'മദര്‍ തെരേസയ്‌ക്കെതിരായ ശശികല ടീച്ചറുടെ പ്രസംഗം യൂട്യൂബില്‍ നിന്ന് എത്രയും പെട്ടെന്ന് ഒഴിവാക്കണം': പരിഹാസവുമായി സന്ദീപ് വാര്യര്‍

'മദര്‍ തെരേസയ്‌ക്കെതിരായ ശശികല ടീച്ചറുടെ പ്രസംഗം യൂട്യൂബില്‍ നിന്ന് എത്രയും പെട്ടെന്ന് ഒഴിവാക്കണം': പരിഹാസവുമായി സന്ദീപ് വാര്യര്‍

പാലക്കാട്: ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ഉള്‍പ്പെടെ ബിജെപിയുടെയും മറ്റ് സംഘപരിവാര്‍ സംഘടനകളുടെയും ഓണ്‍ലൈന്‍ മാധ്യമ പതിപ്പുകളില്‍ നേരത്തെ പ്രസിദ്ധീകരിച്ച ക്രൈസ്തവ വിരുദ്ധ ലേഖനങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനെ പരിഹസിച്ച് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍.

കേസരിയിലും ജന്മഭൂമിയിലും വന്ന നൂറു കണക്കിന് ക്രൈസ്തവ വിരുദ്ധ ലേഖനങ്ങള്‍ ഉടന്‍ മുക്കണമെന്ന് അദേഹം നിര്‍ദേശിച്ചു. 'മിത്രങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്...' എന്ന ആമുഖത്തോടെയാണ് ഫെയ്‌സ് ബുക്കില്‍ സന്ദീപിന്റെ കുറിപ്പ്.

മദര്‍ തെരേസയെ പെരുങ്കള്ളി എന്ന് വിളിച്ച ശശികല ടീച്ചറുടെ പ്രസംഗം യൂട്യൂബില്‍ നിന്ന് എത്രയും പെട്ടെന്ന് ഒഴിവാക്കാന്‍ ശ്രദ്ധിക്കുമല്ലോ എന്നും സഭാധ്യക്ഷന്‍മാരെ സന്ദര്‍ശിക്കുന്ന ബിജെപി നേതാക്കളെ അസഭ്യം പറഞ്ഞു കൊണ്ട് സ്വാഭിമാനി മിത്രങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഇട്ട കമന്റുകള്‍ ഡിലീറ്റ് ചെയ്യണമെന്നും അദേഹം പരിഹസിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭൂമിയുള്ളത് ക്രൈസ്തവര്‍ക്കാണെന്നും ഇത് മത പരിവര്‍ത്തനത്തിനടക്കം ഉപയോഗിക്കുന്നുണ്ടെന്നും സ്ഥാപിച്ചുകൊണ്ടുള്ള ഓര്‍ഗനൈസറിലെ ലേഖനം കഴിഞ്ഞ ദിവസം വിവാദമായതോടെ പിന്‍വലിച്ചിരുന്നു.

വഖഫ് ബില്‍ പാസാക്കുന്നതിലൂടെ മുനമ്പം പ്രശ്‌നത്തിന് പരിഹാരമായെന്ന പ്രചാരണവുമായി ബി.ജെ.പി മുന്നോട്ട് പോകുന്നതിനിടെയാണ് ക്രൈസ്തവ സ്വത്ത് സംബന്ധിച്ച് ഓര്‍ഗനൈസറില്‍ തെറ്റായ ലേഖനം വന്നത്.

സഭയുടെ ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ നിയമ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചപ്പോഴാണ് ലേഖനം പിന്‍വലിച്ച് തടിതപ്പാന്‍ ആര്‍.എസ്.എസ് ശ്രമിച്ചത്. ഇതിന് പിന്നാലെ ഓര്‍ഗനൈസറിലെ മറ്റു ചില ക്രിസ്ത്യന്‍ വിരുദ്ധ ലേഖനങ്ങളും ഡിലീറ്റ് ചെയ്തു.

ഓര്‍ഗനൈസറിലെ ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വഖഫ് ബില്ലിന് പിന്നാലെ ചര്‍ച്ച് ബില്ലാണെന്ന വിമര്‍ശനം പ്രതിപക്ഷ കക്ഷികള്‍ ശക്തമാക്കിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ആര്‍.എസ്.എസ് മുഖപത്രയായ ഓര്‍ഗനൈസറിന് തെറ്റുപറ്റിയെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറയുന്നത്.

ആ ലേഖനം എടുത്ത് ഉപയോഗിക്കാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ശ്രമിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. ഓര്‍ഗനൈസറില്‍ അങ്ങനെയൊരു ലേഖനം വന്നിട്ടില്ലെന്നാണ് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞത്.

സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

മിത്രങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്...

കേസരിയിലും ജന്മഭൂമിയിലും വന്നിട്ടുള്ള നൂറു കണക്കിന് ക്രൈസ്തവ വിരുദ്ധ ലേഖനങ്ങള്‍ ഉടന്‍ മുക്കേണ്ടതാണ്. മദര്‍ തെരേസയെ പെരുങ്കള്ളി എന്ന് വിളിച്ച ശശികല ടീച്ചറുടെ പ്രസംഗം യൂട്യൂബില്‍ ലഭ്യമാണ്.

അത് എത്രയും പെട്ടെന്ന് ഒഴിവാക്കാന്‍ ശ്രദ്ധിക്കുമല്ലോ. സഭാധ്യക്ഷന്‍മാരെ സന്ദര്‍ശിക്കുന്ന ബിജെപി നേതാക്കളെ അസഭ്യം പറഞ്ഞു കൊണ്ട് സ്വാഭിമാനി മിത്രങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഇട്ട കമന്റുകള്‍ ഡിലീറ്റ് ചെയ്യേണ്ടതുമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.