വഖഫ് നിയമം പ്രാബല്യത്തില്‍; വിജ്ഞാപനമിറക്കി കേന്ദ്ര സര്‍ക്കാര്‍

വഖഫ് നിയമം പ്രാബല്യത്തില്‍; വിജ്ഞാപനമിറക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഇന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായും നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉടന്‍ രൂപികരിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം അറിയിച്ചു.

പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിന് അംഗീകാരം നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഒപ്പുവെച്ചത്. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ വോട്ടെടുപ്പിലൂടെയാണ് ലോക്സഭയും രാജ്യസഭയും വഖഫ് ഭേദഗതി നിയമം പാസാക്കിയത്.

അതേസമയം നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. നിയമം ചോദ്യം ചെയ്ത് 12 ലധികം ഹര്‍ജികളാണ് നിലവില്‍ സുപ്രീം കോടതിയുടെ മുന്നിലെത്തിയത്.

നിയമം സ്റ്റേ ചെയ്യരുതെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തു. ഏപ്രില്‍ 16 ന് ഹര്‍ജികള്‍ പരിഗണിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.