ക്ലാസില്‍ വരാത്ത കോളജ് വിദ്യാര്‍ഥിനിക്കെതിരെ അച്ചടക്ക നടപടി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരേ മതപരിവര്‍ത്തന ശ്രമത്തിന് കേസ്

ക്ലാസില്‍ വരാത്ത കോളജ് വിദ്യാര്‍ഥിനിക്കെതിരെ അച്ചടക്ക നടപടി:  ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരേ മതപരിവര്‍ത്തന ശ്രമത്തിന് കേസ്

നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഛത്തീസ്ഗഡ് പൊലീസ് കേസെടുത്തിരിക്കുന്നത്.

റായ്പൂര്‍: മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ വ്യാജ ആരോപണം ഉന്നയിച്ച് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ജാസ്പ ജില്ലയില്‍ കുങ്കുരി നഗരത്തിലെ ഹോളി ക്രോസ് നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് സിസ്റ്റര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. തന്നെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി അധ്യാപികയായ കന്യാസ്ത്രീയ്‌ക്കെതിരേ പരാതി നല്‍കിയത്. തുടര്‍ന്ന് സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു.

എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമെന്ന് കത്തോലിക്ക സഭ അറിയിച്ചു. പ്രാക്ടിക്കല്‍, തിയറി ക്ലാസുകള്‍ക്ക് വിദ്യാര്‍ഥിനി കോളജില്‍ എത്തിയിരുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍പെട്ട സിസ്റ്റര്‍ വിദ്യാര്‍ഥിനിയെയും വീട്ടുകാരെയും ബന്ധപ്പെട്ടിരുന്നു.

80 ശതമാനം ഹാജരുണ്ടെങ്കില്‍ മാത്രമേ പരീക്ഷ എഴുതാന്‍ കഴിയൂ എന്നും വീട്ടുകാരെ അറിയിച്ചിരുന്നു. 32 ശതമാനം ഹാജര്‍ മാത്രമായിരുന്നു പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നത്.

പെണ്‍കുട്ടിയെ തിയറി പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നുവെങ്കിലും ഹാജര്‍ ഇല്ലാതെ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് സര്‍ട്ടിഫിക്കറ്റ് തരാന്‍ സാധിക്കില്ലെന്ന് കോളജ് അറിയിച്ചു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.