ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ കത്തോലിക്ക വൈദികരെയും വിശ്വാസികളെയും വിഎച്ച്പി പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. മലയാളി വൈദികരെ അടക്കം ആക്രമിച്ച സംഭവത്തിലാണ് കേസ്. അക്രമം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് നടപടി.
2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി ജബല്‍പൂരിലെ മാണ്ഡല ഇടവകയില്‍ നിന്നുള്ള പുരോഹിതന്‍മാരും വിശ്വാസികളും ജബല്‍പൂരിലെ വിവിധ കത്തോലിക്ക ദേവാലയങ്ങളിലേക്ക് തീര്‍ഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികള്‍ അക്രമം നടത്തുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഈ അതിക്രമം നടന്നത്. നാല് ദിവസത്തിന് ശേഷം എഫ്.ഐ.ആര്‍ ഇട്ടെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല.
അതിരൂപതയിലെ വികാരി ജനറല്‍ ഫാ. ഡേവിസ് ജോര്‍ജ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് തോമസ്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഫെലിക്‌സ് ബാര എന്നിവരെ ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു.
ജബല്‍പൂരിലെ വിവിധ ദേവാലയങ്ങളിലേക്ക് തീര്‍ഥാടനത്തിന് പുറപ്പെട്ട സ്ത്രീകളും കുട്ടികളും അടങ്ങുന്ന 52 അംഗ സംഘത്തെ തടഞ്ഞുവെച്ചതറിഞ്ഞ് സഹായത്തിനെത്തിയ വൈദിക സംഘമാണ് ആക്രമിക്കപ്പെട്ടത്. ഇക്കാര്യം ജബല്‍പൂര്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ ഫാ. ജോര്‍ജ് തോമസ് വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.