റിയാദ്: സൗദി അറേബ്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് ഇനി മുതല്‍ രാജ്യത്ത് സ്വന്തമായി ഭൂമിയും വാങ്ങാന്‍ സാധിക്കും. വിദേശ നിക്ഷേപകര്‍ക്കായി സ്വന്തമായി വസ്തു വാങ്ങിക്കുവാനുള്ള വാതില്‍ തുറന്നു നല്‍കുകയാണ് സൗദി. ഇതോടെ വിദേശിയര്‍ക്ക് നിക്ഷേപം നടത്തുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയില്‍ റിയല്‍ എസ്റ്റേറ്റ് വസ്തുക്കള്‍ വാങ്ങാനും വില്‍ക്കാനും അനുമതി ലഭിക്കും. എന്നാല്‍ ഇതിന് ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.
എന്നിരുന്നാലും ബിസിനസ് ആവശ്യത്തിന് വേണ്ടി ഭൂമി ഉപയോഗിക്കാനായി അനുമതി നല്‍കുന്ന പുതിയ അനുകൂല ചട്ടങ്ങള്‍ സൗദി അറേബ്യയില്‍ നിക്ഷേപകരായെത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളാകും ഒരുക്കി നല്‍കുക. വിദേശ നിക്ഷേപകര്‍ക്ക് സൗദിയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് കൂടുതല്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി നിക്ഷേപ മന്ത്രാലയം പുതിയൊരു പദ്ധതി കൂടി അവതരിപ്പിച്ചിരിക്കുന്നത്.
സൗദിയില്‍ വ്യക്തിഗത താമസത്തിനോ, വ്യാവസായിക ആവശ്യങ്ങള്‍ക്കോ, കമ്പനി ആസ്ഥാനം സ്ഥാപിക്കുന്നതിനോ, ജീവനക്കാര്‍ക്കുള്ള താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനോ, വെയര്‍ഹൗസുകള്‍ നിര്‍മിക്കുന്നതിനോ, റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ നിക്ഷേപ മന്ത്രാലയത്തിന്റെ അനുമതി തേടണം. ഇതിന് പ്രത്യേക ഫീസൊന്നും ഈടാക്കുന്നില്ല. ഇതിനായി മന്ത്രാലയത്തിന്റെ ഇ-സര്‍വീസസ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ നല്‍കി അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ അംഗീകാരവും ലഭിക്കും.
അതേസമയം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വാങ്ങുന്ന സ്ഥലം മക്ക, മദീന എന്നീ നഗരങ്ങളുടെ അതിര്‍ത്തിക്ക് പുറത്തായിരിക്കണം എന്നതാണ്. ദീര്‍ഘകാല നിക്ഷേപം ലക്ഷ്യമിട്ടുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കാണ് അനുമതി ലഭിക്കുക. ഇനി സ്ഥലം സ്വന്തമാക്കുന്നതിനും മറ്റുമായി ആവശ്യമായി വരുന്ന രേഖകള്‍ എന്തെല്ലാമാണ് എന്ന് നോക്കാം.
മുനിസിപ്പാലിറ്റിയുടെ കെട്ടിട പെര്‍മിറ്റിന്റെ പകര്‍പ്പ്, മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള അംഗീകാര കത്ത്, അല്ലെങ്കില്‍ ഒരു ഔദ്യോഗിക അധികാരി നല്‍കുന്ന ഭൂമിയുടെ ഉദ്ദേശിച്ച ഉപയോഗം സൂചിപ്പിക്കുന്ന ഒരു പ്രസ്താവന. വസ്തു ആധാരത്തിന്റെ പകര്‍പ്പ് എന്നിവ നിര്‍ബന്ധമാണ്.
ഇതോടൊപ്പം ഒരു റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റ് നടപ്പിലാക്കാനോ അല്ലെങ്കില്‍ വില്‍ക്കുന്നതിനോ ആയി റിയല്‍ എസ്റ്റേറ്റ് വികസന കമ്പനികള്‍ സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സിന്റെ അംഗീകാരമുള്ള ഒരു എഞ്ചിനീയറിങ് ഓഫീസില്‍ നിന്നുള്ള മൊത്തം പ്രോജക്ട് ചെലവ് വിശദമാക്കുന്ന ഒരു റിപ്പോര്‍ട്ടും ആവശ്യമാണ്. ഭൂമിക്കും നിര്‍മാണത്തിനുമായി പദ്ധതി ചെലവ് മൂന്ന് കോടി റിയാലില്‍ കുറയാത്തതായിരിക്കണം എന്നതും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ വാങ്ങിയ വസ്തു പദ്ധതി വികസനത്തിനായി ഉപയോഗപ്പെടുത്തുകയും വേണം. സൗദി അറേബ്യയുടെ വിഷന്‍ 2030 ന്റെ ഭാഗമായി ടൂറിസം, സാങ്കേതിക വിദ്യ, ഊര്‍ജ്ജം, നിര്‍മാണം, ഖനനം തുടങ്ങിയ വിവിധ മേഖലകളില്‍ വലിയ നിക്ഷേപ സാധ്യതകളാണ് തുറക്കപ്പെടുന്നത്. അതിനാല്‍ വിദേശ സംരംഭകര്‍ക്ക് സൗദി അറേബ്യയില്‍ പുതിയ ബിസിനസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ട്. പ്രത്യേക സാമ്പത്തിക മേഖലകള്‍ സ്ഥാപിക്കുന്നത് നിക്ഷേപം കൂടുതല്‍ ആകര്‍ഷകമാക്കുകയും ചെയ്തിട്ടുണ്ട്.
വിദേശ നിക്ഷേപകര്‍ക്കും ഇനി വസ്തു ഉടമസ്ഥാവകാശം
പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കും സുസ്ഥിര വികസന സംരംഭങ്ങള്‍ക്കും സൗദി അറേബ്യ വലിയ പ്രോത്സാഹനവും നല്‍കുന്നുണ്ട്. ഇത് വിദേശ നിക്ഷേപകര്‍ക്ക് പുതിയ സാധ്യതകള്‍ തുറന്നു കൊടുക്കുകയും ചെയ്യുന്നു. സൗദി അറേബ്യയുടെ ഈ തുറന്ന സമീപനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും വൈവിധ്യവല്‍ക്കരണത്തെയും ലക്ഷ്യമിട്ടുള്ളതാണ്. പുതിയ നിയമങ്ങള്‍ അനുസരിച്ച്, വിദേശ നിക്ഷേപകര്‍ക്ക് മക്ക, മദീന ഒഴികെയുള്ള സ്ഥലങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കാനും വികസിപ്പിക്കാനും സാധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.