കോഴിക്കോട്: കോഴിക്കോട് ലത്തീൻ രൂപതയെ അതിരൂപതയായി ഉയർത്തി. ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വായിച്ചു. ഡോ. വർഗീസ് ചക്കാലയ്ക്കൽ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പാകും.
കേരള ലത്തീൻ സഭയിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട് അതിരൂപത. കണ്ണൂർ, സുൽത്താൻപേട്ട് രൂപതകൾ ഇനി മുതൽ കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ വരും.
അതിരൂപത പ്രഖ്യാപനത്തിന് പിന്നാലെ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ദൈവത്തോട് നന്ദി പറഞ്ഞു. ചിക്കാഗോയിൽ ധ്യാനം കുറിക്കുമ്പോൾ ആണ് കോഴിക്കോട് അതിരൂപതയാകുമെന്ന വിവരം ആദ്യമായി അറിഞ്ഞത്. വിവരം അറിഞ്ഞ് ക്ലൂ തരാമോ എന്ന് മാധ്യമങ്ങളുൾപ്പെടെ പലരും ചോദിച്ചിരുന്നു. എന്നാൽ രഹസ്യമായി വെക്കേണ്ടതിനാൽ മനസിൽ തന്നെ വെച്ചുവെന്നും ഡോ. വർഗീസ് ചക്കാലക്കൽ പ്രതികരിച്ചു. വിസ്മയങ്ങളുടെ ദൈവം ജീവിതത്തിലേക്ക് വന്നുവെന്നും അതിരൂപത പ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് രൂപത ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അദേഹം പ്രതികരിച്ചു.
മലബാറിന് ലഭിച്ച ഓശാന സമ്മാനമാണ് കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തിയതെന്ന് മാർ ജോസഫ് പാംപ്ലാനി ആശംസയർപ്പിച്ചുകൊണ്ട് പറഞ്ഞു. മലബാറിലെ കുടിയേറ്റ ജനതയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണ്. അതിരൂപത പദവിയും ആർച്ച് ബിഷപ്പ് പദവിയും ഒരുമിച്ച് ലഭിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അദേഹം പറഞ്ഞു.
കണ്ണൂർ രൂപതാ മെത്രാൻ അലക്സ് വടക്കുംതല, താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, സുൽത്താൻ പേട്ട് മെത്രാൻ ആന്റണി സാമി തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, എം.കെ.രാഘവൻ എം.പി, ടി.സിദ്ദിഖ് എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളെത്തി ആശംസകൾ അർപ്പിച്ചു.
വത്തിക്കാനിൽ നടന്ന പ്രഖ്യാപനത്തിലാണ് കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തിയത്. 1923 ജൂണ്‍ 12 നാണ് കോഴിക്കോട് രൂപത നിലവില്‍ വന്നത്. കോഴിക്കോട് രൂപത രൂപീകൃതമായി 102 വര്‍ഷം പിന്നിടുമ്പോഴാണ് രൂപതയെ അതിരൂപതയായി ഉയര്‍ത്തുന്നത്. 2012 ലാണ് വര്‍ഗീസ് ചക്കാലയ്ക്കൽ കോഴിക്കോട് ബിഷപ്പായി ചുമതലയേറ്റത്. തൃശൂര്‍ മാള സ്വദേശിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.