പി.എസ്.സി പരീക്ഷ ഹോള്‍ടിക്കറ്റ് പരുന്ത് റാഞ്ചി! അസാധാരണ സംഭവം നടന്നത് കാസര്‍കോട്ട്

പി.എസ്.സി പരീക്ഷ ഹോള്‍ടിക്കറ്റ് പരുന്ത് റാഞ്ചി! അസാധാരണ സംഭവം നടന്നത് കാസര്‍കോട്ട്

കാസര്‍കോട്: പരീക്ഷ പേപ്പര്‍ ചോര്‍ന്നതും തടഞ്ഞുവെച്ചതുമൊക്കെ വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍ ഹോള്‍ടിക്കറ്റ് പരുന്ത് റാഞ്ചിയെന്നത് ഇതുവരെയും കേട്ടുകേള്‍വിയില്ലാത്തതാണ്. ഇപ്പോള്‍ അതും സംഭവിച്ചു. ഇന്ന് രാവിലെ കാസര്‍കോട് ഗവ. യുപി സ്‌കൂളിലാണ് പരീക്ഷയെഴുതാന്‍ എത്തിയ ഉദ്യോഗാര്‍ഥികളെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം അരങ്ങേറിയത്.

പി.എസ്.സിയുടെ ഡിപ്പാര്‍ട്ട്മെന്റല്‍ ടെസ്റ്റ് എഴുതാനെത്തിയതായിരുന്നു ഉദ്യോഗാര്‍ഥി. പരീക്ഷ ഹാളില്‍ കയറുന്നതിന് മുന്‍പ് പുറത്ത് ജനറല്‍ നോളജ് പുസ്തകത്തിലൂടെ അവസാനവട്ടം ഒന്നു കൂടി കണ്ണോടിച്ചു നോക്കിയിരിക്കെയാണ് സമീപത്ത് വച്ചിരുന്ന ഹോള്‍ടിക്കറ്റ് എവിടെ നിന്നോ വന്ന പരുന്ത് റാഞ്ചിയത്.
റാഞ്ചിയെടുത്ത ഹോള്‍ടിക്കറ്റുമായി പരുന്ത് പരീഷാഹാളിന് മുകളിലെ ജനാലയില്‍ ഇരിപ്പുറപ്പിച്ചു. ഞെട്ടിപ്പോയ ഉദ്യോഗാര്‍ഥിയോടൊപ്പം പരീക്ഷയ്ക്കായി സ്‌കൂളിലെത്തിയ 300 ഓളം ഉദ്യോഗാര്‍ഥികളും പരീക്ഷ നടത്താനായി എത്തിയവരും ബഹളം കൂട്ടിയെങ്കിലും പരുന്തിന് ഒരു കുലുക്കവും ഉണ്ടായില്ല. ഹോള്‍ടിക്കറ്റും കൊത്തിപിടിച്ച് ചാഞ്ഞും ചരിഞ്ഞും നോക്കി ഒറ്റയിരുപ്പായിരുന്നു.

രാവിലെ 7:30 മുതല്‍ 9:30 വരെയാണ് വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കായി പിഎസ്സി പരീക്ഷ നടന്നത്. പരീക്ഷ സമയം അടുത്തതോടെ ഉദ്യോഗാര്‍ഥികളില്‍ ഓരോരുത്തരായി പിരിഞ്ഞു പോയി. പരീക്ഷ നടത്താനെത്തിയവരും. എന്ത് ചെയ്യണമെന്നറിയാതെ ഹോള്‍ടിക്കറ്റിന്റെ ഉടമയായ ഉദ്യോഗാര്‍ഥിയും ഒപ്പം ചില സുഹൃത്തുക്കളും താഴെ നിന്നു.

ചിലര്‍ കല്ലെടുത്തറിയാന്‍ ഉപദേശിച്ചെങ്കിലും ഹാള്‍ടിക്കറ്റുമായി പരുന്ത് ദൂരേക്ക് എങ്ങാനും പറന്നുപോയാല്‍ ഉള്ള പ്രതീക്ഷ കൂടി പോയാലോ എന്ന് കരുതി ഹോള്‍ടിക്കറ്റിന്റെ ഉടമ ഒന്നും ചെയ്യാതെ നിന്നു. ഒടുവില്‍ അവസാന ബെല്ലടിക്കുന്നതിന് തൊട്ടു മുമ്പ്, പരുന്ത് ഹോള്‍ടിക്കറ്റ് താഴെയിട്ട് വന്നേ വഴിയേ പറന്നകന്നു.

ദീര്‍ഘ നിശ്വാസത്തോടെ മുകളില്‍ നിന്ന് പറന്നുവീണ ഹാള്‍ടിക്കറ്റുമായി ഉദ്യോഗാര്‍ഥി പരീക്ഷാഹാളിലേക്കും കയറി. സംഭവം അറിഞ്ഞ് സ്‌കൂളിലെത്തിയ മാധ്യമപ്രവര്‍ത്തകരെ കാണാതെ ഉദ്യോഗാര്‍ഥി പരീക്ഷാ തിരക്കുകള്‍ക്കിടയിലേക്ക് മറഞ്ഞു. അതുകൊണ്ട് തന്നെ ആരുടെ ഹോള്‍ടിക്കറ്റാണ് പരുന്തെടുത്തതെന്ന വിവരം വ്യക്തമായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.