തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ വീണ്ടും എന്‍ഡിഎയില്‍; 2026 ലെ നിയമലഭാ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കും

 തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ വീണ്ടും എന്‍ഡിഎയില്‍; 2026 ലെ നിയമലഭാ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കും

ചെന്നൈ: അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപിയും അണ്ണാ എഡിഎംകെയും സഖ്യമായി മത്സരിക്കാന്‍ തീരുമാനം.

എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി കൂടി പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2026 ലാണ് തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പ്.

തമിഴ്‌നാട്ടിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും എന്‍ഡിഎ സഖ്യമായി മത്സരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. സഖ്യം പ്രഖ്യാപിക്കുന്ന വേദിയില്‍ തമിഴ്‌നാട്ടിലെ ബിജെപി മുന്‍ അധ്യക്ഷന്‍ അണ്ണാമലൈയും ഉണ്ടായിരുന്നു.

ദേശീയ തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലും തമിഴ്നാട്ടില്‍ പളനി സ്വാമിയുടെ നേതൃത്വത്തിലും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.

അണ്ണാമലൈയ്ക്ക് പകരം നൈനാര്‍ നാഗേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സഖ്യപ്രഖ്യാപനം നടന്നത്. സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് അണ്ണാമലൈയെ നീക്കണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടിരുന്നു.

ചെന്നൈയില്‍ ബിജെപിയുടെയും അണ്ണാ ഡിഎംകെയുടെയും നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് സഖ്യ തീരുമാനമുണ്ടായത്. അണ്ണാമലൈയെ നീക്കിയാല്‍ ബിജെപിയുമായി സഖ്യത്തിന് തയ്യാറാണെന്ന് ചര്‍ച്ചയില്‍ അണ്ണാ ഡിഎംകെ നിലപാടെടുത്തിരുന്നു. ഇതാണ് അണ്ണാമലൈയെ മാറ്റി നൈനാര്‍ നാഗേന്ദ്രനെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്.

സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയ്ക്ക് പാര്‍ട്ടിയുടെ പത്ത് വര്‍ഷത്തെ പ്രാഥമികാംഗത്വം വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍ നൈനാര്‍ നാഗേന്ദ്രന് വേണ്ടി ഇക്കാര്യത്തില്‍ ഇളവ് നല്‍കി.

2017 ലാണ് നൈനാര്‍ നാഗേന്ദ്രന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഐഎഡിഎംകെയ്ക്ക് കൂടി താല്‍പര്യമുള്ളയാളെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടു വരുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.