മൂന്നാംവട്ട ചര്‍ച്ചയും വിജയിച്ചില്ല: സമിതിയെ വെക്കാമെന്ന നിര്‍ദേശം തള്ളി ആശാ പ്രവര്‍ത്തകര്‍; സമരം തുടരും

മൂന്നാംവട്ട ചര്‍ച്ചയും വിജയിച്ചില്ല: സമിതിയെ വെക്കാമെന്ന നിര്‍ദേശം തള്ളി ആശാ പ്രവര്‍ത്തകര്‍; സമരം തുടരും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ മൂന്നാംവട്ട ചര്‍ച്ചയും വിജയം കണ്ടില്ല. വെള്ളിയാഴ്ചയും ചര്‍ച്ച തുടരും.

മുന്‍ ചര്‍ച്ചകളിലെപ്പോലെ ഓണറേറിയം വര്‍ധനവ് സംബന്ധിച്ചും വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ചും യാതൊരു തീരുമാനവും ഉണ്ടായില്ലെന്ന് സമര സമിതി നേതാവ് എസ്. മിനി പറഞ്ഞു.

പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കുന്നതിനെക്കുറിച്ച് നിര്‍ദേശം ആരോഗ്യ മന്ത്രി മുന്നോട്ടുവെച്ചു. അതിനെ തങ്ങളുടെ സംഘടനയായ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷ (കെഎഎച്ച്ഡബ്ല്യുഎ) ഒഴികെ സിഐടിയുവും ഐഎന്‍ടിയുസിയും അംഗീകരിച്ചതായും അവര്‍ പറഞ്ഞു.

ഓണറേറിയം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചോ വിരമിക്കല്‍ അനുകൂല്യത്തെ കുറിച്ചോ ചര്‍ച്ച ചെയ്തിട്ടില്ല. കമ്മിറ്റി വെക്കുന്ന നിര്‍ദേശം തങ്ങള്‍ അംഗീകരിച്ചിട്ടില്ല. സര്‍ക്കാര്‍ കൂടെയുണ്ടെന്ന് എന്നത്തേയും പോലെ ഇന്നും പറഞ്ഞു. ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് താല്‍പര്യം ഉണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ല.

ഓണറേറിയം വെറും 3000 എങ്കിലും വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഒന്നും മിണ്ടുന്നില്ല. ചര്‍ച്ചയില്‍ തങ്ങള്‍ തൃപ്തരല്ല. സമരവുമായി ശക്തമായി മുന്നോട്ട് പോകും. മന്ത്രി വിളിച്ചാല്‍ അടുത്ത ദിവസത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും മിനി പറഞ്ഞു.

കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോര്‍ജ്, കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്‍സെന്റീവ് വര്‍ധന കേന്ദ്രം ഗൗരവത്തോടെ ആലോചിക്കുന്നുണ്ടെന്നാണ് ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രി പറഞ്ഞത്.

ഓണറേറിയം വര്‍ധിപ്പിക്കണമെന്നും അഞ്ച് ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്നുമുള്ള ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയായാണ് ആശമാരുടെ സംഘടന. ആശാ വര്‍ക്കര്‍മാരുടെ സമരം 53 ദിവസം പിന്നിട്ട സാഹചര്യത്തിലായിരുന്നു ചര്‍ച്ച.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.