വത്തിക്കാൻ സിറ്റി: നോമ്പുകാലം എല്ലാ വിശ്വാസികൾക്കും ആത്മാവിന്റെയും ശരീരത്തിന്റെയും രോഗസൗഖ്യത്തിൻ്റെ സമയമായി മാറട്ടെയെന്ന് ആശംസിച്ച് ഫ്രാൻസിസ് മാർപാപ്പ. യാതനകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ലോകമെങ്ങുമുള്ള എല്ലാ ജനസമൂഹങ്ങൾക്കുവേണ്ടി താൻ പ്രാർത്ഥന തുടരുന്നതായും നോമ്പിലെ നാലാം ഞായറാഴ്ചയായ മാർച്ച് 30-ന് വത്തിക്കാൻ പ്രസ് ഓഫീസ് പുറത്തുവിട്ട മാർപാപ്പയുടെ സന്ദേശത്തിൽ പറയുന്നു.
കഴിഞ്ഞ ആറ് ഞായറാഴ്ചകളിൽ പതിവുള്ള ത്രികാലജപ പ്രാർത്ഥന നയിക്കാൻ മാർപാപ്പയ്ക്ക് സാധിച്ചില്ലെങ്കിലും, അതോടനുബന്ധിച്ചു നൽകാറുള്ള പാപ്പയുടെ സന്ദേശം എല്ലാ ആഴ്ചയിലും വത്തിക്കാൻ പ്രസ് ഓഫീസ് പ്രസിദ്ധപ്പെടുത്തിയിരുന്നു. ലൂക്കായുടെ സുവിശേഷത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ധൂർത്തപുത്രന്റെ ഉപമയാണ് ഈയാഴ്ച പാപ്പാ തൻ്റെ വിചിന്തനങ്ങൾക്ക് ആധാരമാക്കിയത്. (ലൂക്കാ 15:11- 32)
സുഖം പ്രാപിക്കാനുള്ള ഒരു അവസരമായി നോമ്പുകാലത്തെ മാറ്റണമെന്ന് തന്റെ സന്ദേശത്തിൽ പരിശുദ്ധ പിതാവ് വിശ്വാസികളോട് ആഹ്വാനം ചെയ്തു. താനും ആത്മാവിലും ശരീരത്തിലും സുഖം പ്രാപിച്ചു വരികയാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
രക്ഷകനായ യേശുവിനെപ്പോലെ, തങ്ങളുടെ വാക്കുകളാലും ജ്ഞാനത്താലും അനുകമ്പയാലും പ്രാർത്ഥനയാലും മറ്റുള്ളവർക്ക് സൗഖ്യം പ്രദാനം ചെയ്യുന്ന ഉപകരണങ്ങളായി മാറുന്ന എല്ലാവരോടും പാപ്പാ ഹൃദയത്തിൽനിന്ന് നന്ദി അറിയിച്ചു. ബലഹീനതയും രോഗങ്ങളും എല്ലാവരുടെയും പൊതുവായ അനുഭവങ്ങളാണ്. എന്നാൽ അതിലുപരി, ക്രിസ്തു നമുക്കു പ്രദാനം ചെയ്ത രക്ഷയിൽ നാമേവരും സഹോദരങ്ങളാണ് - പാപ്പാ പറഞ്ഞു.
സമാധാനത്തിനായുള്ള പ്രാർത്ഥന തുടരണം
പിതാവായ ദൈവത്തിന്റെ കാരുണ്യത്തിൽ വിശ്വസിച്ച് സമാധാനത്തിനായുള്ള പ്രാർത്ഥന തുടരണമെന്ന് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. പ്രത്യേകിച്ച്, യുദ്ധക്കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉക്രെയ്ൻ, പലസ്തീൻ, ഇസ്രായേൽ, ലബനൻ, റിപ്പബ്ലിക് ഓഫ് കോംഗോ, മ്യാൻമർ എന്നിവിടങ്ങളിൽ സമാധാനം പുലരാനായി പാപ്പാ പ്രാർത്ഥിച്ചു.
മ്യാൻമറിലും തായ്ലൻ്റിലും വെള്ളിയാഴ്ചയുണ്ടായ അതിതീവ്ര ഭൂകമ്പത്തിൽ അവിടത്തെ ജനങ്ങളുടെ കഷ്ടപ്പാടുകൾ പതിന്മടങ്ങ് വർദ്ധിച്ചതായി പാപ്പാ ചൂണ്ടിക്കാട്ടി.
ദക്ഷിണ സുഡാനിലെ ആശങ്കാജനകമായ അവസ്ഥ
ദക്ഷിണ സുഡാനിലെ സ്ഥിതിഗതികൾ താൻ വളരെയധികം ആശങ്കയോടെയാണ് നിരീക്ഷിക്കുന്നതെന്ന് മാർപാപ്പ പറഞ്ഞു. അവിടത്തെ സംഘർഷത്തിന് അയവു വരുത്താനും പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനും ചർച്ചകൾ തുടരണമെന്ന് ആ രാജ്യത്തെ നേതാക്കളോട് പാപ്പാ വീണ്ടും ആഹ്വാനം ചെയ്തു.
അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച്, ധൈര്യത്തോടും ഉത്തരവാദിത്തത്തോടുംകൂടെ ഒരു മേശക്കു ചുറ്റുമിരുന്ന് ക്രിയാത്മകമായ സംഭാഷണങ്ങളിൽ ഏർപ്പെടണമെന്ന് മാർപാപ്പ അഭ്യർത്ഥിച്ചു. 'പ്രിയപ്പെട്ട ദക്ഷിണ സുഡാനീസ് ജനതയുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനും സമാധാനപൂർണവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കാനും അപ്പോൾ മാത്രമേ കഴിയൂ' - പാപ്പാ ഓർമ്മപ്പെടുത്തി.
തജികിസ്ഥാനും കിർഗിസ്ഥാനും തമ്മിലുള്ള കരാർ
താജികിസ്ഥാനും കിർഗിസ്ഥാനും തമ്മിലുള്ള അതിർത്തിനിർണയ കരാർ മാതൃകാപരവും ശുഭസൂചന നൽകുന്നതുമായ കാര്യമാണ്. 'മികച്ച ഒരു നയതന്ത്ര നേട്ട'മെന്നാണ് പാപ്പാ കരാറിനെ വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളെയും സമാധാനത്തിന്റെ പാതയിൽ തുടരാൻ താൻ പ്രോത്സാഹിപ്പിക്കുന്നതായും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ഇപ്രകാരമുള്ള നല്ല വാർത്തകളെയോർത്ത് താൻ ദൈവത്തിന് നന്ദി പറയുന്നുവെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.
'ഓ മറിയമേ, കരുണയുടെ മാതാവേ, മനുഷ്യകുലത്തെ സമാധാനത്തിൽ അനുരഞ്ജിപ്പിക്കാൻ സഹായിക്കണമേ!' - ഈ പ്രാർത്ഥനയോടെയാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.