മധുര: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് തമിഴ്‌നാട്ടിലെ മധുരയില്‍ തുടക്കമായി. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തിയതോടെയാണ് 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്.
പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, മണിക് സര്‍ക്കാര്‍, എംഎ ബേബി, ബൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കള്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് പ്രതിനിധി സമ്മേളനം പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.
പാര്‍ട്ടിയുടെ ബഹുജന അടിത്തറ നഷ്ടപ്പെടുന്നതിലും മുന്‍കാല തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിലെ വീഴ്ചയിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന അവലോകന റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനമുണ്ട്.
പാര്‍ട്ടി അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയും അതിനുള്ള വിശദമായ പദ്ധതിയും റിപ്പോര്‍ട്ടില്‍ മുന്നോട്ടു വെക്കുന്നു. പാര്‍ട്ടി കേഡര്‍മാരില്‍ പാര്‍ട്ടി വിദ്യാഭ്യാസം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ട് അടിവരയിടുന്നു.
പാര്‍ലമെന്ററി സ്ഥാനങ്ങളോട് നേതാക്കള്‍ക്കിടയില്‍ താല്‍പ്പര്യം വര്‍ധിക്കുന്നു. ഈ പ്രവണത ബഹുജനങ്ങള്‍ക്കും തൊഴിലാളി വര്‍ഗങ്ങള്‍ക്കുമിടയില്‍ നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. അധികാര കേന്ദ്രങ്ങളുമായും സാമ്പത്തികമായി സമ്പന്നരായ വര്‍ഗവുമായും വിട്ടുവീഴ്ച ചെയ്യുന്ന പ്രവണതയും വര്‍ധിച്ചു വരുന്നു. സ്വാഭാവികമായും തൊഴിലാളി വര്‍ഗത്തോടുള്ള സമീപനത്തെ ഇത് ബാധിക്കുന്നുവെന്നും അവലോകന രേഖയില്‍ കുറ്റപ്പെടുത്തുന്നു.
പാര്‍ട്ടിയുടെ സ്വതന്ത്ര ശക്തിയും രാഷ്ട്രീയ ഇടപെടല്‍ ശേഷിയും വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. പാര്‍ട്ടി മുമ്പ് പല അവസരങ്ങളിലായി നിരവധി രാഷ്ട്രീയ, സംഘടനാ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഇവ പാര്‍ട്ടിക്കുള്ളില്‍ മതിയായ ഗൗരവത്തോടെ നടപ്പിലാക്കണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ബഹുജന, വര്‍ഗ പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത പിന്തുണ തിരഞ്ഞെടുപ്പ് നേട്ടങ്ങളാക്കി മാറ്റുന്നതില്‍ പാര്‍ട്ടി പരാജയപ്പെടുന്നു. വര്‍ഗീയ പ്രചാരണത്തെ ഫലപ്രദമായി നേരിടാന്‍ കഴിയുന്നില്ല. തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി നയത്തില്‍ വിട്ടുവീഴ്ച പാടില്ല. വിവിധ പ്രദേശങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ പാര്‍ട്ടി ശക്തമായി ഇടപെടണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ-എംഎല്‍, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറിമാര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കും. 80 നിരീക്ഷകര്‍ അടക്കം എണ്ണൂറിലധികം പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നും 175 പ്രതിനിധികളാണുള്ളത്. രാഷ്ട്രീയ പ്രമേയം പ്രകാശ് കാരാട്ടും, സംഘടനാ റിപ്പോര്‍ട്ട് മുതിര്‍ന്ന പി.ബി അംഗം ബി.വി രാഘവലുവും അവതരിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.