ട്.
1995 ജനുവരി 17 ന് ഓഷ്യാനിയയിലേക്കുള്ള അപ്പസ്‌തോലിക യാത്രയ്ക്കിടെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ടു റോട്ടിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്. ക്രിസ്ത്യന്‍ വിവാഹത്തിന്റെ സംരക്ഷകനായും ജയിലില്‍ മരിക്കുന്നതു വരെ തന്റെ ശുശ്രൂഷ തുടര്‍ന്ന വിശ്വസ്ത മതബോധന പണ്ഡിതനായും അദേഹത്തെ സഭ അംഗീകരിക്കുന്നു.
1869 ഏപ്രില്‍ 19 ന് ജനിച്ച ഇഗ്‌നേഷ്യസ് ഷൗക്രല്ല മലോയാന്‍, ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 1915 ല്‍ തുര്‍ക്കിയില്‍ രക്തസാക്ഷിയായി. 2001 ഒക്ടോബര്‍ ഏഴിന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മറ്റ് ആറ് ദൈവദാസന്മാരോടൊപ്പം അദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
1883 ല്‍ ലെബനനില്‍ പട്ടം സ്വീകരിച്ച മലോയാന്‍, തിരുവെഴുത്തുകളെക്കുറിച്ചുള്ള ആഴമായ അറിവുള്ള ബുദ്ധിമാനും മാതൃകാ യോഗ്യനുമായ ഒരു പുരോഹിതനായി അറിയപ്പെട്ടു. പിന്നീട് 1911 ല്‍ റോമില്‍ നടന്ന അര്‍മേനിയന്‍ ബിഷപ്പുമാരുടെ സിനഡില്‍ അദേഹം മാര്‍ഡിനിലെ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു.
ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ തുര്‍ക്കിയില്‍ അര്‍മേനിയക്കാര്‍ക്കെതിരായ വലിയ പീഡനങ്ങള്‍ അരങ്ങേറി. ആ സമയത്ത് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ചതോടെ 1915 ജൂണില്‍ തുര്‍ക്കി ഉദ്യോഗസ്ഥര്‍ മറ്റ് പുരോഹിതന്മാരോടൊപ്പം ഫാ. മലോയാനെയും വധിച്ചു.
വാഴ്ത്തപ്പെട്ട മരിയ കാര്‍മെന്റെ വിശുദ്ധ പദവി അംഗീകരിച്ചതോടെ അവര്‍ വെനസ്വേലയിലെ ആദ്യത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടും. ഇഡിയൊപാത്തിക് ട്രൈവെന്‍ട്രിക്കുലാര്‍ ഹൈഡ്രോസെഫാലസ് ബാധിച്ച ഒരു സ്ത്രീയുടെ രോഗശാന്തി പരിശുദ്ധ പിതാവ് അംഗീകരിച്ചതാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതിന് കാരണമായ അദ്ഭുതം.
1903 ഓഗസ്റ്റ് 11 ന് വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസില്‍ ജനിച്ച അവര്‍ 1927 ല്‍ വാഴ്ത്തപ്പെട്ട സാക്രമെന്റിന്റെ യേശുവിന്റെ സേവകരുടെ സഭയുടെ ഒരു സന്യാസിനിയായി. പിന്നീട് 1946 ല്‍ വെനസ്വേലയിലെ യേശുവിന്റെ സേവകരുടെ സഭയുടെ സ്ഥാപകരിലൊരാളായി.
സ്‌കൂളുകളിലും ഇടവകകളിലും കത്തോലിക്കാ വിശ്വാസികളെ സേവിച്ച വാഴ്ത്തപ്പെട്ട മരിയ കാര്‍മെന്‍ ദിവ്യകാരുണ്യത്തില്‍ യേശുവിനോടുള്ള സ്‌നേഹത്തിന് പേരു കേട്ടവളായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.