കൈകളും കാലുകളും ചങ്ങലകൊണ്ട് ബന്ധിച്ച്, ചുറ്റും വന്‍ പൊലീസ് സന്നാഹവും; റാണയെ എന്‍ഐഎയ്ക്ക് കൈമാറുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് അമേരിക്ക

കൈകളും കാലുകളും ചങ്ങലകൊണ്ട് ബന്ധിച്ച്, ചുറ്റും വന്‍ പൊലീസ് സന്നാഹവും; റാണയെ എന്‍ഐഎയ്ക്ക് കൈമാറുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് അമേരിക്ക

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയും കൊടും ഭീകരനുമായ തഹാവൂര്‍ റാണയെ എന്‍ഐഎയ്ക്ക് കൈമാറുന്നതിന്റെ ചിത്രങ്ങള്‍ അമേരിക്ക പുറത്തുവിട്ടു. സുരക്ഷാ സന്നാഹങ്ങളോടെ റാണയുടെ അരയിലും കാലുകളിലും കയ്യിലും ചങ്ങലകൊണ്ട് ബന്ധിച്ചാണ് എന്‍ഐഎയ്ക്ക് കൈമാറിയത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിച്ച പ്രതിയെ 18 ദിവസത്തേക്കാണ് എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ രണ്ട് മണിക്കൂറോളം എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയത്.

നിരവധി സുപ്രധാന വിവരങ്ങളാണ് എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ വ്യക്തമാകാന്‍ പോകുന്നത്. ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് എന്തെല്ലാം സഹായങ്ങള്‍ ചെയ്തു, പാക് ഭീകരരുമായുള്ള ബന്ധം, ഇന്ത്യയില്‍ എവിടെയൊക്കെ യാത്ര ചെയ്തു, ആരെയൊക്കെ കണ്ടു, ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാരിന്റെ പങ്ക് എന്നിവ ചോദ്യം ചെയ്യലിലൂടെ വ്യക്തമാകും.

2009 മുതല്‍ യു.എസിലെ ലോസ്ആഞ്ചല്‍സിലെ ജയിലിലായിരുന്നു റാണ. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നിയമ തടസങ്ങള്‍ പൂര്‍ണമായും നീങ്ങിയത്. അഡ്വ. ദായന്‍ കൃഷ്ണനാണ് എന്‍ഐഎയ്ക്ക് വേണ്ടി യു.എസ് കോടതിയില്‍ ഹാജരായത്. ഇന്ത്യയിലെ വിചാരണയിലും അദേഹം തന്നെയായിരിക്കും എന്‍ഐഎ പ്രോസിക്യൂഷന്‍ സംഘത്തെ നയിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.