വഖഫ് പ്രതിഷേധത്തില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെയും ഹമാസിന്റെയും നേതാക്കളുടെ ചിത്രം; തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമം കേരളം ഒന്നടങ്കം അപലപിക്കുന്നു
വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി, എസ്‌ഐഒ പ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ച് പ്രതിഷേധ സമരം എന്നതിന് അപ്പുറത്തേക്ക് ചര്‍ച്ച ചെയ്യപ്പെടുകയാണ്. പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടിയ വിഷയത്തിനും മുദ്രാവാക്യങ്ങള്‍ക്കും അപ്പുറം ഇതില്‍ ഉപയോഗിക്കപ്പെട്ട ചില ഫോട്ടോകളാണ് ഇത്തരമൊരു ചര്‍ച്ചയിലേയ്ക്ക് നയിച്ചത്. അന്താരാഷ്ട്ര തലത്തില്‍ പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടതും ഈജിപ്റ്റില്‍ ആരംഭിച്ച് നിരവധി രാജ്യങ്ങളില്‍ സമാധാനാന്തരീക്ഷം നശിപ്പിക്കുകയും ചെയ്ത തീവ്രവാദി സംഘടന മുസ്ലീം ബ്രദര്‍ഹുഡ്, പലസ്തീനയില്‍ കലാപമുയര്‍ത്തുന്ന ഹമാസ് തുടങ്ങിയ സംഘടനകളുടെ സ്ഥാപക നേതാക്കളുടെ ചിത്രങ്ങളായിരുന്നു പ്രതിഷേധക്കാര്‍ കോഴിക്കോട്ട് ഉയര്‍ത്തിക്കാട്ടിയത്.
കേരളത്തിലെ ഭൂരിപക്ഷം മുസ്ലീങ്ങളും തള്ളിക്കളഞ്ഞ ഇത്തരം തീവ്രവാദ ബന്ധങ്ങളെ കേരളത്തിലേയ്ക്ക് പറിച്ച് നടാന്‍ ആരാണ് ശ്രമിക്കുന്നത്? കേരളം പോലെയൊരു സംസ്ഥാനത്തില്‍ ഇത്തരമൊരു സംഭവം നടന്നിട്ട് സര്‍ക്കാര്‍ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാതിരുന്നത്? നിലവിലെ സാഹചര്യത്തില്‍ വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണിത്. പൊതുവെ സമാധാനകാംഷികളായ കേരളത്തിലെ മുസ്ലിം സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനും മുനമ്പം പ്രശ്‌നത്തിന്റെ പേരില്‍ മുറിവേറ്റ ക്രൈസ്തവ സമുദായത്തെയും മുസ്ലിം സമുദായത്തെയും തമ്മില്‍ വീണ്ടും സംഘര്‍ഷത്തിലേക്ക് തള്ളി വിടാനും മാത്രമേ ഈ പ്രകടനം സമായിക്കൂ എന്ന് പല സാമൂഹ്യ നിരീക്ഷകരും അഭിപ്രായപ്പെട്ടു.
ജമാ അത്ത് ഇസ്ലാമിയുടെ പിന്തുണയോടെ നടത്തപ്പെട്ട ഈ തീവ്രവാദ പ്രകടനങ്ങളെ സമസ്തയും സിറാജ് പത്രവും വിമര്‍ശിച്ചെങ്കിലും, ഇത്ര വലിയ ഒരു നിയമ ലംഘനം നാട്ടില്‍ നടന്നിട്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതുവരെ പ്രതികരിച്ചില്ല എന്നത് മറ്റ് ന്യുനപക്ഷ-ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ആശങ്ക ജനിപ്പിക്കുന്നു.
ഈജിപ്റ്റിലെ മുസ്ലീം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്ന, ബ്രദര്‍ഹുഡ് നേതാവായ സയ്യിദ് ഖുതുബ്, ഹമാസ് നേതാക്കളായ അഹമ്മദ് യാസിന്‍, യഹ്യ സിന്‍വാര്‍ എന്നിവരുടെ ഫോട്ടോകളാണ് പ്രതിഷേധത്തില്‍ ഉപയോഗിച്ചത്. തീവ്ര ഇസ്ലാമിസ്റ്റ് ആശയങ്ങളുടെ സ്ഥാപകര്‍ എന്ന നിലയില്‍ അല്‍ ഖ്വായിദ പോലുള്ള ഭീകര സംഘടകളുടെ ആശയങ്ങള്‍ക്ക് പ്രചോദനമായ ചിന്താധാരകള്‍ മുന്നോട്ടുവച്ചവരെ ഇന്ത്യയിലെ സമരങ്ങളൂടെ മുഖങ്ങളാക്കി മാറ്റുന്നു എന്ന വിമര്‍ശനം ഇപ്പോള്‍ തന്നെ ശക്തമാണ്. അതുകൊണ്ട് തന്നെ മുസ്ലിം ബ്രദര്‍ഹുഡ് കേരളത്തില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്
മുമ്പ് ഹമാസ് നേതാക്കളുടെയും മറ്റും ചിത്രങ്ങള്‍ ആനപ്പുറത്ത് എഴുന്നെള്ളിച്ചത് കേരളം കണ്ടതാണെന്നും ഇപ്പോള്‍ ഇവരുടെ സ്നേഹം ഹമാസില്‍ നിന്നും പോയി മുസ്ലിം ബ്രദര്‍ഹുഡിലേക്ക് വരെ എത്തിയിരിക്കുന്നത് കൂടുതല്‍ അപകടകരമാണെന്നും സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത് പണിയ്ക്കര്‍ പറയുന്നു. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയിലായിരുന്നു അദേഹത്തിന്റെ പ്രതികരണം.
ഇന്ത്യ മുസ്ലീം ബ്രദര്‍ഹുഡിനെ നിരോധിച്ചിട്ടില്ല എന്നാണ് ഇവരുടെ പ്രധാന ന്യായീകരണം. എന്നാല്‍ ഇന്ത്യയ്ക്ക് എതിരെ ഇതുവരെ മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തിക്കാത്തിടത്തോളം ഇന്ത്യയ്ക്ക് ഈ സംഘടനയെ നിരോധിക്കേണ്ട കാര്യമില്ല എന്നതാണ് വസ്തുത. യുഎഇ, സൗദി, സിറിയ എന്നിവിടങ്ങളിലെല്ലാം നിരോധിച്ച സംഘടനയാണ് മുസ്ലിം ബ്രദര്‍ഹുഡ്. ഈജിപ്റ്റിലെ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസന്നുള്‍ ബന്ന, മറ്റൊരു നേതാവായ സയ്യിദ് ഇബ്രാഹിം ഹുസൈന്‍ ഷാദിലി ഖുതുബ് എന്ന സയ്യിദ് ഖുതുബ് എന്നിവര്‍ ഹമാസ് ഭീകരരേക്കാള്‍ അപകടകാരികളായ ഭീകരവാദികളാണ്.
സയ്യിദ് ഖുതുബിന്റെ സന്ദേശങ്ങളാണ് അല്‍ക്വയ്ദ പോലുള്ള ഭീകര സംഘടനകള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇസ്ലാം ഭരണം ലോകമാകെ വേണമെന്നും ശരിയത് നിയമമാണ് ലോകത്തെങ്ങും നടപ്പിലാക്കേണ്ടതെന്നും പറയുന്ന മതമൗലികവാദ സന്ദേശങ്ങളാണ് സയ്യിദ് ഖുതുബിന്റേത്. ഇദേഹത്തിന്റെ മതമൗലികവാദം പ്രചരിപ്പിക്കുന്ന വഴിയടയാളങ്ങള്‍ എന്ന പുസ്തകത്തിന്റെ പേരിലാണ് ഈജിപ്റ്റ് സര്‍ക്കാര്‍ സയ്യിദ് ഖുതുബിന്റെ പേരില്‍ വധശിക്ഷ വിധിച്ചത് പോലും.

അതുപോലെ ഇസ്ലാമിക മത സാഹിത്യം കേന്ദ്രീകരിച്ചുള്ള ഭീകര പ്രത്യയശാസ്ത്രം അവതരിപ്പിച്ചുകൊണ്ടുള്ള ഹസനുല്‍-ബന്നയുടെ രചനകളാണ് ഇന്ന് കാണുന്ന ഇസ്ലാമിക ഭീകരതയുടെ ബൗദ്ധികമായ അടിത്തറ. ഹസനുല്‍-ബന്ന ഈജിപ്റ്റില്‍ വെച്ച് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഈ തീവ്രവാദി നേതാക്കള്‍ നമ്മുടെ നാട്ടിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്തിരിക്കുന്നത്. പൊളിറ്റിക്കല്‍ ഇസ്ലാമിനെ ഇവിടെ ടൂളായി ഉപയോഗിക്കുകയാണെന്ന് ശ്രീജിത് പണിയ്ക്കര്‍ പറയുന്നു.
എന്താണ് വഖഫ് പോലൊരു വിഷയത്തില്‍ ഇത്തരം നേതാക്കള്‍ക്കുള്ള പ്രസക്തി. ഇവര്‍ എന്തുകൊണ്ടായിരിക്കാം ഒരു ആഗോള മുസ്ലീം വിഷയമായി ഇതിനെ കാണുന്നത്. വഖഫ് വിഷയത്തില്‍ പ്രതിഷേധിച്ച സംഘടനകളുടെ നേതാക്കളും ചിത്രത്തിലെ നേതാക്കളുടെ സംഘടനകളും തമ്മില്‍ എന്താണ് ബന്ധം? ഇതെല്ലാം തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്.
നമ്മുടെ ചില നിയമങ്ങളും വിധികളും ചിലര്‍ക്ക് പ്രതികൂലമാകാം. അതില്‍ അവര്‍ക്ക് പ്രതികരിക്കാനും പ്രതിഷേധിക്കാനും ഉള്ള അവകാശം സുപ്രീം കോടതി പോലും അനുവദിച്ചിട്ടുണ്ട്. ജനാധിപത്യപരമായ വിഷയത്തിലുള്ള പ്രതിഷേധ പ്രകടനത്തില്‍ പോലും ജനാധിപത്യവിരുദ്ധരായ സംഘടനാ നേതാക്കളെ ഉപയോഗിക്കാന്‍ ഇവര്‍ക്ക് പ്രേരണയായത്, ഒരുപക്ഷെ ഇത്തരം ചിത്രങ്ങള്‍ മുമ്പ് ഉപയോഗിച്ചപ്പോള്‍ നടപടിയൊന്നും ഉണ്ടായില്ല എന്നതുകൊണ്ടായിരിക്കാം.
ജനാധിപത്യത്തേയും മതേതരത്വത്തേയും അംഗീകരിക്കുന്ന നമ്മുടെ നാട്ടില്‍ എന്തിനാണ് റാഡിക്കല്‍ ഇസ്ലാമിന്റെ ഗോഡ്ഫാദര്‍ പരിവേഷം ഉള്ള വ്യക്തിയെ ഒരു സമര പരിപാടിയില്‍ അവതരിപ്പിക്കുന്നത്? ഇക്കാര്യങ്ങളിലെല്ലാം വലിയ ആശങ്കയാണ് പൊതുജനത്തിന് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരം നേതാക്കള്‍ക്ക് നമ്മുടെ രാജ്യം ഒരു കാലത്തും പിന്തുണ നല്‍കിയിരുന്നില്ല. അത് ഏത് സര്‍ക്കാര്‍ ഭരിച്ചിരുന്ന സമയത്താണെങ്കിലും. ഇത്തരം നേതാക്കളല്ല നമ്മുടെ രാജ്യത്തെ ജനധിപത്യത്തേയും മതേതരത്വത്തേയും പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ടു തന്നെ നമ്മുടെ നാട്ടില്‍ ഈ സംഘടനകളൊക്കെ നിരോധിക്കപ്പെട്ടതാണോ? ഈ നേതാക്കളൊക്കെ തീവ്രവാദികളായിട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നതിന് അപ്പുറം ഇവര്‍ക്കെന്താണ് വഖഫ് സംരക്ഷണ പ്രതിഷേധത്തില്‍ പങ്ക് എന്നതാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്നത്.
ഇവരാരും തന്നെ വഖഫ് നിയമത്തെ ഒരു തരത്തിലും സ്വാധീനച്ചവരല്ല. ഇങ്ങനെയുള്ള കൊടുംകുറ്റവാളികളുടെ ചിത്രങ്ങള്‍ നമ്മുടെ നാട്ടിലെ ഒരു ജനകീയ വിഷയത്തില്‍ കൊണ്ടുവരുമ്പോള്‍ അത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് പിന്നില്‍ ശരിയായിട്ടുള്ള ലക്ഷ്യമല്ല എന്നത് വളരെ വ്യക്തമാണ്. തീവ്രവാദികളേയും അതുവഴി തീവ്രവാദത്തേയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണ്ടേതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.