പാര്‍ട്ടി കോണ്‍ഗ്രസ്: വഖഫ് ബില്ലിനെ എതിര്‍ക്കാന്‍ സിപിഎം എംപിമാര്‍ സഭയില്‍ ഉണ്ടാകില്ലെന്ന് സൂചന; സ്പീക്കര്‍ക്ക് അവധിക്കത്ത് നല്‍കി

പാര്‍ട്ടി കോണ്‍ഗ്രസ്: വഖഫ് ബില്ലിനെ എതിര്‍ക്കാന്‍ സിപിഎം എംപിമാര്‍ സഭയില്‍ ഉണ്ടാകില്ലെന്ന് സൂചന; സ്പീക്കര്‍ക്ക് അവധിക്കത്ത് നല്‍കി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കാന്‍ സിപിഎം എംപിമാര്‍ ഉണ്ടാകില്ലെന്ന് സൂചന.

മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടതിനാല്‍ അടുത്ത നാല് ദിവസം സിപിഎം എംപിമാര്‍ ലോക്സഭാ സമ്മേളനത്തില്‍ സംബന്ധിക്കില്ല. ഇക്കാര്യം അറിയിച്ച് ആലത്തൂര്‍ എംപി കെ.രാധാകൃഷ്ണന്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കി.

കെ.രാധാകൃഷ്ണന്‍, അമ്ര റാം, എസ്.വെങ്കിടേശന്‍, ആര്‍.സച്ചിതാനന്ദം എന്നീ എംപിമാരാണ് ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ നാലാം തിയതി വരെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് കത്തിലൂടെ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ തങ്ങള്‍ എതിര്‍ക്കുകയാണെന്നും ഈ എതിര്‍പ്പ് സഭയില്‍ അവതരിപ്പിക്കേണ്ടതാണെന്നും സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ കെ.രാധാകൃഷ്ണന്‍ അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയാത്ത സാഹചര്യവും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫലത്തില്‍ വഖഫ് ഭേദഗതി ബില്ലില്‍ സിപിഎമ്മിന്റെ നാല് എംപിമാരും എതിര്‍ക്കുകയില്ലെന്നും ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നുമാണ് വിലയിരുത്തലുകള്‍. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്, സിപിഎം എംപിമാര്‍ വഖഫ് ബില്ലിനെ അനുകൂലിക്കണമെന്നാണ് കെസിബിസി ഉള്‍പ്പെടെയുള്ള ക്രൈസ്തവ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കുമെന്ന വഖഫ് ഭേദഗതി ബില്ലില്‍ എന്‍ഡിഎയിലെ ഘടകകക്ഷികളുടെ നിലപാടും നിര്‍ണായകമാണ്. കേന്ദ്രത്തെ പിന്തുണയ്ക്കുന്ന ജെഡിയു, ടിഡിപി, എല്‍ജെപി, ആര്‍എല്‍ഡി പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ സമ്മര്‍ദത്തിലാണ്. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലാണ് ആദ്യത്തെ അഗ്‌നിപരീക്ഷ. ബില്ലിനെ നിതീഷ് കുമാര്‍ പിന്തുണച്ചാല്‍ 17.6 ശതമാനം മുസ്ലീം സാന്നിധ്യമുള്ള ബിഹാറില്‍ ജെഡിയുവിന്റെ മുസ്ലീം വോട്ടുബാങ്കില്‍ വിള്ളല്‍ വീഴാനിടയുണ്ട്.

അതേസമയം, ബില്ലിനെ പിന്തുണച്ച് പ്രമുഖ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തു വന്നത് കേന്ദ്രസര്‍ക്കാരിന് നേട്ടമായി. ബില്ലിനെ പിന്തുണച്ച് ഞായറാഴ്ച കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ എഴുതിയ കത്തിനെ സ്വാഗതം ചെയ്ത് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനും ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവും രംഗത്തു വന്നിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.