ആവേശതിമിര്‍പ്പില്‍ അഹമ്മദാബാദ്: നഗരം നിറഞ്ഞ് രാഹുലിന്റെ ഫ്‌ളക്‌സുകള്‍; എഐസിസി സമ്മേളനത്തിന് ഇന്ന് ഗുജറാത്തില്‍ തുടക്കം

ആവേശതിമിര്‍പ്പില്‍ അഹമ്മദാബാദ്: നഗരം നിറഞ്ഞ് രാഹുലിന്റെ ഫ്‌ളക്‌സുകള്‍; എഐസിസി സമ്മേളനത്തിന് ഇന്ന് ഗുജറാത്തില്‍ തുടക്കം

അഹമ്മദാബാദ്: എഐസിസി സമ്മേളനത്തിന് ഇന്ന് ഗുജറാത്തില്‍ തുടക്കം. അര്‍ബുദ രോഗം ബാധിച്ച സുഹൃത്തിനെ കാണാന്‍ വിദേശത്തേക്ക് പോയ പ്രിയങ്ക ഗാന്ധി ഇന്ന് സമ്മേളനത്തില്‍ എത്തിയേക്കില്ല. പട്‌നയില്‍ ഉണ്ടായിരുന്ന രാഹുല്‍ ഗാന്ധി ഗുജറാത്തിലെത്തി.

സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉള്‍പ്പെടെയുള്ള നേതാക്കളും എത്തിയിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സംഘവും ഗുജറാത്തിലെത്തി. ഇന്ന് രാവിലെ ചേരുന്ന വിശാല പ്രവര്‍ത്തകസമിതി യോഗത്തില്‍ 169 പേര്‍ പങ്കെടുക്കും. വൈകിട്ട് നേതാക്കള്‍ ഒന്നടങ്കം സബര്‍മതി ആശ്രമത്തിലെ പ്രാര്‍ഥന സംഗമത്തില്‍ പങ്കെടുക്കും. സ്വാതന്ത്ര്യ സമര പോരാട്ടത്തിനു സാക്ഷിയായ സബര്‍മതി നദി തീരത്താണ് എഐസിസി സമ്മേളനം ചേരുന്നത് എന്നതാണ് പ്രത്യേകത.
64 വര്‍ഷത്തിന് ശേഷം ഗുജറാത്തില്‍ നടക്കുന്ന എഐസിസി സമ്മേളനത്തെ വരവേല്‍ക്കാന്‍ നഗരമെങ്ങും ആവേശതിമിര്‍പ്പാണ്. അഹമ്മദാബാദ് നഗരവും സമ്മേളന നഗരിക്കു സമീപവും മുഴുവന്‍ രാഹുല്‍ ഗാന്ധിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളാണ്. നഗരത്തിലെ പ്രധാനപ്പെട്ട ഹോട്ടലുകളിലൊന്നും മുറികള്‍ ഒഴിവില്ല. ഹോട്ടലുകള്‍ പ്രതിനിധികള്‍ക്കായി മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു.

താഴെത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിസിസികള്‍ക്ക് കരുത്താകുന്ന തീരുമാനങ്ങള്‍ എഐസിസി സമ്മേളനത്തിലുണ്ടാവുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഡിസിസി അധ്യക്ഷര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കും. ലോക്സഭാ, നിയമസഭാ സ്ഥാനാര്‍ഥികളെ ഡിസിസി അധ്യക്ഷന്റെ അനുമതിയോടെ തീരുമാനിക്കും.

ബ്ലോക്ക്, നിയോജകമണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള അധികാരവും ഡിസിസിക്ക് നല്‍കും. എത്ര മുതിര്‍ന്ന നേതാക്കള്‍ സഹകരിച്ചില്ലെങ്കിലും പാര്‍ട്ടി പരിപാടികള്‍ ഡിസിസി അധ്യക്ഷര്‍ക്ക് നടത്താം. പക്ഷപാതപരമല്ലാത്ത എന്ത് തീരുമാനത്തിനും എഐസിസി പിന്തുണ നല്‍കും. ഡിസിസികളുമായി എഐസിസി നേതൃത്വം നേരിട്ട് ആശയവിനിമയം നടത്തും. പാര്‍ട്ടിയെ നയിക്കേണ്ട പ്രധാനനേതാവായതിനാല്‍ ഡിസിസി അധ്യക്ഷന് ആദ്യ മൂന്ന് വര്‍ഷത്തേക്ക് മത്സര വിലക്കും വന്നേക്കും. ഇത് ആദ്യഘട്ടത്തില്‍ ഗുജറാത്തില്‍ നടപ്പാക്കും. വിജയിച്ചാല്‍ രാജ്യമെങ്ങും വ്യാപിപ്പിക്കും. ഇതിനായുള്ള പ്രമേയം സമ്മേളനത്തില്‍ ചര്‍ച്ചയ്ക്ക് ശേഷം തയ്യാറാക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

പാര്‍ട്ടിയുടെ അടിമുടി മാറ്റവും അടിത്തറ ശക്തിപ്പെടുത്തലും ലക്ഷ്യമിട്ട് ഡിസിസികളില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ അടങ്ങിയ പ്രമേയം പാസാക്കും. ഡിസിസികളുടെ അധികാരം വര്‍ധിപ്പിക്കുന്നതാണ് പ്രമേയത്തിലെ നിര്‍ദേശങ്ങള്‍. ആവശ്യമെങ്കില്‍ ഇതിന് വേണ്ട ഭരണഘടന ഭേദഗതിക്കും പ്രവര്‍ത്തക സമിതി അനുമതി നല്‍കിയേക്കുമെന്നാണ് സൂചന. സാമ്പത്തികം, സാമൂഹികം, വിദേശകാര്യം എന്നിങ്ങനെ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളിച്ച് ഒറ്റ പ്രമേയമാണ് അവതരിപ്പിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.