മണിപ്പൂരോ, ജബല്‍പ്പൂരോ പ്രശ്‌നമല്ല; കഫിയ അണിഞ്ഞും പാലസ്തീന്‍ അനുഭാവം: സിപിഎമ്മിന്റെ നയം മാറ്റം വ്യക്തം

മണിപ്പൂരോ, ജബല്‍പ്പൂരോ പ്രശ്‌നമല്ല; കഫിയ അണിഞ്ഞും പാലസ്തീന്‍ അനുഭാവം: സിപിഎമ്മിന്റെ നയം മാറ്റം വ്യക്തം

കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ നിര്‍ണായക ശക്തിയായ ക്രൈസ്തവ മത വിഭാഗങ്ങളുടെ പിന്തുണ ഇനിയുള്ള കാലങ്ങളില്‍ തങ്ങള്‍ക്ക്  കാര്യമായി   ലഭിക്കില്ലെന്ന ബോധ്യമാണ് സിപിഎമ്മിനെ പാലസ്തീന്‍ സ്തുതിപാഠകരാക്കി മാറ്റുന്നത്.

കൊച്ചി: സിപിഎമ്മിന്റെ നയം മാറ്റം മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ വ്യക്തം. രാജ്യത്ത് സിപിഎമ്മിന് ഇനി അധികാരത്തിലെത്താന്‍ സാധ്യതയുള്ള ഏക സംസ്ഥാനം കേരളമാണെന്നും അതിന് പാര്‍ട്ടിയുടെ ചെങ്കൊടിയില്‍ പച്ച നിറം കൂടി ചേര്‍ക്കേണ്ടി വരുമെന്ന തിരിച്ചറിവാണ് ഇന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ കണ്ട കഫിയ അണിഞ്ഞ പാലസ്തീന്‍ ഐക്യദാര്‍ഡ്യ പ്രഖ്യാപനം.

താരതമ്യേന കാലിക പ്രസക്തി നഷ്ടപ്പെട്ട പാലസ്തീന്‍ വിഷയം വീണ്ടും ഉയര്‍ത്തി കൊണ്ടുവന്ന് അവര്‍ക്ക് പിന്തുണയും ഐക്യദാര്‍ഡ്യവും പ്രഖ്യാപിച്ചത് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ പാലസ്തീന്‍കാര്‍ കേരളത്തിലെത്തി സിപിഎമ്മിന് വോട്ടു ചെയ്യുമെന്ന വ്യാമോഹം കൊണ്ടല്ല. എങ്ങിനെയെങ്കിലും കേരളത്തിലെ മുസ്ലീം സമുദായത്തിന്റെ വോട്ട് പെട്ടിയിലാക്കണമെന്ന കുനിഷ്ട് ബുദ്ധിയാണതിന് പിന്നില്‍.

സംസ്ഥാന സര്‍ക്കാരിന് കൃത്യമായി ഇടപെടാന്‍ സാധിക്കുമായിരുന്നിട്ടും ജുഡീഷ്യല്‍ കമ്മീഷനെ വച്ച് മുനമ്പം വിഷയം പരമാവധി വലിച്ചു നീട്ടാന്‍ ശ്രമിക്കുകയും വിഴിഞ്ഞത്ത് പ്രതിഷേധിച്ച തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ. ജോര്‍ജ് നെറ്റോയ്ക്കും വൈദികര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്ത സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎം, രാജ്യത്ത് ക്രൈസ്തവര്‍ നിരന്തരം നേരിടുന്ന അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും നേരേ മുഖം തിരിച്ചാണ് പാലസ്തീന്‍ ജനതയ്ക്ക് 'ചോരചുവപ്പന്‍' പിന്തുണ പ്രഖ്യാപിക്കുന്നത്.

മണിപ്പൂരോ, ജബല്‍പ്പൂരോ സിപിഎമ്മിന് പ്രശ്‌നമല്ല. പാലസ്തീനാണ് അവരുടെ സങ്കടം. കേരളത്തിലെ ക്രൈസ്തവ സമൂഹത്തോട് അല്‍പമെങ്കിലും കരുതല്‍ സിപിഎമ്മിനുണ്ടായിരുന്നെങ്കില്‍ പാലസ്തീന്‍ ഐക്യദാര്‍ഡ്യത്തിനൊപ്പം മധ്യപ്രദേശിലെ ജബല്‍പൂരില്‍ രണ്ട് മലയാളി വൈദികര്‍ തീവ്ര ഹിന്ദുത്വ വാദികളുടെ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ ഒരു പ്രതിഷേധമെങ്കിലും അറിയിക്കാമായിരുന്നു. പക്ഷേ, അതുണ്ടായില്ല.

മുഖ്യമന്ത്രി പേരിനൊരു പ്രസ്താവന നടത്തിയതല്ലാതെ സിപിഎം ദേശീയ നേതൃത്വം ഇതുവരെ കാര്യമായ പ്രതികരണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയം. ഇനി പ്രതിസ്ഥാനത്ത് സംഘപരിവാര്‍ സംഘടനകളായതുകൊണ്ട് വെറുതേ അതുമിതുമൊക്കെ പറഞ്ഞ് അവരെ പിണക്കേണ്ട എന്ന് കരുതിയിട്ടാണോ എന്നും അറിയില്ല.

രാഷ്ട്രീയത്തില്‍ പല 'കൊടുക്കല്‍വാങ്ങലുകള്‍' പതിവാണല്ലോ. മാത്രമല്ല, പാലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേലിനെ നാല് തെറി വിളിച്ചാലും നെതന്യാഹുവിന്റെ സൈന്യം കേരളത്തില്‍ ബോംബിങൊന്നും നടത്തുകയുമില്ല.

പക്ഷേ, ലാവലിനും മാസപ്പടി കേസുമൊക്കെ തലയ്ക്ക് മുകളില്‍ ഭീഷണിയായി നില്‍ക്കുമ്പോള്‍ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ പ്രതികരിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് സിപിഎമ്മിനറിയാം. അതിനാല്‍ മണിപ്പൂരും ജബര്‍പ്പൂരുമൊന്നും അവര്‍ക്കൊരു വിഷയമേ അല്ല.

കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ നിര്‍ണായക ശക്തിയായ ക്രൈസ്തവ മത വിഭാഗങ്ങളുടെ പിന്തുണ ഇനിയുള്ള കാലങ്ങളില്‍ തങ്ങള്‍ക്ക്  കാര്യമായി  ലഭിക്കില്ലെന്ന ബോധ്യമാണ് സിപിഎമ്മിനെ പാലസ്തീന്‍ സ്തുതിപാഠകരാക്കി മാറ്റുന്നത്. പാലസ്തീന്‍ ഉള്‍പ്പെടെയുള്ള പല മാര്‍ഗങ്ങളിലൂടെ വിവിധ മുസ്ലീം വിഭാഗങ്ങളെ കൈയ്യിലെടുക്കുക എന്നതാണ് സിപിഎമ്മിന്റെ അടവ് നയം. പിണറായി വിജയന്‍ രഹസ്യമായി നേരത്തേ ആരംഭിച്ച കരുനീക്കള്‍ക്ക് മധുര പാര്‍ട്ടി കോണ്‍ഗ്രസ് പരസ്യമായ അംഗീകാരം നല്‍കി എന്ന് ചുരുക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.