വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ ആസ്ഥാനമായ വത്തിക്കാന്റെ വിവര വിനിമയ മാധ്യമമായ വത്തിക്കാന്‍ ന്യൂസ് ഇനി 56 ഭാഷകളില്‍ ലഭ്യമാകും. മാര്‍പാപ്പയുടെ സന്ദേശങ്ങളും വത്തിക്കാനില്‍ നിന്നുള്ള വിവരങ്ങളും ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ നല്‍കി വരുന്ന വത്തിക്കാന്‍ ന്യൂസിന്റെ സേവനം പ്രശംസനീയമാണ്.
വത്തിക്കാന്‍ റേഡിയോ, വത്തിക്കാന്റെ ദിനപ്പത്രവും ആഴ്ചപ്പതിപ്പുമായ ലൊസര്‍വത്തോരെ റൊമാനോ , വത്തിക്കാന്റെ മറ്റിതര മാധ്യമങ്ങള്‍ എന്നിവ സംയുക്തമായി ചേര്‍ന്നതാണ് വത്തിക്കാന്‍ മാധ്യമ ശ്രൃംഖല. ഭാഷാന്തര, സംസ്‌കാരികാന്തര, മാധ്യമാന്തര ഉപാധികളിലൂടെ ദൃശ്യ-ശ്രാവ്യ-അക്ഷര രൂപങ്ങളില്‍ വാര്‍ത്തകള്‍ ആഗോള സമൂഹത്തിന് ലഭ്യമാക്കുക എന്നതാണ് വത്തിക്കാന്‍ മാധ്യമ ശ്രൃംഖലയുടെ ദൗത്യം.
ഇതിന്റെ ഭാഗമായി ഒരു കോടിയോളം ജനസംഖ്യയുള്ള അസര്‍ബൈജാനിലെ ഭാഷയായ അസര്‍ബൈജാനിയിലും ഏപ്രില്‍ രണ്ട് മുതല്‍ വത്തിക്കാന്‍ ന്യൂസ് ലഭ്യമാണ്. ജീവിക്കുന്ന ശിലകള്‍ കൊണ്ട് പണി ചെയ്യപ്പെട്ട സഭയെ പടുത്തുയര്‍ത്തുന്നതില്‍ എല്ലാ ഭാഷകളും പ്രധാനപ്പെട്ടതാണെന്ന് വാര്‍ത്താ വിനിമയ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പ്രീഫെക്ട് പൗളോ റുഫീനി പറഞ്ഞു.
അസര്‍ബൈജാന്‍ സന്ദര്‍ശിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഇരുപതാം ചരമ വാര്‍ഷിക ദിനമായ ഏപ്രില്‍ രണ്ടിനാണ് വത്തിക്കാന്‍ ന്യൂസ് അസര്‍ബൈജാനി ഭാഷയിലും സേവനമാരംഭിച്ചത്.
2002 മെയ് 23ന് അസര്‍ബൈജാനിലെ ബാകുവില്‍ സുവിശേഷ പ്രഘോഷണം നടത്തവേ, രാജ്യത്തെ ചെറിയൊരു സമൂഹം മാത്രമാണെങ്കിലും പൊതുസമൂഹത്തിന്റെ പുളിമാവും ആത്മാവുമായിരിക്കണം ക്രൈസ്തവ സമൂഹമെന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പറഞ്ഞിരുന്നുവെന്ന് അസര്‍ബൈജാന്‍ അപ്പസ്‌തോലിക പ്രീഫെക്ട് ബിഷപ്പ് വ്‌ളാഡിമിര്‍ ഫെക്കത്തെ അനുസ്മരിച്ചു.
അസര്‍ബൈജാനിലെ കത്തോലിക്കരില്‍ ഭൂരിഭാഗവും മറ്റു ഭാഷകള്‍ സംസാരിക്കില്ലെന്നും സഭാപരമായ കാര്യങ്ങള്‍ക്ക് വിശ്വസനീയമല്ലാത്ത പല ഉറവിടങ്ങളെയും ആശ്രയിക്കേണ്ട അവസ്ഥയിലാണ് അവര്‍ ജീവിക്കുന്നതെന്നും ആഗോള സഭയുടെ ശരിയായ വിവരങ്ങള്‍ സ്വന്തം ഭാഷയില്‍ ലഭിക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നും ബിഷപ്പ് ഫെക്കത്തെ പറഞ്ഞു. രാജ്യത്ത് മാത്രമല്ല രാജ്യത്തിന് പുറത്തു ജീവിക്കുന്ന ലക്ഷകണക്കിന് ജനങ്ങളും സംസാരിക്കുന്നത് അസര്‍ബൈജാനി ഭാഷയാണ്.
ലക്ഷങ്ങള്‍ക്ക് പാപ്പയുമായും ആഗോള സഭയുമായുമുള്ള ബന്ധത്തിന് സഹായകരമായി മാറുന്ന ഒരു ശ്രമമാണിതെന്ന് വത്തിക്കാന്‍ റേഡിയോ, വത്തിക്കാന്‍ ന്യൂസ് എന്നിവയുടെ മേധാവിയും എഡിറ്റോറിയല്‍ അസിസ്റ്റന്റ് ഡയറക്ടറുമായ മാസിമിലിയാനോ മെനിക്കെത്തി പറഞ്ഞു.
മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ നാല് ഇന്ത്യന്‍ ഭാഷകളിലും മാര്‍പാപ്പയുടെയും ആഗോള സഭയുടെയും വാര്‍ത്തകള്‍ വത്തിക്കാന്‍ ന്യൂസ് നല്‍കി വരുന്നുണ്ട്. https://www.vaticannews.va/ml.html എന്ന വെബ് പേജിലും, വത്തിക്കാന്‍ റേഡിയോയിലും (SW 17790 Khz, 16.86 m), Vatican News - Malayalam എന്ന ഫെയ്‌സ്ബുക് പേജിലും വത്തിക്കാനില്‍ നിന്നുള്ള മലയാളം വാര്‍ത്തകള്‍ ലഭ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.