കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി കേസില്‍ നിലപാട് മാറ്റി സിദ്ദിഖ് സേഠിന്റെ ചെറുമക്കള്‍. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് സിദ്ദിഖ് സേഠിന്റെ ചെറുമക്കള്‍ അഭിഭാഷകന്‍ വഴി വഖഫ് ട്രിബ്യൂണലിനെ അറിയിച്ചു. ഇത് ഭൂമിയില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച വഖഫ് ബോര്‍ഡിനും വഖഫ് സംരക്ഷണ സമിതിക്കും തിരിച്ചടിയായി.
മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് സിദ്ദിഖ് സേഠിന്റെ മകള്‍ സുബൈദ വഖഫ് ബോര്‍ഡില്‍ ഹര്‍ജി നല്‍കിയിരുന്നു. സുബൈദയുടെ മക്കളാണ് ഇപ്പോള്‍ നിലപാട് മാറ്റിയത്. ഭൂമി വഖഫല്ലെന്ന് ഫാറൂഖ് കോളജിന് വേണ്ടി ഹാജരായ അഭിഭാഷകരും ട്രിബ്യൂണലിന് മുന്‍പാകെ വാദിച്ചിരുന്നു.
ഭൂമി ഫാറൂഖ് കോളജിന് രജിസ്റ്റര്‍ ചെയ്തു നല്‍കിയപ്പോള്‍ ഭൂമിയുടെ ക്രയവിക്രയം ഫാറൂഖ് കോളജിന് പൂര്‍ണമായും നല്‍കിയതായി പരാമര്‍ശമുണ്ട്. മാത്രമല്ല, ശേഷിച്ച ഭൂമി ഉടമസ്ഥര്‍ക്ക് തിരികെ ലഭ്യമാക്കാനും വ്യവസ്ഥയുണ്ടായിരുന്നു.
അതിനാല്‍ ഈ പരാമര്‍ശങ്ങള്‍ ഭൂമി വഖഫ് അല്ലെന്നതിന് തെളിവാണെന്നാണ് സുബൈദയുടെ മക്കളുടെ അഭിഭാഷകന്‍ വാദിച്ചത്. അതേസമയം, സിദ്ദിഖ് സേഠിന്റെ രണ്ട് മക്കള്‍ മുനമ്പത്തെ ഭൂമി വഖഫാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.
വഖഫ് ആധാരത്തില്‍ രണ്ട് തവണ വഖഫ് എന്ന് പരാമര്‍ശിച്ചതും ദൈവനാമത്തില്‍ ആത്മശാന്തിക്കായി സമര്‍പ്പിക്കുന്നതായി പറഞ്ഞതും ഉന്നയിച്ച് ഭൂമി വഖഫ് തന്നെയാണെന്നായിരുന്നു വഖഫ് ബോര്‍ഡ് കഴിഞ്ഞ ദിവസം വാദിച്ചത്.
എന്നാല്‍ ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാനുള്ള നിബന്ധനയും ഉള്ളതിനാല്‍ ഭൂമിയെ വഖഫായി പരിഗണിക്കാനാവില്ലെന്ന് ഫാറൂഖ് കോളജിനായി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ഫാറൂഖ് കോളജ് മത-ജീവകാരുണ്യ സ്ഥാപനമല്ലാത്തതിനാല്‍ ഭൂമി നല്‍കിയതിനെ വഖഫായി പരിഗണിക്കാനാവില്ലെന്നായിരുന്നു മുനമ്പം നിവാസികളുടെ വാദം.
മുനമ്പം വഖഫ് ഭൂമി കേസില്‍ കഴിഞ്ഞ ദിവസം കക്ഷി ചേര്‍ന്ന മുനമ്പം നിവാസികള്‍ക്ക് വേണ്ടി അഭിഭാഷകന്‍ എതിര്‍ ഹര്‍ജി നല്‍കി. ഹര്‍ജിക്കാരായ ഫാറൂഖ് കോളജിന്റെയും എതിര്‍ കക്ഷികളുടെയും വാദംകേട്ട ട്രിബ്യൂണല്‍, കൂടുതല്‍ വാദം കേള്‍ക്കാന്‍ കേസ് ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു.
മുനമ്പം ഭൂമി വഖഫാണോ അതോ ഫാറൂഖ് കോളജിന് സ്ഥലമുടമകള്‍ ഉപഹാരം എന്ന നിലയില്‍ നല്‍കിയതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായാണ് ട്രിബ്യൂണല്‍ വാദം കേള്‍ക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.