കൊച്ചി: വയനാട് പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. 17 കോടി രൂപ കൂടി സര്‍ക്കാര്‍ കെട്ടിവയ്ക്കണമെന്നാണ് കോടതി ഉത്തരവ്. ഹൈക്കോടതി രജിസ്ട്രിയില്‍ 17 കോടി രൂപ ബാങ്ക് ഗ്യാരണ്ടിയായി കെട്ടിവയ്ക്കാനാണ് കോടതി നിര്‍ദേശം.
നേരത്തെ കെട്ടിവച്ച 26 കോടി രൂപയ്ക്ക് പുറമെ ആണിത്. അന്തിമ ഉത്തരവിനെ ആസ്പദമാക്കിയാകും തുക അന്തിമമായി നിശ്ചയിക്കുക. നേരത്തെ പ്രഖ്യാപിച്ച 26 കോടി രൂപ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന് കൈപ്പറ്റാം. എന്നാല്‍ 17 കോടി രൂപ വ്യവസ്ഥകള്‍ പ്രകാരമാകും കൈപ്പറ്റാന്‍ ആകുക.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പുരനധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് വയനാട്ടിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഭൂമി കൈമാറുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന തുക പര്യാപ്തമല്ലെന്ന് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് വ്യക്തമാക്കിയിരുന്നു. 500 കോടി രൂപയ്ക്ക് അര്‍ഹമാണെന്നാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍ വാദിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഇത് തള്ളിയിരുന്നു.
ന്യായവില പ്രകാരം 26 കോടി രൂപ നല്‍കുമെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. പിന്നീട് ന്യായവിലയില്‍ വ്യത്യാസം വന്നപ്പോള്‍ 43 കോടി എന്ന തുകയിലേക്ക് സര്‍ക്കാര്‍ എത്തി. 26 കോടി രൂപ ഇതിനോടകം നല്‍കിയതിനാല്‍ ഇനി 17 കോടി രൂപ കൂടിയാണ് സര്‍ക്കാര്‍ കെട്ടിവെക്കേണ്ടത്. നിലവിലെ ഉത്തരവിലൂടെ ഹൈക്കോടതി ഇത് ശരിവക്കുകയായിരുന്നു. എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ഈ തുക ഹൈക്കോടതി രജിസ്ട്രിയില്‍ കെട്ടിവെക്കാന്‍ ഇടക്കാല ഉത്തരവ് നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.