"മതേതരത്വത്തിന്റെ പുതിയ വഴികൾ? എം. എ ബേബി വീണ്ടും ശ്രദ്ധയിൽ"


ഇ. എം ശങ്കരൻ നമ്പൂതിരിപ്പാടിന് ശേഷം മലയാളിയെന്ന നിലയിൽ ആ പദവിയിലെത്തുന്ന രണ്ടാമത്തെ നേതാവാണ് ബേബി. എന്നാൽ അദേഹത്തിന്റെ പൊതു ജീവിതത്തിൽ ക്രൈസ്തവ വിശ്വാസികളോടും സമുദായത്തോടുമുള്ള അകൽച്ച പുതിയ സ്ഥാനലബ്ധിയിലും അദേഹം ഉപേക്ഷിക്കുന്നില്ല എന്ന് വീണ്ടും വ്യക്തമാകുന്ന രീതിയിലാണ് ഇന്ന് ഒരു ചാനലിന് നൽകിയ ഇന്റർവ്യൂവിൽ പ്രകടമാക്കിയത്.

മുനമ്പത്തെ സമരവും മെത്രാന്മാരുടെ സമീപനവും ആശാ വർക്കേഴ്‌സിന്റെ സമരവുമൊക്കെ മറ്റൊരു വിമോചന സമരത്തിന് ആരൊക്കെയോ കേരളത്തിൽ കളമൊരുക്കുന്നതിന്റെ സൂചനയാണെന്ന് തിരഞ്ഞെടുക്കപ്പെട്ടതിന്റെ അടുത്ത ദിവസം എം. എ ബേബി പറഞ്ഞു. അദേത്തിന്റെ ഉള്ളിലെ ക്രൈസ്തവ വിരുദ്ധതയുടെ സൂചനകളാണ് ഇത്തരം പ്രസ്താവനകളെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

കത്തോലിക്കാ കുടുംബത്തിൽ ജനിച്ച അദേഹം അമ്മയോടൊപ്പം പള്ളിയിൽ സജീവമായി പങ്കെടുത്തിരുന്നെങ്കിലും പിന്നീട് അച്ഛന്റെ സ്വാധീനത്തിൽ നിരീശ്വരവാദത്തിലേക്കും കടുത്ത മതവിരുദ്ധ നിലപാടുകളിലേക്കും മാറിയതായുള്ള ചരിത്രം മലയാളികൾക്ക് സുപരിചിതമാണ്. കുണ്ടറയിലെ ദേവാലയത്തിലെ അൾത്താര ബാലസംഘത്തിൽ നിന്ന് സാമൂഹ്യ ജീവിതം ആരംഭിച്ചെങ്കിലും പിന്നീട് എസ്എഫ്ഐയിലൂടെയും പാർട്ടി പ്രവർത്തനത്തിലൂടെയും കടുത്ത കമ്മ്യൂണിസ്റ്റ് തത്വചിന്തയിലേക്ക് മാറി.

വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അദേഹം സ്വീകരിച്ച നിലപാടുകൾ ഇപ്പോഴും ക്രൈസ്തവ സമൂഹത്തിന്‍റെ ഉള്ളിൽ ഭയപ്പാടുകളുടെ ഓർമകളാണ്. അന്നത്തെ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പൗവത്തിൽ പിതാവിന്റെ നേതൃത്വത്തിൽ നടന്ന വിദ്യാഭാസ അവകാശ പ്രക്ഷോഭങ്ങൾ അദേഹത്തിന്റെ പല ക്രൈസ്തവ വിരുദ്ധ നീക്കങ്ങളെ പരാജയപ്പെടുത്തിയെങ്കിലും നിലപാടുകളിലും സമീപനങ്ങളിലും എന്നും ഈ ക്രൈസ്തവ വിരുദ്ധത നിഴലിച്ചിരുന്നു. "മുണ്ടശേരിയാകാൻ എം. എ ബേബി ശ്രമിക്കുന്നു" എന്ന ആക്ഷേപം പലരും ഉയർത്തിയതും ഈ കാലത്താണ്.

അതിലുപരി "രൂപത – കുറച്ച് രൂപ താ, അതിരൂപത – അധികം രൂപ താ" എന്ന വിവാദ പ്രസ്താവനയും പ്രൊഫസർ ജോസഫിന്റെ കൈ വെട്ടിയ സംഭവത്തിൽ മുസ്ലീം തീവ്രവാദികളുടെ ചിന്താഗതികളോട് മൃദുസമീപനമെടുക്കുകയും ജോസഫിനെ കുറിച്ച് പലവട്ടം നിന്ദാസൂചകമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതും ബേബിയെ വിശ്വാസികളുടെ മനസിൽ സംശയത്തിന്റെ കേന്ദ്രമാക്കി മാറ്റുകയായിരുന്നു. അർഹതപ്പെട്ട ശിക്ഷയാണ് ജോസഫ് മാഷിന് ലഭിച്ചതെന്നും അദേഹമാണ് ലോകത്തെ ഏറ്റവും വലിയ മഠയൻ എന്നും ബേബി ആക്ഷേപിച്ചിട്ടിരുന്നു.

മാർകിസിസ്റ്റ് തത്വങ്ങൾ ഏറ്റവും ചേർന്ന് നില്കുന്നത് ഖുറാനിലെ ആശയങ്ങൾക്കൊപ്പമെന്ന അദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പാർട്ടി പ്രവർത്തകർ പോലും വിമർശിച്ചിരുന്നു. കേരളത്തിലെ വിദ്യാലയങ്ങളിൽ കുട്ടികളെ പഠിപ്പിക്കാൻ പ്രസിദ്ധീകരിച്ച സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിലെ ഏറെ വിവാദമായ ഒരു പാഠം ആയിരുന്നു മതമില്ലാത്ത ജീവൻ. കുട്ടികളിൽ യുക്തിവാദവും മതനിരാസവും പ്രചരിപ്പിക്കാനാണ് പ്രസ്തുത പാഠം എം. എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ ഉൾപ്പെടുത്തിയത് എന്നതായിരുന്നു വിവാദം. ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് ഈ പാഠം പുസ്തകത്തിൽ നിന്ന് പിൻവലിച്ചിരുന്നു.

ഇന്ത്യയിൽ മതേതരത്വം സംരക്ഷിക്കപ്പെടാൻ മതവിശ്വാസികൾക്കെതിരായ വിദ്വേഷം അല്ല സഹവർത്തിത്വമാണ് പാർട്ടികൾ കൈക്കൊള്ളേണ്ടത്. എം. എ ബേബിയുടെ നേതൃത്വത്തിൽ സിപിഐഎം യഥാർത്ഥ മതേതരത്വത്തിന്റെ പാതയിലേക്ക് തിരിയുമോ എന്നതാണ് ഇന്ന് കേരളം ചോദിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.