ആരോഗ്യ പ്രവര്‍ത്തകര്‍ ദൈവത്തിന്റെ വിരല്‍; രോഗികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ജൂബിലി ദിനത്തില്‍ മാര്‍പാപ്പ

ആരോഗ്യ പ്രവര്‍ത്തകര്‍ ദൈവത്തിന്റെ വിരല്‍; രോഗികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ജൂബിലി ദിനത്തില്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പിന്തുണയും ആദരവും നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ ദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കുന്നതായിരിക്കണമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 31 തിങ്കളാഴ്ച ഹെയ്തിയില്‍ രണ്ട് കന്യാസ്ത്രീകള്‍ കൊല്ലപ്പെടാനിടയായ അക്രമത്തെ പാപ്പാ അപലപിക്കുകയും ലോകമെമ്പാടും സമാധാനത്തിനത്തിനായുള്ള ആഹ്വാനം ആവര്‍ത്തിക്കുകയും ചെയ്തു.

നോമ്പിലെ അഞ്ചാം ഞായറാഴ്ച, വത്തിക്കാന്‍ പ്രസ് ഓഫീസ് പ്രസിദ്ധീകരിച്ച ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ചുള്ള മാര്‍പാപ്പയുടെ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. ഈയാഴ്ചയിലെ സുവിശേഷ വിചിന്തനത്തില്‍ 'ദൈവത്തിന്റെ വിരല്‍' എന്ന പ്രയോഗത്തിലേക്കാണ് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നത്. നിയമജ്ഞരും ഫരിസേയരും ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാനായി യേശുവിന്റെ മുമ്പില്‍ ഹാജരാക്കിയെങ്കിലും, അവിടുന്ന് അവള്‍ക്ക് വേണ്ടി ഒരു പുതിയ കഥ തന്റെ വിരല്‍ കൊണ്ട് മണലില്‍ എഴുതുകയാണുണ്ടായതെന്ന് പാപ്പാ എടുത്ത് പറഞ്ഞു.

'ദൈവത്തിന്റെ വിരല്‍'

ആശുപത്രിയില്‍ ചെലവഴിച്ച സമയം മുഴുവനും, തുടര്‍ന്ന് പതിനഞ്ച് ദിവസമായുള്ള വിശ്രമ കാലയളവിലും ദൈവത്തിന്റെ ഈ വിരലും അതിന്റെ ദയാപൂര്‍ണമായ പരിലാളനയും താന്‍ അനുഭവിച്ചറിഞ്ഞതായി ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. രോഗികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ഈ ജൂബിലി ദിനത്തില്‍, രോഗങ്ങളാല്‍ വലയുന്നവരും അവരെ പരിപാലിക്കുന്നവരും കര്‍ത്താവിന്റെ തലോടല്‍ അനുഭവിക്കാന്‍ ഇടയാകട്ടെയെന്ന് പാപ്പ പ്രാര്‍ത്ഥിച്ചു.

ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ജോലി സാഹചര്യങ്ങളെക്കുറിച്ചും, ചിലപ്പോള്‍ അവര്‍ നേരിടേണ്ടി വരുന്ന ആക്രമണങ്ങളെക്കുറിച്ചും മാര്‍പാപ്പ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു. അവരുടെ ദൗത്യം ശ്രമകരമായ ഒന്നാണെന്നും അതിനാല്‍ അവര്‍ ഏവരുടെയും പിന്തുണയും ആദരവും അര്‍ഹിക്കുന്നവരാണെന്നും പാപ്പാ പറഞ്ഞു. കൂടാതെ വൈദ്യശാസ്ത്ര മേഖലയിലും ചികിത്സാ രംഗത്തും ഗവേഷണങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപം നടത്തണമെന്ന് ഫ്രാന്‍സിസ് പാപ്പാ ലോക നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ ഏറ്റവും ദരിദ്രരും ദുര്‍ബലരുമായവരെ ഉള്‍ക്കൊള്ളുന്ന വിധമായിരിക്കണമെന്നും മാര്‍പാപ്പ ഊന്നിപ്പറഞ്ഞു.

ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കണം

പതിവുപോലെ ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ വിശ്വാസികളുടെ ആവശ്യപ്പെട്ടു. കുട്ടികളടക്കമുള്ള സാധാരണ പൗരന്മാരാണ് ഉക്രെയ്ന്‍ പോലുള്ള രാജ്യങ്ങളില്‍ യുദ്ധത്തിന്റെ ഇരകളായി തീര്‍ന്നതെന്ന് പാപ്പാ ഓര്‍മിപ്പിച്ചു. ഭക്ഷണവും കുടിവെള്ളവും പാര്‍പ്പിടവുമില്ലാതെ ദുരിതമേഭവിക്കുന്ന ഗാസയിലെ ജനങ്ങളെയും ഫ്രാന്‍സിസ് പാപ്പാ അനുസ്മരിച്ചു. ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ആയുധങ്ങള്‍ നിശബ്ദമാക്കുകയും ചെയ്യണമെന്ന് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു.

മധ്യപൂര്‍വേഷ്യയിലും സുഡാനിലും കോംഗോയിലും ഭൂകമ്പം തകര്‍ത്തുകളഞ്ഞ മ്യാന്‍മറിലും സമാധാനം പുലരാനായി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. ഹെയ്തിയില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട രണ്ട് കന്യാസ്ത്രീകളുടെ സ്മരണയ്ക്ക് മുമ്പില്‍ മാര്‍പാപ്പ ആദരവുകള്‍ അര്‍പ്പിച്ചു. അവസാനമായി വനിതകള്‍ക്കായുള്ള റബീബിയ ജയിലില്‍ നിന്ന് തനിക്ക് ലഭിച്ച കാര്‍ഡിന് അവിടുത്തെ അന്തേവാസികളോട് പാപ്പാ നന്ദി പറഞ്ഞു.

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.