ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കുക 2034 ന് ശേഷം മാത്രം; അഭ്യൂഹങ്ങള്‍ തള്ളി ധനമന്ത്രി നിര്‍മല സീതാരാമന്‍

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കുക 2034 ന് ശേഷം മാത്രം; അഭ്യൂഹങ്ങള്‍ തള്ളി ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തള്ളി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പുകളില്‍ ഒന്നും തന്നെ ഈ പദ്ധതി നടപ്പാക്കില്ലെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുക വഴിയുണ്ടാവുന്ന വന്‍ തുകയുടെ ലാഭത്തെ കുറിച്ച് ഉള്‍പ്പെടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ സംസാരിച്ചു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഉദാഹരണമായി എടുത്തായിരുന്നു മന്ത്രിയുടെ പ്രതികരണം. ഏകദേശം ഒരു ലക്ഷം കോടി രൂപ തിരഞ്ഞെടുപ്പിനായി ചിലവഴിച്ചുവെന്നും ഒരേസമയം തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിലൂടെ ഇത്രയും വലിയ ചെലവ് ലാഭിക്കാന്‍ കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന്റെ ജിഡിപിയില്‍ പ്രതിഫലിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ഒരേസമയം തിരഞ്ഞെടുപ്പുകള്‍ നടത്തിയാല്‍, രാജ്യത്തിന്റെ ജിഡിപിയില്‍ ഏകദേശം 1.5 ശതമാനം വളര്‍ച്ച കൂട്ടിച്ചേര്‍ക്കപ്പെടും. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ സമ്പദ്‌വ്യവസ്ഥയില്‍ 4.50 ലക്ഷം കോടി രൂപ അധികമായി വന്നുചേരുമെന്നും മന്ത്രി പറഞ്ഞു.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിയെക്കുറിച്ച് ചില പാര്‍ട്ടികള്‍ തെറ്റായ പ്രചാരണം നടത്തുകയും അതിനെ അന്ധമായി എതിര്‍ക്കുകയും ചെയ്യുന്നുവെന്ന് നിര്‍മല സീതാരാമന്‍ ആരോപിച്ചു. 2034 ന് ശേഷം മാത്രമേ ഒരേ സമയം തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ പദ്ധതിയിട്ടിട്ടുള്ളൂവെന്നും അന്നത്തെ രാഷ്ട്രപതിയുടെ അനുമതിക്കായി ഇപ്പോള്‍ അടിത്തറ പാകുകയാണെന്നും മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.